Saturday 31 August 2013

ഓന്ത്...

ഇടതു കയ്യിലെ
ചൂണ്ടാണി വിരലിന്റെ
ഉന്നത്തിലും
ഇടം കണ്ണിന്റെ
അർജ്ജുന ലക്ഷ്യത്തിലും
നിൽക്കുമ്പോൾ
പച്ച നിറമായിരുന്നു,ഒന്തിന്.
ഓങ്ങിപ്പിടിച്ച
കരിങ്കൽച്ചീള്
പതിക്കും മുമ്പ്
ഒരു നിറം മാറ്റം,
മനസ്സിന്റെ കറുത്ത തൊലിപ്പുറത്ത്
ചാടിയിരുന്ന്
ഓന്ത് അണപ്പകറ്റുമ്പോൾ
ലക്‌ഷ്യം തെറ്റി കല്ല്‌
എങ്ങോ പതിച്ചു.
ഓന്തിന്റെ ചോരക്കണ്ണിൽ നിന്ന്
ചെമപ്പു പടർന്ന്
ഹൃദയത്തിൽ
ഒരു റോസാപ്പൂ വിരിഞ്ഞെന്നും
അങ്ങനെ പ്രണയം തുടങ്ങിയെന്നും
ക്രമേണ, പ്രണയം
രൂപവും നിറവും മാറി
ഒന്തായിപ്പോയെന്നും
നാടോടിക്കഥ.


Wednesday 17 July 2013

രാജ്യകാര്യം...



പേരു മാറും മുമ്പ്
പരിശോധിച്ചിരുന്നു...
തുണിയുരിഞ്ഞും;
അപ്പോൾ തീവ്രവാദിയായിരുന്നില്ല;
പേരിലും വേരിലും.
ദേശീയത നിറഞ്ഞിരുന്നു...

ഗസറ്റ് കണ്ടപ്പോൾ
തിരിച്ചറിഞ്ഞു..
തുണിയുരിയാതെ തന്നെ...

പിന്നെ പൂരപ്പടക്കം...
നാലു തീവ്രവാദികൾ
ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടെന്നു
പത്രവാർത്ത.

രാജ്യം
അഴിമതിയിൽ നിന്നും
പട്ടിണിയിൽ നിന്നും
കടത്തിൽ നിന്നും
രക്ഷപെട്ടു...

നമ്മുടെ ഭാഗ്യം...

Tuesday 25 June 2013

മണൽ പ്രതികാരം

തൂമ്പയിൽ കോരി
കുട്ടയിലാക്കിയും കൂട്ടിയിട്ടും
വിൽക്കുമ്പോൾ,
ആദ്യമൊക്കെച്ചിരിച്ചു,
മുലക്കണ്ണിൽ കടിയേറ്റ
ഒരമ്മയുടെ വേദനയിൽ,
വാത്സല്യത്തോടെ .....

മണലുകോരിയുമായി
മുങ്ങാങ്കുഴിയിട്ടവന്റെ 
കാതിൽ, പതിയെ പറഞ്ഞു...
" കള്ളാ... മണലല്ല, മീനുകളാണ്
നിനക്കുഞാൻ കാത്തു വച്ചത്........"

മാറുനൊന്തു പിടഞ്ഞപ്പോഴും
ജലത്തിൽ, കണ്ണീരുപ്പു പടർന്നപ്പോഴും
ആരുമറിഞ്ഞില്ല, കണ്ണുകളിൽ
പ്രതികാരത്തിന്റെ
ചോരച്ചെമപ്പു നിറയുന്നത്...

പിന്നെ, മണലിന്റെ
ആർദ്രത വറ്റി,
പാറക്കൂട്ടങ്ങൾ തെളിഞ്ഞതും,
പ്രതിരോധത്തിന്റെ
ചാണക്യ തന്ത്രങ്ങളിൽ
ചതിക്കുഴിയൊരുങ്ങിയതും.
ഒഴുക്കൊരുക്കി-
ച്ചുഴിയോരുക്കി
പുഴ കാത്തിരുന്നതും.

മണലായ മണലെല്ലാം
ശേഖരിച്ച് മന്ദാകിനി,
ഒരു ദേശത്തിന്റെ
മണൽ ദാഹം തീർത്തപ്പോൾ  
പതിനാറടി ഉയരത്തിൽ
മണൽ മൂടിപ്പോയ
ഒരു കെട്ടിടം
ഓർമ്മപ്പെടുത്തുന്നത്‌
ഇത്രമാത്രം:

"സൂക്ഷിക്കണം,
മന്ദാകിനിയെപ്പൊലെ
ഓരോ നദിയും കാത്തുവെക്കുന്നുണ്ട്,
പ്രതികാരത്തിന്റെ
ചോര ക്കണ്ണുകൾ."