കഴിഞ്ഞ ദിവസം പത്തനംതിട്ട നഗരത്തിലെ പലചരക്ക് മൊത്തക്കച്ചവടക്കാരനായ ഒരു സുഹൃത്തുമായി സംസാരിച്ചു കൊണ്ടിരിക്കുമ്പോള്‍ അദ്ദേഹത്തിന് ഒരു ഫോണ്‍ വന്നു. കടയില്‍ നിന്ന് അദ്ദേഹത്തിന്റെ അക്കൌണ്ടന്റ് ആണ് വിളിച്ചത്. കടയില്‍ വാണിജ്യ നികുതി ഉദ്യോഗസ്ഥര്‍ പരിശോധനക്ക് എത്തിയത്രെ. ആകെ ദിവസ വരുമാനം മൂവായിരം രൂപയാണെന്ന് അക്കൌണ്ടന്റ് പറഞ്ഞുവത്രേ. അതിനുള്ള രേഖകളും നല്‍കി. സുഹൃത്ത് അക്കൌന്ടന്റിനെ ശകാരിച്ചു. അത്രയും കൂടുതല്‍ പറയേണ്ടിയിരുന്നില്ല. പരിശോധനക്ക് വന്ന ഉദ്യോഗസ്ഥനെക്കുറിച്ചു ചോദിച്ചറിഞ്ഞ ശേഷം ഫോണ്‍ വെച്ചു. ഉടന്‍ തന്നെ ആ വാണിജ്യ നികുതി ഉദ്യോഗസ്ഥനെ ഫോണില്‍ വിളിച്ചു.
" ഹലോ സാര്‍...."
.................
" ഞാന്‍ ............... ഹാജിയാണ് ...."
..........................................
" ഇന്ന് കടയില്‍ വന്നിരുന്നു എന്നറിഞ്ഞു ..."
...........................................
"പിന്നെ ......... ആ അക്കൌണ്ടന്റ് പറഞ്ഞത്രയും എഴുതിയോ..."
..........................................
"എന്താ ഇപ്പോള്‍ ചെയ്യുക............"
.........................................................
"അത് വേണ്ട. കുറച്ചു കൂടി കുറക്കണം...."
...........................................................
" ഞാന്‍ നേരിട്ട് വന്നു കണ്ടോളാം.."
..........................................................
"ശരി..... താങ്ക്യൂ "
സുഹൃത്തിന്റെ മുഖത്തെ ഗൌരവം കണ്ടത് കൊണ്ട് കാര്യം അന്വേഷിച്ചു. അക്കൌണ്ടന്റ് കൊടുത്ത കണക്കു വെച്ചാലും കുഴപ്പം ഒന്നുമില്ല. പക്ഷെ വാര്‍ഷിക വരുമാനം കണക്കാക്കി വരുമ്പോള്‍ ചിലപ്പോള്‍ നികുതി റിട്ടേണ്‍ കൊടുക്കേണ്ടി വരും. അതൊക്കെ വല്യ ചടങ്ങാണ്.
ഇദ്ദേഹം അറിയപ്പെടുന്ന ഇസ്ലാമിക പ്രവര്‍ത്തകന്‍ ആണ്. മുസ്ലിം എന്ന് തിരിച്ചറിയാന്‍ ആവശ്യമായ അടയാളങ്ങള്‍ എപ്പോഴും ഒപ്പമുണ്ട്. മുസ്ലിം പ്രശ്നങ്ങളില്‍ അതീവ വൈകാരികമായ പ്രതികരണങ്ങളാണ് ഇദ്ദേഹത്തിനുള്ളതും. സംഭാഷണങ്ങളില്‍ എപ്പോഴും ഇസ്ലാമിക കാര്യങ്ങള്‍ കടന്നു വരികയും പ്രവാചക ചര്യകളും ഖുറാന്‍ സൂക്തങ്ങളും ഉദ്ധരിക്കുകയും ചെയ്യാറുമുണ്ട്.
അതുകൊണ്ട് തന്നെ ഞാന്‍ ചോദിച്ചു. " ടാക്സ് വെട്ടിക്കുന്നത് തെറ്റല്ലേ.."
"നമുക്കും ജീവിക്കണ്ടേ....."
"അല്ല, ഇത് നിയമ വിരുദ്ധമായ കാര്യമല്ലേ.."
" അതെ, പക്ഷെ നിയമത്തില്‍ ഇതിനൊക്കെ പഴുതുണ്ടല്ലോ....അത് ഉപയോഗിക്കുന്നതില്‍ തെറ്റില്ലല്ലോ ..."
" ടാക്സ് 'ബൈതുല്‍ മാല്‍' ( പൊതുമുതല്‍) അല്ലെ, അത് വെട്ടിക്കുന്നത് ഹറാം അല്ലെ...."
"നിന്നോട് സംസാരിച്ചാല്‍ ഈ ലോകത്ത് ജീവിക്കാന്‍ കഴിയില്ല...."
" പരലോകത്ത് ഇക്കാര്യം ചോദിക്കുമ്പോള്‍ എന്ത് പറയും ..."
" അതിനു നമ്മള്‍ സക്കാത്ത് കൊടുക്കുന്നുണ്ടല്ലോ.."
" സക്കാത്ത് നിര്‍ബന്ധമായും കൊടുക്കേണ്ട ഒന്നാണ്. അതുപോലെ തന്നെയാണ് ടാക്സും."
" വിശദമായ ചര്‍ച്ച ആവശ്യമുള്ള കാര്യമാണിത്... പിന്നെ കാണാം..."
നികുതി പൊതു മുതലാണ്. വെള്ളതിനാനെങ്കിലും വാഹനത്തിനാനെങ്കിലും ഭൂ നികുതിയാണെങ്കിലും പൊതു സമ്പത്താണ്. അത് മോഷ്ടിക്കുന്നതും വെട്ടിക്കുന്നതും ഹറാം ആണ്. കള്ളുകുടിക്കുന്നത് പോലെ, വ്യഭിച്ചരിക്കുന്നത് പോലെ, പട്ടിയുടെയും പന്നിയുടെയും മാംസം ഭക്ഷിക്കുന്നത് പോലെ, നികുതി വെട്ടിപ്പും ഹറാം തന്നെ. ഒരാളുടെ അനുവാദമില്ലാതെ അയാളുടെ വസ്തുവോ മുതലോ അപഹരിക്കുന്നതാണ് മോഷണം. നമ്മുടെ രാജ്യത്തെ നൂറ്റി പതിനാലു കോടി ജനങ്ങളുടെ പൊതു മുതലില്‍ നിന്ന് മോഷ്ടിക്കുമ്പോള്‍ അത് ഹറാം അല്ലെന്നുണ്ടോ..?!!!!
അഴിമതിയും പൊതു മുതല്‍ തട്ടിയെടുക്കുന്നതും സര്‍വ്വ സാധാരണമാവുകയും അതിന്റെ കണക്കുകള്‍ സാധാരണക്കാരന്റെ തലയിലും കണക്കു കൂട്ടു യന്ത്രങ്ങളിലും ഉള്‍ക്കൊള്ളാന്‍ കഴിയാതെ വരികയും നാട് ഭരിച്ചു കൊണ്ടിരിക്കുന്ന എല്ലാ പുഞ്ചിരിക്കുട്ടന്മാരും വോട്ടു പാര്‍ട്ടികളും അഴിമതിയുടെ കുളിമുറിയില്‍ തുണിയില്ലാതെ നില്‍ക്കുകയും ചെയ്യുന്ന കാലത്ത് ഇതൊക്കെ അത്ര വലിയ കാര്യമല്ലായിരിക്കും. പക്ഷെ ഇസ്ലാമിക വിശ്വാസിക്ക് അങ്ങനെ നിസ്സാരമായി ഇതിനെ കാണാന്‍ കഴിയില്ല.
ഏറെ തെറ്റിദ്ധരിക്കപ്പെട്ട മതമാണ് ഇസ്ലാം എന്ന് പൊതുവേ പറയാറുണ്ട്. സത്യത്തില്‍ മുസ്ലിംകള്‍ക്ക് ശരിക്കും മനസിലാകാതെ പോയ ഒരു മതമാണ് ഇസ്ലാം. സാമൂഹികാധിഷ്ടിതമായ ജീവിത രീതിയാണ് അത് മുന്നോട്ടു വെക്കുന്നത്. വ്യക്തിയും വ്യക്തിയും തമ്മിലുള്ള ഇടപാടുകള്‍ക്ക് ഏറ്റവും പ്രാധാന്യം നല്‍കുന്നുണ്ട് ഇസ്ലാം. ഇടപാടുകള്‍ നീതിയുക്തവും വിശ്വാസ്യത ഉള്ളതും, സത്യസന്ധവും ആയിരിക്കണം. പെരുമാറ്റം മാന്യവും ലളിതവും ആയിരിക്കണം. ജനങ്ങളില്‍ ഭീതി നിറയ്ക്കുന്നത് ആകരുത്.
ഒരുവന്റെ നാവില്‍ നിന്നും കൈയ്യില്‍ നിന്നും ജനങ്ങള്‍ സുരക്ഷിതര്‍ അല്ലെങ്കില്‍ അവനു മതം ഇല്ലെന്നു പ്രവാചകന്റെ അധ്യാപനങ്ങളില്‍ കാണാം. വാക്ക് കൊണ്ടും പ്രവര്‍ത്തി കൊണ്ടും ജനങ്ങളെ ഉപദ്രവിക്കരുതെന്നാണ് ഇതിന്റെ സാരം. മുസ്ലിം സമൂഹത്തെ ഇതര ജന വിഭാഗങ്ങള്‍ ഭീതിയോടെ കാണുന്നുണ്ടെങ്കില്‍ അതിനു കാരണം മുസ്ലിം സമുദായത്തിന്റെ ഉള്ളിലും തേടണം.
വലിയ ഇസ്ലാമിക പ്രവര്‍ത്തനങ്ങള്‍ നടത്തുന്നു എന്ന് അവകാശപ്പെടുന്നവര്‍ പോലും പലപ്പോഴും ഇസ്ലാമിന്റെ സത ഉള്‍ക്കൊള്ളാതെയാണ് ജീവിക്കുന്നത്. കച്ചവടത്തില്‍ സൂക്ഷ്മത പാലിക്കാന്‍ ഖുര്‍ആനും പ്രവാചക ചര്യയും പഠിപ്പിക്കുന്നു. ഒരിക്കല്‍ പ്രവാചകന്‍ മദീനയില്‍ ഒരു ഈന്തപ്പഴം വില്‍ക്കുന്ന കടക്കു സമീപമെത്തി. വില്പനയ്ക്ക് കൂട്ടിയിട്ടിരുന്ന ഈന്തപ്പഴ കൂമ്പാരത്തിലേക്ക് വിരല്‍ കൊണ്ട് കുത്തി ഇളക്കിയപ്പോള്‍ പുറത്തു കണ്ടതുപോലെ ഉണങ്ങിയ പഴമായിരുന്നില്ല ഉള്ളില്‍ ഉണ്ടായിരുന്നത്. ഇത് കണ്ടിട്ട് കച്ചവടക്കാരനോട് ജനങ്ങളെ വഞ്ചിക്കാതെ സാധനങ്ങളുടെ ന്യൂനത പറഞ്ഞു മനസിലാക്കി കച്ചവടം നടത്താന്‍ ഉപദേശിച്ചു. ഇതാണ് ഇസ്ലാം പഠിപ്പിക്കുന്ന മാന്യത. തുലാസില്‍ കൃതൃമം കാണിക്കരുതെന്ന് ഖുര്‍ ആന്‍ ശക്തമായ താക്കീതാണ് നല്‍കുന്നത്. പക്ഷെ കച്ചവടം ചെയ്യുന്ന എത്ര മുസ്ലിംകള്‍ ഇസ്ലാമിന്റെ ഈ ഉപദേശങ്ങള്‍ പാലിക്കുന്നുണ്ട് എന്ന് ആത്മ പരിശോധന നടത്തും...?
ഇസ്ലാം സാമൂഹികാധിഷ്ടിതമായ ഒരു മതം എന്ന നിലയില്‍ അനേകം പാഠങ്ങള്‍ പഠിപ്പിക്കുന്നുണ്ട്. പക്ഷെ അത് ഊന്നല്‍ നല്‍കുന്നത് വ്യക്തിയില്‍ നിന്ന് സമൂഹത്തിലേക്കു വളരുന്ന നന്മയുടെ പരിണാമമാണ്. നിയമം രൂപീകരിച്ചു നടപ്പില്‍ വരുത്തി സമൂഹത്തെ നന്നാക്കുന്ന ഒരു രീതിയല്ല പ്രവാചകന്‍ പിന്തുടര്‍ന്നത്. വ്യക്തിപരമായി നന്നാവുക. വ്യക്തിയുടെ ഗുണങ്ങള്‍ സമൂഹത്തിലേക്കു പടര്‍ത്തുക എന്ന രീതിക്കാണ് ഇസ്ലാം പ്രാധാന്യം കല്‍പ്പിക്കുന്നത്. ഒരുവന്‍ സ്വയം മാറാന്‍ തയ്യാറാകുമ്പോള്‍ കുടുംബവും അവനു ചുറ്റുമുള്ള സമൂഹവും നന്നാകുന്നു എന്ന രീതിയിലാണ് പ്രവാചകന്റെ അധ്യാപനങ്ങള്‍.
നമസ്കാരവും നോമ്പും കഴിഞ്ഞാല്‍ ഇസ്ലാമിക രാഷ്ട്രം സ്ഥാപിക്കലാണ് മുസ്ലിമിന്റെ ബാധ്യത എന്ന തരത്തില്‍ തെറ്റായ ഉല്‍ബോധനം മുസ്ലിംകളെ കാര്യമായി സ്വാധീനിച്ചിട്ടുണ്ട് എന്ന് കരുതണം. പക്ഷെ ഒരു സാമൂഹിക ജീവിക്ക് വേണ്ട അനേകം സ്വഭാവ ഗുണങ്ങള്‍ ഇസ്ലാം പഠിപ്പിക്കുന്നത് മുസ്ലിംകള്‍ മറന്നു പോകുന്നുണ്ട്. കുടുംബത്തോടും അയല്‍ക്കാരോടും കാണിക്കേണ്ട മര്യാദകള്‍ പാലിക്കപ്പെടാത്തത് ഏറെ ഗൌരവം ഉള്ളതാണ്.
ഒരു മുസ്ലിമിനെ സംബന്ധിച്ചിടത്തോളം ഓരോ പ്രവര്‍ത്തിയും സമഗ്രമായി വിലയിരുത്തണം.ഓരോ ചെറിയ പ്രവര്‍ത്തികള്‍ പോലും മരണാനന്തര ജീവിതത്തില്‍ കൂടുതല്‍ സൂക്ഷ്മമായി വിലയിരുത്തപ്പെടുമെന്ന ബോധം ഉള്‍ക്കൊണ്ടു വേണം അവന്‍ പ്രവര്‍ത്തിക്കാന്‍. എല്ലാവരും ചെയ്യുന്നത് കൊണ്ടോ നിരന്തരം ചെയ്തു പഴകിയതുകൊണ്ടോ ഒരു തെറ്റ് ശരിയായി മാറില്ല എന്ന സാമാന്യ തത്വം ഉള്‍ക്കൊണ്ടാല്‍ മതി.
ഉദാഹരണമായി പൊതുമുതല്‍ നശിപ്പിക്കുന്നതും ഗതാഗതം മുടക്കുന്നതും സര്‍വ്വ സാധാരണമായ സമര രീതിയായി ഇന്ന് മാറിയിരിക്കുന്നു. പക്ഷെ ഇസ്ലാമിക വീക്ഷണത്തില്‍ അത് അവന്റെ വിശ്വാസത്തെ പോലും ബാധിക്കുന്ന സമരമാണ്. വിശ്വാസത്തിന്റെ എഴുപതു ശാഖകളില്‍ ഒന്നാണ് മാര്‍ഗ തടസ്സം നീക്കുക എന്നത്. മാര്‍ഗം മുടക്കുന്നവന്‍ അപ്പോള്‍ എങ്ങനെ ഒരു വിശ്വാസി ആകും ..? പൊതുമുതല്‍ നശിപ്പിക്കുന്നത് ഒരു ഇസ്ലാമിക നിയമ സംഹിത അനുസരിച്ച് വിചാരണ ചെയ്യപ്പെട്ടാല്‍ മോഷണത്തെക്കാള്‍ വലിയ തെറ്റല്ലേ....?
ആന്തരിക വിമര്‍ശനത്തിന്റെ സമയം അതിക്രമിച്ചിരിക്കുന്നു. വിമര്‍ശിക്കുമ്പോള്‍ അത് ഇസ്ലാമിന് നേരെയുള്ള ആക്രമണമായി വ്യാഖ്യാനിച്ചു വാളോങ്ങുന്നത് അവസാനിപ്പിക്കണം. വിമര്‍ശകരെ ഇസ്ലാമിക വിരുദ്ധരായി കാണുന്നതിനു മുന്‍പ് വിമര്‍ശനങ്ങളില്‍ കഴമ്പുണ്ടോ എന്ന് പരിശോധിക്കാനെങ്കിലും കഴിയണം.
നിസ്സാര വിമര്‍ശനം പോലും ഉള്‍ക്കൊള്ളാന്‍ കഴിയാത്ത വിധം അടഞ്ഞ ഒരു സമൂഹമായി എത്ര കാലം നമുക്ക് പോകാന്‍ കഴിയും ...?.
ഈ നോമ്പുകാലം സ്വയം വിമര്‍ശനത്തിനുള്ള ഒരു സമയമായി കാണാന്‍ നമുക്ക് കഴിയുമോ....?
ചിലതൊക്കെ കണ്ടാല്‍ എഴുതാതിരിക്കാന്‍ കഴിയില്ല....... വായിച്ചതിനു ശേഷം നിങ്ങളുടെ അഭിപ്രായം കൂടി രേഖപ്പെടുത്തുക..
Sunday, 31 July 2011
മുസ്ലിംകള്‍ക്ക് മനസിലാകാത്ത ഇസ്ലാം......
Subscribe to:
Posts (Atom)