Sunday 24 January 2010

raatriyaatra

ഈ രാത്രി
നിനക്കുള്ളതാണ്
പതിയെ
ജാലകപ്പഴുതിലൂ-
ടൊരു വിരലുനീട്ടി
യെന്നെത്തൊടുക
ഒരു കാറ്റായലിഞ്ഞു
നിന്‍റെ
വിരലിലൂടിറങ്ങി വരാം
ജീവന്‍റെ
സമസ്തബന്ധനങളും
പൊട്ടട്ടെ.


എന്നിട്ടു നീ
പറക്കുക
മരങ്ങള്‍ക്കും
കുന്നിനും മീതെ
മഴക്കും പുഴക്കും മീതെ
മേഘങ്ങള്‍ക്കും മീതെ


നിന്‍റെ മുതുകത്തിരുന്ന്
ഞാന്‍ നക്ഷത്രങ്ങളെ തൊടും
അന്പിളിമാമനൊരുമ്മ കൊടുക്കും
പറവകളോടും മീനിനോടും
കൊഞ്ഞനംകുത്തും
അവരുടെ
അസൂയക്കണ്ണുകളിലേക്കു
പറിച്ചെറിയും ഞാന്
നക്ഷത്രങ്ങളെ


പിന്നെയും നീ പറക്കുക
ചക്രവാളങ്ങള്‍ക്കുമപ്പുറത്തേക്ക്
ഏഴുഭൂമിക്കു
മേഴാകാശങ്ങള്‍ക്കുമപ്പുറത്തേക്ക്
സ്വപ്നങ്ങള്‍ കരിഞ്ഞ
എന്‍റെ പാടങ്ങളില്‍നിന്നു
പുകപടലങ്ങള്‍
കാണാത്ത ലോകത്തേക്ക്


എങ്കിലും.....
എന്കിലുമൊരു കരിഞ മണം
എന്നെത്തേടിയെത്തും
ചിറകൊടിഞ്ഞ പ്രണയം
പിടയുന്ന ശബ്ദവും;
വികാരങ്ങളില്ലാത്ത
നിന്റെ ലോകത്ത്
അവക്കുകാര്യമില്ലെന്കിലും.


പ്രിയേ
നിന്റെ ചിറകൊച്ചക്കുമുന്പേ
ഒരുവരി കുറിക്കട്ടെ ഞാന്‍
യാത്രയാക്കാന്‍
ഇനിയുമെത്താത്ത
എന്റെ ജൂണ്‍മഴക്ക്;
ആദ്യാക്ഷരങ്ങളുടെ
കണ്ണീര്‍ക്കയ്പുതൊട്ട്
എനിക്കൊപ്പമായിരുന്ന
എന്റെ കൂട്ടുകാരിക്ക്


ഇല്ലെന്കിലവള്‍ കരയും
ഈരാത്രിയില്‍
എന്നെക്കാണാതെ.

No comments:

Post a Comment