Saturday 30 January 2010

കാലം തിരിച്ചുവരുന്പോള്‍

മഴക്കാലമാണ്
പുലര്‍ക്കാലമൊക്കെ
ഇലച്ചാര്‍ത്തിലിറ്റും-
കിനാക്കള്‍
തെറിച്ചങ്ങുവീഴും
ശബ്ദങ്ങള്‍ കേള്‍ക്കെ
വിളിച്ചുണര്‍ത്തു-
മോര്‍മ്മ-
പ്പുറന്തോണ്ടലായി
പുറങ്കാലമേതും


നിറംപോയകാലം
പ്രണയാര്‍ദ്രമായി
കടന്നോരുകാലം
ഒരുവാക്കും മിണ്ടാ-
തേറുന്നു കാലം


ഇനിയേതുരാത്രി
വഴിച്ചൂട്ടുമായി
പടിയേറി വന്നു
വിളിക്കുമീക്കാലം


എനിക്കെന്തു കോലം
നിനെക്കെന്തുകോലം
ഏതേതുരൂപം
ഭേസിച്ചുനില്‍ക്കും
നമ്മളന്നേരം


നേരങ്ങളൊക്കെ
നാഴിക്കളന്ന്
സൂക്ഷിച്ചുവെക്കാം
വേണ്ടപ്പോഴൊക്കെ
അളന്നന്നെ തീര്‍ക്കാം
കളയേണ്ട നേരം
വരണുണ്ടുകാലം
കേട്ടില്ലേ കാതില്‍
കൂകിയടക്കും
മരണത്തിനൊച്ച


പൊറുക്കെന്‍റെ പൊന്നേ
മറക്കെന്‍റെ പൊന്നേ
കടങ്കഥയായ്
പോയൊരീ ജന്‍മം

Wednesday 27 January 2010

ചിതലരിച്ച ഓര്‍മ്മകള്‍

ഓര്‍മ്മയിലിനി
ചിതലരിച്ചു പോയവമാത്രം

അടുക്കി കെട്ടി
സൂക്ഷിച്ചിരുന്നതും
പൂട്ടിവെച്ചിരുന്നതും
ചിതലേറി
ചിലത്
ഡയറികളിലായിന്നു.


സ്മരണകോശ പേജുകള്‍
ചിതലവശേഷിപ്പിച്ചില്ല-
പുറം ചട്ടകളിലേത്
മാഞ്ഞും പോയിരുന്നു.


മുറിഞ്ഞു മുറിഞ്ഞ്
ചില പേപ്പറുകള്‍
അതിലൊക്കെ
പേരുകള്‍, സംഭവങ്ങള്‍
ദിവസങ്ങള്‍


കുറച്ചൊക്കെ
ചേരുംപടി
ചേര്‍ത്തുവായിച്ചു
ചേരാത്തവ ഉപേക്ഷിച്ചു.


എങ്കിലും
പ്ലാസ്റ്റിക്കില്‍ പൊതിഞ്ഞ
ഒരുകെട്ട്,
ചിതല്
കാണാതെപോയതോ,
ദഹിക്കില്ലെന്നു തോന്നി
ഉപേക്ഷിച്ചതോ....?


എനിക്കുവയ്യ,
ചിതലുപോലും
തുറക്കാന്‍മടിച്ച
പ്ലാസ്റ്റിക് കവചിത
ഓര്‍മ്മകള്‍ തുറക്കാന്‍


പ്രണയത്തിന്‍റെ
ദുര്‍ഗന്ധമാണെങ്കിലോ..........

Sunday 24 January 2010

ഇടവപ്പാതി പെയ്യും, ആര്‍ക്കും വേണ്ടന്കിലും

ഇടമുറിയാതെ പെയ്യു-
മിടവപ്പാതി
ഓര്‍മ്മകളും.
കറുകനാന്പിനേയും
കുളിരിടീക്കുമെന്കിലും
ഇടിപ്പേടിയുണടാക്കും.


പ്രണയമേഘങ്ങള്‍
പെയ്യാന്‍ ബാക്കിനില്‍ക്കെ
ജനാലപ്പുറത്ത്
വാഴക്കയ്യില്‍,നനഞ്ഞ്
വിറഞ്ഞൊരൊറ്റക്കുരുവിക്ക്
നെഞ്ചു തപിക്കുന്നുണ്ടാവും;
ഏറ്റുവാങ്ങാനിണക്ക്
നേരമില്ലെന്കിലും.
മഴക്കാലമല്ലെ
പുതപ്പിനടിയില്‍
മറവിക്കടിപ്പെട്ടിരിക്കും;
പുതപ്പിനുമേല്‍
ഓര്‍മ്മകള്‍-
ഇടവപ്പാതി തീര്‍ക്കുമെന്കിലും.


മഴക്കാലത്ത്
പൂക്കള്‍ പുഞ്ചിരിക്കാറുണ്ടാകും;
കാണാനാരുമില്ലെന്കിലും.
മഴയില്‍ രാത്രിക്കു ഘനംവെക്കും.
രാത്രിമഴയിലും
ഓര്‍മ്മകള്‍പെയ്തിറങ്ങും
പെയ്യാതിരിക്കാനാവില്ലല്ലോ-
മഴക്കും ഓര്‍മ്മകള്‍ക്കും


നനഞ്ഞൊട്ടി
പീടിക വരാന്തയില്‍നില്‍ക്കെ
മഴവിളിക്കും-
കൂടെനടക്കാന്‍


പോകാതിരിക്കാനാവില്ലല്ലോ
മറ്റാരും വന്നില്ലെന്കിലും

raatriyaatra

ഈ രാത്രി
നിനക്കുള്ളതാണ്
പതിയെ
ജാലകപ്പഴുതിലൂ-
ടൊരു വിരലുനീട്ടി
യെന്നെത്തൊടുക
ഒരു കാറ്റായലിഞ്ഞു
നിന്‍റെ
വിരലിലൂടിറങ്ങി വരാം
ജീവന്‍റെ
സമസ്തബന്ധനങളും
പൊട്ടട്ടെ.


എന്നിട്ടു നീ
പറക്കുക
മരങ്ങള്‍ക്കും
കുന്നിനും മീതെ
മഴക്കും പുഴക്കും മീതെ
മേഘങ്ങള്‍ക്കും മീതെ


നിന്‍റെ മുതുകത്തിരുന്ന്
ഞാന്‍ നക്ഷത്രങ്ങളെ തൊടും
അന്പിളിമാമനൊരുമ്മ കൊടുക്കും
പറവകളോടും മീനിനോടും
കൊഞ്ഞനംകുത്തും
അവരുടെ
അസൂയക്കണ്ണുകളിലേക്കു
പറിച്ചെറിയും ഞാന്
നക്ഷത്രങ്ങളെ


പിന്നെയും നീ പറക്കുക
ചക്രവാളങ്ങള്‍ക്കുമപ്പുറത്തേക്ക്
ഏഴുഭൂമിക്കു
മേഴാകാശങ്ങള്‍ക്കുമപ്പുറത്തേക്ക്
സ്വപ്നങ്ങള്‍ കരിഞ്ഞ
എന്‍റെ പാടങ്ങളില്‍നിന്നു
പുകപടലങ്ങള്‍
കാണാത്ത ലോകത്തേക്ക്


എങ്കിലും.....
എന്കിലുമൊരു കരിഞ മണം
എന്നെത്തേടിയെത്തും
ചിറകൊടിഞ്ഞ പ്രണയം
പിടയുന്ന ശബ്ദവും;
വികാരങ്ങളില്ലാത്ത
നിന്റെ ലോകത്ത്
അവക്കുകാര്യമില്ലെന്കിലും.


പ്രിയേ
നിന്റെ ചിറകൊച്ചക്കുമുന്പേ
ഒരുവരി കുറിക്കട്ടെ ഞാന്‍
യാത്രയാക്കാന്‍
ഇനിയുമെത്താത്ത
എന്റെ ജൂണ്‍മഴക്ക്;
ആദ്യാക്ഷരങ്ങളുടെ
കണ്ണീര്‍ക്കയ്പുതൊട്ട്
എനിക്കൊപ്പമായിരുന്ന
എന്റെ കൂട്ടുകാരിക്ക്


ഇല്ലെന്കിലവള്‍ കരയും
ഈരാത്രിയില്‍
എന്നെക്കാണാതെ.

Saturday 23 January 2010

മഴ

പുഴയുടെ
നെടുവീര്പ്പാണ്
മേഘങ്ങളുടെ
പേറ്റുനോവാണ്
മാനത്തിന്റെ
കണ്ണീരാണ്
മണ്ണിന്റെ
ഹര്ഷമാണ്
വേഴാന്പലിന്റെ
കാത്തിരിപ്പാണ്
.........
.........


എന്റെ
പ്രണയമാണ്
മഴ

മരണം

നിന്‍റെ
പതിഞ്ഞ കാലൊച്ച
എനിക്കു കേള്‍ക്കാം
കാതുകളുടെ
മില്ലിമീറ്റര് ദൂരെ


വിഷാദംമൂടിയ
വിരഹ സംഗീതം നിറഞ്ഞ
നിന്റെ കാലൊച്ച
മാസ്മരിക ക്ഷണം
ഞാനറിയുന്നു

എന്റെ കഴുത്തിന്റെ
മൃദുലതയില്
നിന്റെ ചൂണ്ടുവിരല് സ്പര്ശം

ഞാന് വരുന്നു
ശരീരമുപേക്ഷിച്ച്


നിറക്കൂ
എന്റെയാത്മാവിനെ
നിന്റെ കറുത്തപൂക്കളാല്

njaan

ഞാനൊരു
മുറിവാണ്
ചോരയിറ്റുന്ന
പിടക്കുന്ന
നീറ്റുന്ന
പച്ചമുറിവ്


എന്നോമുറിഞ്ഞ
പ്രണയത്തിന്‍റെ
വിരഹത്തിന്‍റെ


സ്വപ്നങ്ങളുടെ
ജീവന്‍തുടിക്കുന്ന
മുറിപ്പാതിയാണുഞാന്‍

maram peythu

പുതുമഴയിലെ
ആലിപ്പഴം പോലെ
എത്ര വേഗമാണ്
നീ അലിഞ്ഞുപോയത്.....?


ഏതുഷ്ണക്കാറ്റാണ്
സജലമായ
നിന്‍റെ സ്നേഹത്തിന്‍റെ
മേഘത്തുണ്ടുകളെ
എന്‍റെയാകാശങ്ങള്‍ക്കു
നഷ്ടമാക്കിയത്.......?


ഒരു നിമിഷാര്ദ്ധത്തില്‍
തിമിര്‍ത്തു പെയ്ത്
മണ്ണിനെ ആഴത്തില് നനച്ച്
തോര്ന്ന മഴപോലെ നീ
എങ്കിലും
ഇറ്റുവീഴുന്നുണ്ട്
മരംപെയ്ത്തുപോലെ
നിന്റെ ഔര്മ്മകള്
സ്വപ്നങ്ങളുടെ
ചില്ലകളില്നിന്നാകെ