Labels

Showing posts with label രാഷ്ട്രീയം. Show all posts
Showing posts with label രാഷ്ട്രീയം. Show all posts

Monday, 9 April 2012

ജാതിക്കണ്ണ്‍ തുറപ്പിക്കുന്ന അഞ്ചാം മന്ത്രി..

ജാതി ചിന്തിച്ചും പറഞ്ഞും പ്രവര്‍ത്തിച്ചും മനുഷ്യത്വം മറന്നു പോയിരുന്ന ഒരു കറുത്ത കാലഘട്ടത്തിന്‍റെ കരാള ഹസ്തങ്ങളില്‍ നിന്ന് കേരളക്കര മോചിതമായത് നൂറ്റാണ്ടു നീണ്ടു നിന്ന സാമൂഹിക പരിഷ്ക്കരണ പ്രവര്‍ത്തനങ്ങളിലൂടെയാണ്. വഴിനടക്കാനും ദേവാലയങ്ങളില്‍ പോകാനും പൊതു സ്ഥലം ഉപയോഗിക്കാനും എല്ലാ ജാതിക്കും അവകാശമുണ്ടായിട്ട് അര നൂറ്റാണ്ട് കഴിഞ്ഞിട്ടേയുള്ളൂ. കേരളത്തിലെ ജാതി കോമരങ്ങള്‍ തുള്ളിയാര്‍ക്കുന്നതുകണ്ട് ഇവിടം ഭ്രാന്താലയമാണ്‌ എന്ന് പരിതപിച്ചുപോയ സ്വാമിജിയെയും അങ്ങനെയൊരു കരിപുരണ്ട കാലത്ത് നിന്നും നമ്മുടെ നാടിനെ കൈപിടിച്ചുയര്‍ത്തിയ ശ്രീനാരായണ ഗുരുവിനെയും, അയ്യങ്കാളിയെയും മറ്റനേകം നവോത്ഥാന നായകരെയും കഴിഞ്ഞ കുറച്ചു ദിവസമായി വല്ലാതെ ഓര്‍ത്തു പോകുന്നു. കേരളത്തില്‍ മുസ്ലിം സമുദായത്തില്‍ നിന്ന് ഒരു പുതിയ മന്ത്രി വന്നാല്‍ തകര്‍ന്നു പോകാന്‍ മാത്രം കെട്ടുറപ്പില്ലാത്ത ഒരു മത സൗഹാര്‍ദ്ദ അന്തരീക്ഷമാണോ ഒരു നൂറ്റാണ്ടിലേറെ കാലം സാമൂഹിക പരിഷ്കര്‍ത്താക്കള്‍ പടവെട്ടി നേടിയെടുത്തത് എന്നും സംശയിച്ചു പോകുന്നു.

ജാതി മത ശക്തികളുടെ പിന്തുണ കൊണ്ടാണ് തിരഞ്ഞെടുപ്പ് വിജയിച്ചത് എന്നോ, അധികാരത്തില്‍ എത്തിയത് എന്നോ ഇന്ത്യന്‍ നാഷണല്‍ കൊണ്ഗ്രസ്സോ കമ്മ്യൂണിസ്റ്റു പാര്‍ട്ടികളോ ഒരിക്കലും സമ്മതിച്ചു തരില്ല. മാത്രമല്ല, ജാതി സംഘടനകളുടെ വോട്ടു കൊണ്ടാണ് എതിരാളികള്‍ വിജയിച്ചത് എന്ന് ഗുരുതരമായ ഒരു ആരോപണമായി വെക്കുകയും ചെയ്യും. അമേധ്യം എറിഞ്ഞു ഒരാളെ നാറ്റിക്കുന്നതിനേക്കാള്‍ നാറ്റമുണ്ടാക്കുന്നതാണ് അത്തരമൊരു ആരോപണം. കാരണം കേരളത്തിന്‍റെ പൊതു മണ്ഡലം അങ്ങനെയാണ് നവോത്ഥാന കാലത്തിനു ശേഷം രൂപപ്പെട്ടിട്ടുള്ളത്. പരസ്യമായി ജാതി പറയുന്നതും, ചോദിക്കുന്നതും ജാതിക്കു വേണ്ടി വാദിക്കുന്നതും മോശമായതും പരിഷ്കൃത സമൂഹത്തിനു ചേരാത്തതുമാണ് എന്ന് ഉപമനസ്സില്‍ എവിടെയോ കോറിയിട്ടിട്ടുണ്ട്. ഉള്ളിന്‍റെയുള്ളില്‍ പഴകിയ ജാതി ചിന്തകള്‍ മങ്ങി കിടക്കുന്ന ആളുകള്‍ക്ക് പരസ്യമായി അത് കേരള സമൂഹത്തിനു മുന്നില്‍ പറയാന്‍ മടിയുമുണ്ട്.

അങ്ങനെ ഒരു സാഹചര്യത്തിലാണ് അഞ്ചാം മന്ത്രി ചര്‍ച്ചയാവുന്നത് . 72 MLA മാരുടെ പിന്തുണയില്‍ നിലക്കുന്ന യുഡിഎഫ് സര്‍ക്കാരില്‍ രണ്ടാം കക്ഷിയായ മുസ്ലിം ലീഗ് ഒരു മത്രി കൂടെ വേണമെന്ന് ആവശ്യപ്പെടുന്നു. അത് ചോദിക്കാന്‍ ലീഗിന് അര്‍ഹതയുണ്ടെന്നു എല്ലാ കോണ്‍ഗ്രസ് നേതാക്കളും മന്ത്രിസഭ ഉണ്ടായ ദിവസം മുതല്‍ പറയുന്നു. ലീഗ് അതൊരു ആവശ്യമായി ഉന്നയിച്ചപ്പോള്‍ സാമുദായിക സംതുലിതാവസ്ഥ തകര്‍ന്നു പോകുമെന്ന് പേടിക്കുന്നു, പ്രചരിപ്പിക്കുന്നു. തികച്ചും രാഷ്ട്രീയമാണ് ലീഗിന്‍റെ ആവശ്യം. ഇരുപതു എമ്മെല്ലേ ഉള്ള പാര്‍ട്ടിയാണത്. 38 MLA ഉള്ള കോണ്‍ഗ്രസിന്‌ 10 മന്ത്രിമാരാണ് ഉള്ളതെങ്കില്‍ 20 MLA മാര്‍ ഉള്ള ലീഗിന് ആര് മന്ത്രിമാരെ ആവശ്യപ്പെടാനും കണക്കനുസരിച്ച് ലഭിക്കാനും അര്‍ഹതയുണ്ട്. അത് സമുദായത്തിന്‍റെ കണക്കില്‍ അല്ല; യു ഡി എഫിലെ രണ്ടാമത്തെ രാഷ്ട്രീയ പാര്‍ട്ടി എന്ന ഗണത്തിലാണ്. മാത്രമല്ല, തിരഞ്ഞെടുപ്പില്‍ അമ്പേ തകര്‍ന്നു പോകുമായിരുന്ന കോണ്‍ഗ്രസിനെ താങ്ങി നിര്‍ത്തിയ പാര്‍ട്ടി എന്ന നിലയിലും കൂടിയാണ്. 82 സീറ്റില്‍ മത്സരിച്ച കോണ്‍ഗ്രസ്‌ 38 എണ്ണത്തില്‍ മാത്രമേ ജയിച്ചുള്ളൂ. 85 സീറ്റില്‍ മത്സരിച്ച സിപിഎമ്മാകട്ടെ 45 സീറ്റില്‍ വിജയിച്ചു. കൊല്ലം, ഇടുക്കി, കോഴിക്കോട്, കാസര്‍ഗോഡ്‌ ജില്ലകളില്‍ കോണ്‍ഗ്രസിന്‌ എമ്മെല്ലേ മാര്‍ ഇല്ല എന്നതും ഓര്‍ക്കണം. മന്ത്രിക്കാര്യത്തില്‍ വഷളത്തരം മാത്രം വിളമ്പി കോണ്‍ഗ്രസിനെ ഉപദേശിക്കുന്ന സുകുമാരന്‍ നായരുടെ സംഘടനയുടെ ആസ്ഥാനം നിലകൊള്ളുന്ന കോട്ടയം ജില്ലയിലും തൊട്ടടുത്ത ആലപ്പുഴ ജില്ലയിലും കോണ്‍ഗ്രസിന്‌ രണ്ടു വീതമാണ് സീറ്റുകള്‍.

മന്ത്രി തര്‍ക്കം മുറുകി വന്ന ഘട്ടത്തില്‍ കോണ്‍ഗ്രസിലെ ചില ഉന്നത കുലജാതരാണ് ജാതി സമവാക്യത്തിന്‍റെ താളം തെറ്റാന്‍ പോകുന്നു എന്നാ കണ്ടുപിടുത്തം നടത്തിയത്. അങ്ങനെ പേടിയുള്ള നേതാക്കള്‍ ചെയ്യേണ്ടത് തിരഞ്ഞെടുപ്പില്‍ സ്വന്തം ജാതിക്കാരെ കൊണ്ട് കോണ്‍ഗ്രസിന്‌ വോട്ടു ചെയ്യിപ്പിച്ചു കൂടുതല്‍ സീറ്റുകള്‍ നേടണമായിരുന്നു. അതിനു കഴിയില്ല എന്നകാര്യം ജാതി പറയുന്ന കോണ്‍ഗ്രസ്‌ നേതാക്കള്‍ക്ക് നന്നായി അറിയാം. പെരുന്നയില്‍ നിന്നോ പാലായില്‍ നിന്നോ ചേര്‍ത്തലയില്‍ നിന്നോ മര്‍ക്കസില്‍ നിന്നോ തിട്ടൂരമിറക്കിയാലൊന്നും ജനം വോട്ടു ചെയ്യില്ല. പാണക്കാട്ടു നിന്ന് പറഞ്ഞാല്‍ വോട്ടു ചെയ്യുന്നത്, തങ്ങള്‍ ആത്മീയ നേതാവായത് കൊണ്ടല്ല, മുസ്ലിം ലീഗിന്‍റെ പ്രസിഡന്റ്‌ ആയതു കൊണ്ടാണ്. അല്ലെങ്കില്‍ മലപ്പുറത്ത്‌ എത്രയോ തങ്ങന്മാര്‍ ഉണ്ട്.... കാന്തപുരം സുന്നി ഗ്രൂപ്പിലും കുറെ അധികം തങ്ങന്മാര്‍ ഉണ്ട്. അവര്‍ പറയുന്നതെല്ലാം മുസ്ലിംകള്‍ കേള്‍ക്കുക കൂടി ഇല്ലല്ലോ. ചുരുക്കത്തില്‍ ജാതി നോക്കിയല്ല കേരളത്തിന്‍റെ രാഷ്ട്രീയം തിരിയുന്നത്. എങ്കിലും ജാതി പറയുന്ന വെള്ളാപ്പള്ളിയുടെയും സുകുമാരന്‍ നായരുടെയും വായ്‌ നാറ്റം നാം നിരന്തരം അനുഭവിക്കേണ്ടി വരുന്നു. യു ഡീ എഫിലെ ഘടക കക്ഷികള്‍ തമ്മില്‍ ചര്‍ച്ച ചെയ്തു തീര്‍ക്കേണ്ട പ്രശ്നത്തില്‍ ഈ രണ്ടു വിടുവായന്മാര്‍ക്ക് എന്താണ് കാര്യം എന്ന് അന്വേഷിച്ചാല്‍ സത്യം വെളിവാകും. അവര്‍ അവരുടെ ജാതിക്കു എന്തെങ്കിലും മെച്ചമുണ്ടാകുമെന്നു കരുതിയോ സ്വന്തമായി എന്തെങ്കിലും നേട്ടമുണ്ടാകുമെന്നു കരുതിയോ അല്ല ഇത്തരം പ്രസ്താവനകള്‍ ഇറക്കുന്നത്‌. മറിച്ചു കോണ്‍ഗ്രസിലെ ചില മൂപ്പീല്‍സുകള്‍ നിരന്തരം ആവശ്യപ്പെട്ടതിന്‍റെ ഫലമായാണ് ഈ വര്‍ഗീയത ചവര്‍ക്കുന്ന വാക്കുകള്‍ പുറത്തു വന്നത്. കേരളത്തിന്‍റെ സാമൂഹിക പരിസരം എത്രമാത്രം മലിനമാകുന്നെന്നോ എന്തുമാത്രം വര്‍ഗീയ ചിന്തകള്‍ ഈ അക്കൗണ്ടില്‍ കുടം തുറന്നു വിടപ്പെട്ട ഭൂതം പോലെ നമുക്കിടയില്‍ വ്യാപിക്കുന്നെന്നോ പ്രസ്താവന ഇറക്കുന്നവരോ അതിനു പ്രേരിപ്പിക്കുന്നവരോ തിരിച്ചറിയുന്നില്ല.

അഞ്ചാം മന്ത്രി ചര്‍ച്ചകള്‍ കേരളത്തിന്‍റെ സാമൂഹിക വികസനത്തെ അരനൂറ്റാണ്ട് പുറകോട്ടു വലിച്ചിട്ടുണ്ട്. രാഷ്ട്രീയമായ ഒരുകാര്യത്തെ സാമുദായികമായും വര്‍ഗീയമായും വ്യാഖ്യാനിച്ച നേതാക്കളും ജാതി നേതാക്കളും "കൊടി കെട്ടിയ" മാധ്യമ സുഹൃത്തുക്കളും നിര്‍ബ്ബന്ധമായും ചില കണക്കുകള്‍ ഒത്തു നോക്കണം. മുസ്ലിം സമുദായത്തിലെ ഒരു സംഘടനയും ഒരു മന്ത്രി കൂടി വേണമെന്ന് ഇതുവരെ ആവശ്യപ്പെട്ടിട്ടില്ല. സമുദായത്തിന്‍റെ കാര്യം നോക്കാന്‍ ലീഗിനെ കുത്തക പാട്ടത്തിനു കൊടുത്തത് കൊണ്ടല്ല അവരാരും ഇതൊന്നും ആവശ്യപ്പെടാതിരുന്നത്. മറിച്ചു ലീഗിനെ സമുദായത്തിന്‍റെ പാര്‍ട്ടി എന്നനിലയില്‍ അല്ല മുസ്ലിം സംഘടനകള്‍ വ്യാഖ്യാനിക്കുന്നത്. കോണ്‍ഗ്രസ്‌, കമ്മ്യൂണിസ്റ്റ്‌, ബിജെപി തുടങ്ങി കാക്കതൊള്ളായിരം പാര്‍ട്ടികള്‍ക്കിടയിലെ ഒരു പാര്‍ട്ടി മാത്രമായാണ് കാണുന്നത്.

മേല്പറഞ്ഞതെല്ലാം മാറ്റിവച്ച് സമുദായ കണക്കുകള്‍ പരിശോധിച്ചാലോ...സോഷ്യല്‍ നെറ്റ്‌വര്‍ക്ക് സൈറ്റുകളില്‍ കാണുന്ന ചില കണക്കുകള്‍ വാദത്തിനു വേണ്ടി ഇവിടെ കുറിക്കട്ടെ. യു ഡി എഫിലെ ആകെ MLA മാര്‍ 72 . ഹിന്ദു -26 മന്ത്രിമാര്‍ -9 സ്പീക്കര്‍ 1, മുസ്ലിം MLA മാര്‍ 27 , മന്ത്രിമാര്‍ 5 , ക്രിസ്ത്യന്‍ MLA മാര്‍ 19 , മന്ത്രിമാര്‍ 5 +1 ( അനൂപ്‌) ഡെപ്യൂട്ടി സ്പീക്കര്‍ 1 , ചീഫ് വിപ്പ് 1. മന്ത്രി സഭ നിലനിര്‍ത്തുന്നതില്‍ ഏറ്റവും കൂടുതല്‍ പിന്തുണ നല്‍കുന്ന സമുദായത്തിന് ഒരു പദവി കൂടി ലഭിച്ചാല്‍ എന്താ ..... ആകാശം ഇടിഞ്ഞു വീഴുമോ.... ഒരു കാര്യം, ഈ കണക്കുകള്‍ ഇതേവരെ ഒരു ലീഗ് നേതാക്കളോ മുസ്ലിം സംഘടനകളോ ഉന്നയിച്ചിട്ടില്ല എന്നോര്‍ക്കണം.

വര്‍ഗീയത മനസ്സില്‍ സൂക്ഷിക്കുകയും ഖദര്‍ ധരിക്കുകയും ചെയ്യുന്ന കോണ്‍ഗ്രസിലെ ചില ജാതി കോമരങ്ങള്‍ മാത്രമല്ല, കേരളത്തിന്‍റെ
നവോത്ഥാനത്തിനും
സാമൂഹിക പരിഷ്കരണത്തിനും ഏറെ വിയര്‍പ്പൊഴുക്കി എന്ന് അവകാശപ്പെടുന്ന കമ്മ്യൂണിസ്റ്റ്‌ പാര്‍ട്ടിയുടെ സമുന്നതരായ നേതാക്കള്‍ - വിഎസും കോടിയേരിയും വര്‍ഗീയ ധ്രുവീകരണത്തിന് വഴിവെക്കുന്ന വിധത്തിലാണ് പ്രതികരിച്ചത്. അഞ്ചാം മന്ത്രി വന്നാല്‍ സാമുദായിക സൗഹാര്‍ദ്ദം തകരുമെന്ന് ഒരു വിലയിരുത്തലും നടത്താതെ വിളിച്ചു പറഞ്ഞുകളഞ്ഞു. ഇങ്ങനെ പറയും മുന്‍പ് വി എസ് സ്വന്തം മന്ത്രിസഭയിലെ സമുദായ സംതുലിതാവസ്ഥ എങ്ങനെയായിരുന്നു എന്ന് ഒന്നു പരിശോധിക്കേണ്ടതായിരുന്നു. ആ കണക്കുകള്‍ എത്ര മോശമായിരുന്നു എന്ന് അപ്പോള്‍ മനസിലാകും. അന്ന് ഭരണ കക്ഷിയിലെ രണ്ടാമത്തെ പാര്‍ട്ടിയുടെ എല്ലാ മന്ത്രിമാരും ഒരേ ജാതിക്കാരായിരുന്നു. വി എസ ഉള്‍പ്പെടെ ആ ജാതിക്കു ഏഴു മന്ത്രിമാരായിരുന്നു. ഒരു സംഘടനയോ, രാഷ്ട്രീയ പാര്‍ട്ടിയോ, ഏതെങ്കിലും സമുദായമോ അത് തെറ്റാണെന്നോ ജാതി സമവാക്യം തെറ്റിയെന്നോ ആരോപിച്ചില്ല. ഇപ്പോള്‍ യു ഡി എഫ് മന്ത്രിസഭക്ക് മാത്രം എന്തെ ഇങ്ങനെ ഒരു വിവാദം...മന്ത്രിയെ തീരുമാനിക്കുന്നതില്‍ ജാതിയല്ല, പാര്‍ട്ടിയാണ് കാര്യം എന്നോ, കഴിവാണ് നോക്കേണ്ടത് എന്നോ, പറഞ്ഞിരുന്നതെങ്കില്‍ കമ്മ്യുണിസ്റ്റ് പാര്‍ട്ടി ഉയര്‍ത്തിപ്പിടിച്ച മൂല്യങ്ങള്‍ അവശേഷിക്കുന്നു എന്ന് പറയാമായിരുന്നു. കഷ്ടം , ദീപസ്തംഭം............ ( തുടരും)

Sunday, 18 September 2011

നമ്മുടേതല്ലാത്ത രാജ്യവും നമ്മള്‍ ഇല്ലാത്ത ജനാധിപത്യവും




കഴിഞ്ഞ പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ പത്തനംതിട്ട മണ്ഡലത്തില്‍ നിന്ന് മത്സരിച്ചു വിജയിച്ച കോണ്‍ഗ്രസ്‌ സ്ഥാനാര്‍ഥി ആന്റോ ആന്റണിക്ക് വോട്ടു ചെയ്ത ഒരു സമ്മതിദായകനാണ് ഞാന്‍. രാജ്യത്തിന്റെ വികസനത്തിനും സുരക്ഷക്കും സുസ്ഥിര ഭരണത്തിനും സര്‍വോപരി ക്ഷേമ രാഷ്ട്രം എന്ന നമ്മുടെ രാജ്യത്തിന്റെ  മുക്കാല്‍ നൂറ്റാണ്ടു കാലം പഴക്കമുള്ള സ്വപ്നം പൂവണിയിക്കുന്നതിനും വേണ്ടിയാണ് ഞാന്‍ കോണ്‍ഗ്രസ്‌ പാര്‍ട്ടിക്ക് വോട്ടു ചെയ്തത്. സുസ്ഥിര ഭരണത്തിന് വേണ്ടിയുള്ള കോണ്‍ഗ്രസ്‌ പ്രകടന പത്രിക ഞാന്‍ വിശ്വസിക്കുകയും ചെയ്തു. സര്‍വോപരി ഞാന്‍ പ്രവര്‍ത്തിക്കുന്ന മുസ്ലിം ലീഗ് പാര്‍ട്ടി കൂടി ഉള്‍ക്കൊള്ളുന്ന യുഡിഎഫ് മുന്നണിയിലെ  സ്ഥാനാര്‍ഥികളെ  വിജയിപ്പിക്കേണ്ടത് എന്റെ ഉത്തരവാദിത്തം ആണെന്നും ഞാന്‍ കരുതി. ആണവ കരാര്‍ അമേരിക്കയുമായി ഒപ്പിട്ടത് ഇവിടുത്തെ മുസ്ലിംകളുടെ വികാരത്തിന് എതിരാണ് എന്ന നിലയില്‍ ഒരു പ്രചരണം തെരഞ്ഞെടുപ്പു കാലത്തുണ്ടായിരുന്നു. അത് ശരിയല്ല എന്ന ഒരു അടയാളപ്പെടുത്തല്‍ കൂടിയായാണ് ഞാന്‍ കോണ്‍ഗ്രസിന്‌ വോട്ടു ചെയ്തത്. അമേരിക്കയുമായി ആണവ കരാര്‍ രൂപീകരിച്ചതോ  ഇറാന്‍ എന്ന രാജ്യത്തിന് യു എന്നില്‍ പിന്തുണ നല്കാതിരുന്നതോ എന്റെ അടിസ്ഥാന പ്രശ്നങ്ങളായി ഞാന്‍ കാണുന്നില്ല. ഇതൊക്കെ ഇന്ത്യയിലെ നൂറ്റി പതിനാലു കോടി ജനങ്ങളെ എങ്ങനെ ബാധിക്കുമോ അങ്ങനെ മാത്രമേ എന്നെയും ബാധിക്കൂ. ഹിന്ദുക്കളെയും ക്രിസ്ത്യാനികളെയും ബാധിക്കുന്നത് പോലെ മാത്രമേ മുസ്ലിംകളെയും ബാധിക്കൂ.

ഇന്ത്യന്‍ ജനാധിപത്യത്തില്‍ പൊതുജനം കഴുതയാണ്‌ എന്ന തത്വം പറയുന്നതും പ്രചരിപ്പിക്കുന്നതും രാഷ്ട്രീയ നേതാക്കളാണ്. പരസ്യമായി അത് പറയില്ല. ഓരോ തീരുമാനങ്ങളിലൂടെയും ഭരണ തന്ത്രത്തിലൂടെയും തെളിയിക്കും. ജനം ഓരോ തെരെഞ്ഞെടുപ്പിലൂടെയും അത് ശരിവെക്കും. ഞാനും ഈ ജനത്തിന്റെ ഭാഗമാണെന്നു തെളിയിച്ചു.



ഈ സര്‍ക്കാര്‍ അധികാരത്തില്‍ കയറിയതിനു ശേഷം പെട്രോളിന് 12  രൂപയാണ് കൂടിയത്. കഴിഞ്ഞ വര്‍ഷം പെട്രോള്‍ വില നിര്‍ണ്ണയിക്കാനുള്ള അധികാരം എണ്ണ കമ്പനികള്‍ക്ക് എഴുതി കൊടുത്തു.അതിനു ശേഷം കാര്യങ്ങള്‍ തോന്നിയ പടിയാണ് നടക്കുന്നത്. തോന്നുമ്പോഴെല്ലാം വില കൂട്ടുന്നു. 5  രൂപ കൂട്ടുന്നു, ഒരു രൂപ കുറക്കുന്നു, 3 രൂപ കൂട്ടുന്നു 70 പൈസ കുറക്കുന്നു. നാല് മാസത്തിനിടയില്‍ രണ്ടു തവണയാണ് വില കൂട്ടിയത്. ആഗോള വിപണിയില്‍ വില കൂടിയപ്പോള്‍ ഇവിടെയും കൂട്ടി. എന്നാല്‍ അവിടെ കുറഞ്ഞപ്പോള്‍ ഇവിടെ കുറക്കാന്‍ ആരും പറഞ്ഞില്ല. വീണ്ടും വിലകൂട്ടാന്‍ ഒരു കാരണവും ഇല്ലാതിരുന്നപ്പോള്‍ ഒരവസരം വീണു കിട്ടി. അമേരിക്കന്‍ സായിപ്പ് അവരുടെ സാമ്പത്തിക നില ഭദ്രമാക്കാന്‍ ചില പൊടിക്കൈകള്‍ കാണിച്ചു. ലോക മാര്‍ക്കറ്റില്‍ (ചന്തയില്‍ തന്നെ) തുണിയുരിഞ്ഞു ലേലത്തിനു വെച്ച "ഡോളാര്‍ " ന്റെ മൂല്യം ഉയര്‍ത്താനാണ് സായിപ്പിന്റെ ശ്രമം. അതിനിടയില്‍ നമ്മുടെ പ്രധാനമന്ത്രിയും, ധനകാര്യ മന്ത്രിയും, കരുതല്‍ ബാങ്ക് (റിസര്‍വ് ബാങ്ക്) ഗവേര്‍ണരും മറ്റു സാമ്പത്തിക കാര്യ വിദഗ്ദന്‍ മാരും വിവിധ  സാമ്പത്തിക- വ്യവസായ -വികസന സെമിനാറുകളില്‍ സുരക്ഷിതമെന്ന് വിളിച്ചു കൂവിയ രൂപയുടെ മൂല്യം ഇടിഞ്ഞു. അതോടെ പെട്രോള്‍ വില വര്‍ധിപ്പിക്കണം എന്ന് കമ്പനികള്‍ ആവശ്യപ്പെട്ടു. പിന്നെ കാത്തു നില്‍ക്കാതെ അവര്‍ യോഗം കൂടി അങ്ങ് വര്‍ധിപ്പിച്ചു. ആരോടും ചോദിക്കേണ്ട, ആരും പറയണ്ട. തോന്നിയപടി ചെയ്യാനുള്ള മഹത്തായ അധികാരം കമ്പനിക്കാര്‍ക്ക് തീറെഴുതി നല്‍കിയിട്ടുണ്ടല്ലോ.


പ്രധാന മന്ത്രിയും സഹ മന്ത്രിമാരും നാഴികക്ക് നാല്‍പ്പതു വട്ടം ആണയിടുന്ന നമ്മുടെ "മഹത്തായ രാജ്യം" എന്ത് മഹത്തരമാണ്....!! അത്ഭുതം കൊണ്ട് കണ്ണ് മിഴിച്ചു പോകും. ജനങ്ങളുടെ വോട്ടുവാങ്ങി പെട്രോളിയം കമ്പനിക്കാര്‍ക്കും ടെലിഫോണ്‍ കമ്പനിക്കാര്‍ക്കും ഖനി മുതലാളിമാര്‍ക്കും വിദേശ രാജ്യത്തിലെ മഹാന്‍ മാര്‍ക്കും വേണ്ടി വോട്ടു ചെയ്ത ജനങ്ങളെ കഴുത്തു ഞെരിക്കുന്ന ഒരു സംഘം ആളുകളുടെ  മഹത്തായ നാട്. അല്ലെങ്കില്‍, സ്വന്തം കഴുത്തും വയറും ഞെരിച്ചു പൊട്ടിക്കാന്‍ ഓരോ അഞ്ചു വര്‍ഷവും ആരാച്ചാര്‍ മാരെ വോട്ടിട്ട് തെരഞ്ഞെടുക്കുന്ന നൂറ്റി പതിനാലുകോടി ജനങ്ങള്‍ ജീവിക്കുന്ന നാട്. മുഖത്ത് ചവിട്ടുമ്പോള്‍ കാലു ചുംബിക്കുന്ന മഹത്തായ പാരമ്പര്യം നാം കാത്തു സൂക്ഷിക്കുന്നതില്‍ നന്നായി  അഭിമാനിക്കണം. ചരിത്രാതീത കാലം മുതല്‍ ഈ ഉദാത്ത മാതൃക നമ്മുടെ രാജ്യത്ത് നിലവിലുണ്ടല്ലോ.....!!!


രാജ്യത്ത് വാര്‍ത്ത വിനിമയ രംഗത്ത് വിപ്ലവം സൃഷ്ടിക്കാന്‍ ഇറങ്ങി തിരിച്ച ചിലര്‍ 2G കേസില്‍ കുടുങ്ങി ഇപ്പോള്‍ തീഹാര്‍ ജയിലില്‍ വിശ്രമത്തിലാണ്. ലേലം ചെയ്യാതെ കരാറുകള്‍ ഉണ്ടാക്കിയതില്‍ വച്ച് ആ മഹാന്മാരായ വിപ്ലവ കാരന്മാര്‍ക്കും വിപ്ലവ കാരികള്‍ക്കും ലഭിച്ച കോടികളുടെ കണക്കുകള്‍ കണ്ടു കോടതിക്ക് കണ്ണ് തള്ളിപ്പോയി. കയ്യിലേയും കാലിലെയും വിരലുകളെല്ലാം ഉപയോഗിച്ച് മടുത്ത സുപ്രീം കോടതി, കോടതിയിലെ ജീവനക്കാരെയും വഴിയെ പോയവരെയുമൊക്കെ വിളിച്ചു നിര്‍ത്തി അവരുടെ വിരലുകളും ഉപയോഗിച്ച് എണ്ണിനോക്കി. എന്നിട്ടും തീരാഞ്ഞപ്പോള്‍ സര്‍ക്കാരിനോട് ചോദിച്ചു, പരലോകം വരെ നീളുന്ന ഈ അഴിമതി കാണുന്നില്ലേ എന്ന്. പ്രധാന മന്ത്രി വരെ 2G  കുരുക്കില്‍ നിന്ന് അകലെയല്ല എന്ന് എല്ലാവര്‍ക്കും നല്ല ബോധ്യമുണ്ട്. എണ്ണ കമ്പനികള്‍ക്ക് വില നിര്‍ണ്ണയ  അധികാരം തീറ് എഴുതിയത് എത്ര ലക്ഷം കോടികള്‍ വാങ്ങിയിട്ടാണെന്നു കാലം തെളിയിക്കും. ആദര്‍ശ പുംഗവന്‍ എ കെ ആന്റണി പോലും എണ്ണക്കുരുക്കില്‍   പെട്ടിട്ടുണ്ടാവണം. എണ്ണ കമ്പനികള്‍ക്ക് പിടിച്ചു നിലക്കാന്‍ കഴിയാത്തവിധം സാമ്പത്തിക പ്രതിസന്ധിയുണ്ടെന്നു പറയുന്ന ആന്റണി, ഈ രാജ്യത്തിലെ നാല്‍പ്പതു ശതമാനത്തിലേറെ ജനങ്ങള്‍ ദൈനം ദിന ജീവിതം എങ്ങനെ മുന്നോട്ടു കൊണ്ടുപോകും എന്നറിയാതെ ജീവിക്കുന്നവരാണ് എന്ന് താങ്കള്‍ക്ക് അറിയുമോ,  ജീവിക്കാന്‍ മറ്റു മാര്‍ഗമില്ലാതെ മഹാരാഷ്ട്രയിലും കര്‍ണ്ണാടകയിലും ബംഗാളിലും ഈ കൊച്ചു കേരളത്തില്‍ പോലും ആത്മഹത്യ ചെയ്യുന്ന എത്രയോ ലക്ഷം ജനങ്ങള്‍ ഉണ്ടെന്നു അറിയാമോ,  എണ്ണ കമ്പനികളുടെ നഷ്ടം തീര്‍ക്കാന്‍ ആ ഭാരം മുഴുവന്‍ കെട്ടി വയ്ക്കുന്നത് ഈ പറയുന്ന ജനം എന്ന കഴുതകളുടെ പുറത്താണെന്ന് താങ്കളും താങ്കളുടെ ഗവര്‍മെന്റും പാര്‍ട്ടിയും ഓര്‍ക്കുന്നുണ്ടോ.... ഈ ചോദ്യങ്ങളെല്ലാം ഞാന്‍ ഇവിടിരുന്നു ചോദിക്കുന്നു എന്നലാതെ താങ്കള്‍ ഉത്തരം പറയുകയോ  എണ്ണ വില കുറയ്ക്കുകയോ ചെയ്യില്ലെന്ന് എനിക്കറിയാം.. എങ്കിലും ചോദിച്ചു പോകുന്നതാണ്...

ഞങ്ങള്‍ എന്തിനായിരുന്നു വോട്ടു ചെയ്തത്...? ഇങ്ങനെ കൊല്ലാ കൊല ചെയ്യാന്‍ ഈ നാട്ടിലെ ജനങ്ങള്‍ എന്ത് ദ്രോഹമാണ് കേന്ദ്ര സര്‍ക്കാരിനോട്  ചെയ്തത്.... ?

അഴിമതിയുടെ പുതിയ പുതിയ കഥകള്‍ ഓരോ ദിവസവും പുറത്തു വരികയും അതില്‍പ്പെട്ടു കേന്ദ്ര മന്ത്രിമാര്‍ ഓരോരുത്തരായി പുറത്തു പോവുകയും ചെയ്യുന്നത് ഞങ്ങള്‍ കാണുന്നുണ്ട്. വിമാനം വാങ്ങിയതില്‍ അഴിമതി, ഗെയിംസ് നടത്തിയതില്‍ അഴിമതി, ഫ്ലാറ്റ് പണിഞ്ഞതില്‍ അഴിമതി, പ്രതിരോധ സേനയില്‍ ആയുധം വാങ്ങിയതില്‍ അഴിമതി, 2G , 3G  സ്പെക്ട്രം ലേലത്തില്‍ അഴിമതി,  ഐ എസ് ആര്‍ ഓ യില്‍ അഴിമതി, പരിശുദ്ധ  ഹജ്ജു കര്‍മ്മത്തിന്  ആളെ അയക്കുന്നതില്‍ പോലും അഴിമതി.  അത് തടയാന്‍ ഒരു സംവിധാനം വേണമെന്ന്   പറഞ്ഞാല്‍  അത് അരാഷ്ട്രീയ  വാദം....!!!!

ക്ഷേമ രാഷ്ട്രം സ്ഥാപിക്കുക എന്നതായിരുന്നു ഈ രാജ്യത്തിന്റെ ശില്‍പികള്‍ ലക്‌ഷ്യം വച്ചത്. ജനപക്ഷത് നില്‍ക്കുന്ന തീരുമാനങ്ങളും  നടപടികളും അവര്‍ക്കുണ്ടായിരുന്നു. രാഷ്ട്രീയക്കാരും വ്യവസായ മാടമ്പികളും കൊള്ളക്കാരും കള്ളപ്പണക്കാരും അഴിമതിക്കാരും ഇടനിലക്കാരും ഒക്കെ ചേര്‍ന്ന ഒരു ദൂഷിത വലയത്തിലാണ് നമ്മുടെ രാജ്യം ഇന്ന് നിലനില്‍ക്കുന്നത്. അതിന്‍റെ എല്ലാ സംവിധാനങ്ങളും ഇന്ന് അഴിമതിയിലും കൊള്ളരുതായ്മയിലും ആണ്ടുകിടക്കുന്നു. ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യം എന്ന് നാം അഭിമാനം കൊള്ളുമ്പോഴും ജനാധിപത്യവ്യവസ്ഥിതിയുടെ ഒരു മൂല്യം പോലും ഉള്‍ക്കൊല്ലുന്നവരല്ല രാജ്യം ഭരിക്കുന്നതും ഭരണ സംവിധാനങ്ങള്‍ നിയന്ത്രിക്കുന്നതും. ഉദ്യോഗസ്ഥര്‍ നേതൃത്വം കൊടുക്കുന്ന ഒരു ലോബിയാണ് എല്ലാം നിയന്ത്രിക്കുന്നത്‌ എന്നറിയാന്‍ ഏതെങ്കിലും ഒരു സര്‍ക്കാര്‍ ഓഫീസി സന്ദര്‍ശിച്ചാല്‍ മതിയല്ലോ. നമ്മുടെ പണം വാങ്ങി നമ്മുടെ സേവകരായി ജോലി ചെയ്യുന്നവര്‍ നമ്മുടെ അവകാശങ്ങളും അധികാരങ്ങളും കവര്‍ന്നെടുക്കുന്ന കാഴ്ച വില്ലജ് ഓഫീസി മുതല്‍ പാര്‍ലമെന്റ് വരെ കാണാം. വേലക്കാര്‍ യജമാനന്മാരായി വാഴുന്ന പ്രതിലോമ ജനാധിപത്യം ഇവിടെ നിലനില്‍ക്കുന്നു. രാജ്യത്തിലെ അഴിമതി ഇല്ലാതാക്കാന്‍ ആര്‍ക്കും കഴിയാത്തവിധം ഈ സംവിധാനങ്ങള്‍ ഒക്കെ അഴിമതിയില്‍ മുങ്ങി നില്‍ക്കുകയാണ്.

ജനാധിപത്യത്തില്‍ പരസ്പരം കടന്നു കയറാന്‍ കഴിയാത്ത വിധം മൂന്നു തൂണുകള്‍ - പാര്‍ലമെന്റ്, ജുഡീഷ്യറി, എക്സിക്യുട്ടിവ് രൂപീകരിച്ചിരിക്കുന്നത് ഒരിക്കലും ഒരു പൌരനു നീതി ലഭിക്കാതെ പോകരുത് എന്ന് കരുതിയും നമ്മുടെ ജനാധിപത്യ രീതികള്‍ അതിന്‍റേതായ രൂപത്തില്‍ നിലനില്‍ക്കണം എന്ന് കരുതിയുമാണ്. ഇതില്‍ ഒരു കാരണവശാലും വഴി വിട്ടു പോകാന്‍ പാടില്ലാത്ത നിയമ വ്യവസ്ഥിതി പോലും ഇന്ന് താളം തെറ്റി പോയിരിക്കുന്നു. രാജ്യത്തെ ജഡ്ജിമാരില്‍ വലിയൊരു ശതമാനം അഴിമതിക്കാരാണ് എന്ന് കാല്‍ നൂറ്റാണ്ടു മുന്‍പാണ് ജസ്റ്റിസ്‌ വി ആര്‍ കൃഷ്ണയ്യര്‍ പറഞ്ഞത്. അന്ന് അത്രയും ആയിരുന്നെങ്കില്‍ ഇന്ന് എത്രയോ ഇരട്ടിയായിരിക്കും ജുഡീ ഷ്യറി യിലെ അഴിമതി....

പിന്നെ പ്രതീക്ഷിക്കേണ്ടത് നാലാം തൂണായ മാധ്യമങ്ങളിലാണ്. പക്ഷെ പത്രം സാമൂഹിക ധര്‍മ്മം നിറവേറ്റാനുള്ള ഒരു വേദി എന്ന കാലത്തുനിന്നു വളര്‍ന്നു ഒരു വ്യവസായവും ലാഭം ലഭിക്കുന്ന മേഖലയും ആയി മാറുകയും അച്ചടിക്കുകയും പ്രസിദ്ധീകരിക്കുകയും ചെയ്യുന്ന അക്ഷരങ്ങള്‍ക്ക് യാതൊരു വിശ്വാസ്യതയും ഇല്ലാതാകുമ്പോള്‍ നമുക്കത് അടച്ചു വെക്കേണ്ടി വരുന്നു. സ്ഥാപിത താല്‍പ്പര്യത്തിന്റെ മാധ്യമ പ്രവര്‍ത്തനം. വലിയ വിശ്വാസ്യത നടിച്ച പ്രമുഖരായ പല മാധ്യമ പ്രവര്‍ത്തകരുടെയും പുറം പൂച്ചുകള്‍ അഴിഞ്ഞു വീഴുന്നത് കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി നാം കാണുന്നു.

ജനാധിപത്യത്തില്‍ ഭരണ പക്ഷവും പ്രതിപക്ഷവും ഉണ്ട്. ഒരാള്‍ മോശമായാല്‍ തിരുത്താന്‍ മറ്റൊരാള്‍. എല്ലാ നിയമ  നിര്‍മ്മാണ സഭകളിലും ഭരണ പക്ഷവും പ്രതിപക്ഷവും ഉണ്ട്. നമ്മുടെ രാജ്യത്തെ പ്രതിപക്ഷവും ഭരണ പക്ഷവും ഒരു നാണയത്തിന്റെ ഒരു വശമാണ്. മറുവശം പോലുമല്ല. ആര് അധികാരത്തില്‍ വന്നാലും സ്ഥിതിഗതികള്‍ മാറില്ലെന്ന് ചുരുക്കം. ജനാധിപത്യത്തിന്റെ മറ്റൊരു ആശ്വാസമാണ് ബഹു പാര്‍ട്ടി സംവിധാനം. ഒരു പാര്‍ട്ടിയില്‍ വിശ്വാസം നഷടപ്പെടുമ്പോള്‍ പ്രവര്‍ത്തിക്കാനും വോട്ടു ചെയ്യാനും മറ്റൊരു പാര്‍ട്ടി. ഒരു നേതാവ് പിഴക്കുമ്പോള്‍ പിഴചെയ്യാത്ത മറ്റൊരാള്‍. അങ്ങനെ ആശ്വസിക്കാനും നമുക്കിന്നു കഴിയുന്നില്ല. എല്ലാവരും ഒരേ അച്ചില്‍ വാര്‍ത്ത ശില്പങ്ങള്‍. ഒരേ പ്രവര്‍ത്തികള്‍. ഖാദര്‍ ഇട്ടവരും കാവി ഉടുത്തവരും ചെങ്കൊടി പിടിച്ചവരും മത രാഷ്ട്രീയത്തിന്റെ വിശുദ്ധി അവകാശപ്പെട്ടവരും എല്ലാം അഴിമതിയുടെ കാര്യത്തില്‍ തുല്യര്‍. ജനങ്ങളുടെ കാര്യവും അവരുടെ അവകാശവും അവരുടെ ക്ഷേമവും അധികാരത്തില്‍ എത്തുമ്പോള്‍ മറക്കുകയും പ്രതിപക്ഷത്തിരിക്കുമ്പോള്‍ സൌകര്യാര്‍ത്ഥം ഓര്‍ക്കുകയും ചെയ്യുന്നവര്‍.

നമ്മുടെ രാജ്യത്തിന്റെ ശാപവും അത് തന്നെയാണ്. മാറി പരീക്ഷിക്കാന്‍ ആരുമില്ലാത്ത അവസ്ഥ. സംശുദ്ധി അവകാശപ്പെടുന്ന ഒരു സംവിധാനവും ഇല്ലാത്ത സ്ഥിതി. അഴിമതിക്ക് എതിരായി സമരം നടത്തിയ അണ്ണാ ഹസാരെക്ക് പണം കൊടുത്തതും വിദേശ ലോബികള്‍. ആരെയാണ് നാം വിശ്വസിക്കേണ്ടത്.....? ആര്‍ക്കു പിന്നിലാണ് നാം അണിനിരക്കേണ്ടത്.. .....? വിശ്വാസം നഷ്ടപ്പെട്ടു പോകുന്നു, ഈ രാജ്യത്തോടും അതിന്‍റെ സംവിധാനങ്ങളോടും പ്രതികരണ ശേഷി നശിച്ച ജനതയോടും.

ഇപ്പോള്‍ പെട്രോള്‍ വില വര്‍ദ്ധിച്ചതിന്റെ പേരില്‍ ഓട്ടോ റിക്ഷക്കാര്‍ കൂലി ഇരട്ടിയാക്കി. അവരുടെ കൂലി കേട്ടാല്‍ തോന്നുക പെട്രോള്‍ വില തുള്ളിക്കാണ് കൂട്ടിയത് എന്ന്. പഴവും പച്ചക്കറിയുമൊക്കെ ഇപ്പോള്‍തന്നെ പൊള്ളുന്ന വിലക്കാണ്‌ വാങ്ങുന്നത്. ഉപ്പുമുതല്‍ കര്‍പ്പൂരം വരെ എല്ലാ ഉല്‍പ്പന്നങ്ങള്‍ക്കും വിലകൂടിയിട്ടുണ്ട്. അത് ഔദ്യോഗികമായി പ്രഖ്യാപിച്ച വിലക്കയറ്റം അല്ല. എന്ന കമ്പനികള്‍ക്ക് സ്വയം നിര്‍ണ്ണയ അധികാരം ഉള്ളത് പോലെ നാട്ടിലെ പച്ചക്കറി കടക്കാരനും പലചരക്ക് വ്യാപാരിയും പഴങ്ങള്‍ വില്‍ക്കുന്ന കടക്കാരും ഒക്കെ അവര്‍ വില്‍ക്കുന്ന വസ്തുക്കള്‍ക്ക് വില നിര്‍ണ്ണയിക്കാനുള്ള അവകാശം പണ്ട് മുതലേ സ്വന്തമാക്കിയിട്ടുണ്ട്.

സത്യത്തില്‍ ഏറ്റവും ആത്മ നിന്ദയോടെയാണ്  ഞാന്‍ ഇതെഴുതുന്നത്. ഒരു യു ഡി എഫു കാരന്‍ ആയിപ്പോയതില്‍ എനിക്ക് കുറ്റബോധം ഉണ്ട്.  കോണ്‍ഗ്രസ് ചിഹ്നത്തില്‍   വോട്ടു ചെയ്യേണ്ടി വന്നതില്‍ അതിയായ ആത്മ നിന്ദ ഉണ്ട്. ഈ രാജ്യത്ത് ഈ കാലയളവില്‍ ജീവിക്കേണ്ടി വന്നതില്‍ പോലും ഞാന്‍ ദുഖിക്കുന്നു. കേന്ദ്ര സര്‍ക്കാരിന്റെ തോന്ന്യവാസത്തിനു ഞാനും കൂട്ടുനിന്നതായി എനിക്ക് തോന്നുന്നു. എന്റെ മണ്ഡലത്തില്‍ നിന്നും ഞാന്‍ വോട്ടു ചെയ്ത സ്ഥാനാര്‍ഥി ഈ പൊതു വികാരം തിരിച്ചറിയാതെ പോകുന്നതിലും ഞാന്‍ ദുഖിക്കുന്നു. വോട്ടു ചെയ്തു വിജയിപ്പിച്ചവരെ തിരിച്ചു വിളിക്കാന്‍ എന്തെങ്കിലും വഴിയുണ്ടായിരുന്നെങ്കില്‍ ഞാനത് ഉപയോഗിച്ചേനെ. അങ്ങനെ ഒന്ന് ഇല്ലാത്തതു മഹത്തായ ഈ രാജ്യത്തിലെ അതി മഹത്തായ ജനാധിപത്യത്തിന്റെ ആത്യധികം മഹത്തായ നേതാക്കളുടെ ഭാഗ്യം.

പൊള്ളയായ ഈ ജനാധിപത്യത്തെയും , കള്ളന്മാരായ അതിന്റെ ഉപയോക്താക്കളായ സര്‍ക്കാരിനെയും ഞാന്‍ വെറുക്കുന്നു.  സര്‍ക്കാരിന്‍റെ മുഖത്തേക്ക് ഞാന്‍  കാറി തുപ്പുന്നു. സര്‍ക്കാരിനെയും ജനങ്ങളെ പട്ടിണിക്കിടാന്‍ കാരണക്കാര്‍ ആകുന്ന സര്‍ക്കാരിന്‍റെ എല്ലാ സംവിധാനങ്ങളെയും ഞാന്‍ ശപിക്കുന്നു... 

Tuesday, 31 May 2011

ജയിച്ചിട്ടും തോല്‍ക്കുന്ന ലീഗ്


        സംസ്ഥാനത്ത് ഇക്കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ഏറ്റവും കൂടുതല്‍ സ്ട്രൈക്ക് റേറ്റ് രേഖപ്പെടുത്തിയ പാര്‍ട്ടി മുസ്ലിം ലീഗാണ്. മത്സരിച്ച ഇരുപത്തി  നാല് സീറ്റില്‍ ഇരുപതിലും വിജയിക്കാന്‍ പാര്‍ട്ടിക്ക് കഴിഞ്ഞു. പാര്‍ട്ടിയുടെ തലതൊട്ടപ്പനായ കുഞ്ഞാപ്പാക്ക് സംസ്ഥാനത്തെ ഏറ്റവും ഉയര്‍ന്ന രണ്ടാമത്തെ ഭൂരിപക്ഷവും നല്‍കി. സുന്നികള്‍ക്കും ജമാ അത്തിനും എന്‍ ഡി എഫിനും അനഭിമതരായ കെ എം ഷാജിയും എം കെ മുനീറും നേരിയ വോട്ടുകള്‍ക്ക് വിജയിച്ചു. ജയിച്ച ഇരുപതു പേരും പെരുമയുള്ളവര്‍. കൊമ്പന്‍മാരും വമ്പന്‍മാരും.

തീവ്രത പോരെന്നു പറഞ്ഞു ലീഗ് വിട്ടവരും അഭിനവ തീവ്രക്കാരും ഒരുപോലെ പ്രശംസിച്ച വിജയം. എതിരാളികളെ എറിഞ്ഞു വീഴ്ത്തിയ രാഷ്ട്രീയ തന്ത്രം.  കടും പച്ച യുടെ പര്യായമായി "മലപ്പുറം" എന്ന് കൂടി നിഘണ്ടുവില്‍ എഴുതി ചേര്‍ക്കാന്‍ ഭാഷാ വിദഗ്ധര്‍. അഞ്ചു മന്ത്രിയും സ്പീക്കര്‍ പോസ്റ്റും ഉറപ്പെന്ന് എല്ലാവരും ഒരുമിച്ചെഴുതി. വിമര്‍ശകരും അന്തംവിട്ടിരിക്കുകയായിരുന്നു. അപ്പോഴാണ്‌ കുഞ്ഞാപ്പയുടെ പ്രഖ്യാപനം. ലീഗ് അവിഹിതമായി ഒന്നും ചോദിക്കില്ല. അധികമൊന്നും വാങ്ങുകയും ഇല്ല. നാലില്‍ കൂടുതല്‍ ചോദിക്കില്ലെന്ന് അനൗദ്യോഗിക പ്രഖ്യാപനങ്ങള്‍. കുഞ്ഞാപ്പക്കു പുറമേ ഉമ്മന്‍ ചാണ്ടിയും ചെന്നിത്തലയും ഇതൊക്കെ ഊന്നി പറഞ്ഞു. ലീഗ് മന്ത്രിമാരുടെ കാര്യം ചര്‍ച്ച വന്നപ്പോഴും കുഞ്ഞാപ്പക്കു പുറമേ ടി. എ. അഹമദ് കബീറും മഞ്ഞളാം കുഴി അലിയും അബ്ദുല്‍  റബ്ബും. ആരും കുറ്റം പറഞ്ഞില്ല.

മുന്നണി രാഷ്ട്രീയത്തിലെ മാന്യമായ ഇടപാട് എന്ന് എല്ലാവരും പറഞ്ഞു. പക്ഷെ കാര്യങ്ങള്‍ തകിടം മറിഞ്ഞത് പെട്ടെന്നായിരുന്നു. ഒരു സുപ്രഭാതത്തില്‍ ലീഗിന്റെ അഞ്ചു മന്ത്രിമാരെയും അവരുടെ വകുപ്പുകളും പാണക്കാട് തങ്ങള്‍ തിരുവനതപുരത്ത് പ്രഖ്യാപിച്ചു കളഞ്ഞു. ഒപ്പം ഒന്നായിരുന്ന തദ്ദേശ സ്വയം ഭരണ വകുപ്പ് മൂന്നായി വീതിച്ചു സിംഹ ഭാഗം പുലിക്കു കൊടുത്തു. അപ്രതീക്ഷിതമായി മുനീറും ഇബ്രാഹിം കുഞ്ഞും പട്ടികയില്‍ വന്നു.

ഗ്രൗണ്ടില്‍ മിന്നുന്ന സെഞ്ചുറി അടിച്ച ക്രിക്കറ്റ് കളിക്കാരന്‍, ജനം അയാളുടെ സെഞ്ചുറി ആഘോഷിക്കുന്ന ആരവങ്ങള്‍ക്കിടയില്‍ തുണി ഇല്ലാതെ ഓടിയാല്‍ എങ്ങനെയിരിക്കും....?


ലീഗും അതുപോലെ നാണം കെട്ടു. അറിഞ്ഞവര്‍ അറിഞ്ഞവര്‍ ചൊറിഞ്ഞു. അറിയാത്തപിള്ളമാര്‍ അറിഞ്ഞു. വിമര്‍ശനത്തില്‍ കുഞ്ഞാപ്പയോ കുഞ്ഞോ കുട്ടിയോ കുലുങ്ങിയില്ല. എന്നാല്‍ ചാണ്ടി ഒട്ടു അയഞ്ഞതുമില്ല. നാടകം അടുത്ത അങ്കം അണിയറയിലും അരങ്ങത്തുമായി തുടരുന്നു.  ചര്‍ച്ചകള്‍ പൊടിപൊടിക്കുന്നു.

ലീഗ് എന്തുകൊണ്ട് പടിക്കല്‍ കലമുടച്ചു....? എങ്ങനെ കുഞ്ഞാലിക്കുട്ടിയുടെ   ഉറ്റ ചങ്ങാതിയും തോഴനും മന്ത്രിയായി..?
അക്കഥക്കുത്തരം തേടിയാല്‍   മിന്നിത്തിളങ്ങുന്ന ആ മുഖം നമുക്കോര്‍മ്മ വരും. ചാനലുകളില്‍ ചര്‍ച്ചകളിലും മറ്റും കുഞ്ഞാലിക്കുട്ടിക്ക് ഒപ്പം ഉണ്ടായിരുന്ന മഹാനായ ലീഗ് നേതാവ് ഇ. അഹമ്മദ്‌ സാഹിബിന്റെ മുഖം. കേരളത്തില്‍ ലീഗ് നേടിയ ചരിത്ര വിജയത്തിന്റെ പ്രതിഫലമായി കേന്ദ്ര കാബിനറ്റ്‌ പദവി ഉറപ്പിക്കാനയിരുന്നു സാഹിബ് ദീര്‍ഘ നാള്‍ നാട്ടില്‍ നിന്നത്. ചര്‍ച്ചകളില്‍ വിജയകരമായി ഇതൊക്കെ അവതരിപ്പിക്കുകയും ചെയ്തു. നാട്ടിലെ നേതാക്കള്‍ ഒക്കെ ഒരു വിധം സമ്മതിച്ചു. ലീഗിന്റെ മന്ത്രിമാര്‍ ഇവിടെ നാലും കേന്ദ്രത്തില്‍ കാബിനറ്റ്‌ ഒന്നും ചേര്‍ന്ന് അഞ്ചെണ്ണം. ബാക്കി ചര്‍ച്ചകള്‍ പൂര്‍ത്തീകരിക്കാന്‍ ഡല്‍ഹിക്ക് പോയ സാഹിബ് അവിടെ ചെന്നപ്പോഴാണ് കോണ്‍ഗ്രസ് നേതാക്കളുടെ തനി നിറം കണ്ടത്. ഹജ്ജു പോലും വിറ്റു കാശാക്കിയ ഒരാളെ കാബിനറ്റില്‍ എടുക്കില്ലെന്ന്. സ്പെക്ട്രം പോലെ വലുതല്ലല്ലോ ഇതെന്ന് സാഹിബു പറഞ്ഞു നോക്കി. കളി അന്തോനിയോടോ....? രായിക്ക് രാമാനം പണ്ട് കരുണാകര്‍ജിയോടും ചാണ്ടിയോടും ചേര്‍ന്ന് മുഖ്യ മന്ത്രിക്കസേരയില്‍ നിന്ന് ഇറക്കി വിട്ടതിന്റെ കലിപ്പ് തീര്‍ക്കാനല്ല എന്ന മുഖവുരയോടെ ആ മോഹം വെട്ടി കൈയില്‍ കൊടുത്തു. അങ്ങനെ സാഹിബ് തിരികെ വണ്ടികയറി. വന്നപാടെ നേതൃത്വ ഗൂഡാലോചനക്കാരെ വിളിച്ചു വരുത്തി എടുത്ത തീരുമാനമായിരുന്നു അഞ്ചാം മന്ത്രി. ലിസ്റ്റ് വെട്ടിയും തിരുത്തിയും മന്ത്രിമാരെ വീതം വെച്ചു. തങ്ങളെ കൊണ്ട് പ്രഖ്യാപിപ്പിച്ചാല്‍ നടന്നേക്കും എന്നാണ് കരുതിയത്‌. പാണക്കാട് പ്രഖ്യാപിച്ചാല്‍ കേള്‍ക്കേണ്ടവര്‍ കേള്‍ക്കില്ല എന്ന് തോന്നിയത് കൊണ്ട് തങ്ങളെ തലസ്ഥാനത്തേക്ക് കൊണ്ടുവന്നായിരുന്നു പ്രഖ്യാപനം.

പക്ഷെ ഞാണില്‍ കളിക്കുന്ന സര്‍ക്കാരിനെ നയിക്കുന്ന കോണ്‍ഗ്രസ്‌ അയഞ്ഞില്ല. പോയാല്‍ പുല്ലു പോട്ടെ എന്നാണ് അവസാനം ഉമ്മന്‍ചാണ്ടിയും കൂട്ടരും പറഞ്ഞത്. ലീഗിന്റെ പ്രഖ്യാപനത്തെ അവര്‍ ഒട്ടും ഭയക്കുന്നില്ല എന്ന് തന്നെയാണ് മനസിലാക്കേണ്ടത്. എന്ത് വന്നാലും ലീഗ് അധികാരത്തില്‍ നിന്ന് മാറി നില്ക്കാന്‍ കുഞ്ഞാലിക്കുട്ടി സമ്മതിക്കില്ല എന്ന് ചാണ്ടിക്ക് നന്നായി അറിയാം. മന്ത്രി ആയില്ലെങ്കില്‍ അകത്തുപോകുന്ന തരത്തിലാണ് കാര്യങ്ങള്‍. ഇരുപത്തി ഒന്നാം മന്ത്രിയായി ലീഗുകാരന്‍ വന്നാല്‍ പിന്നെ പീസീ ജോര്‍ജിനെയും മന്ത്രിയാക്കണം. വഴിയെ പോകുന്ന ഏതെങ്കിലും ഒരു എമ്മെല്ലേ  കേറിവന്നാലും മന്ത്രി ആക്കെണ്ടേ...!

തിരഞ്ഞെടുപ്പ് രംഗത്ത് സജീവമായിരുന്ന ഇ. ടി. മുഹമ്മദ്‌ ബഷീര്‍ ഉള്‍പ്പെടെയുള്ള നേതാക്കളെ ഈ ചര്‍ച്ചകളിലൊന്നും കണ്ടില്ല. വീണ്ടു വിചാരമില്ലാത്ത കസേരകളി ലീഗിനെ നാണം കെടുത്തി എന്നല്ലാതെ എന്ത് പറയാന്‍. ഡല്‍ഹി ലീഗുകാരനും കുഞ്ഞാപ്പയും ഫോര്‍വാഡ് കളിച്ചു മുന്നേറുമ്പോള്‍ ലീഗ് സംഘടനാപരമായി പിന്നിലേക്ക്‌ പോകുകയാണ്. അധികാരത്തിനു വേണ്ടി അഭിമാനം വിറ്റു തുലക്കുന്നത് ജനം തിരിച്ചറിയുമെന്നും ഇനിയും തിരഞ്ഞെടുപ്പുകള്‍ വരുമെന്നും കുഞ്ഞാപ്പയും കൂട്ടുകാരും ഓര്‍ക്കുന്നെങ്കില്‍ നല്ലത്.