Tuesday 25 June 2013

മണൽ പ്രതികാരം

തൂമ്പയിൽ കോരി
കുട്ടയിലാക്കിയും കൂട്ടിയിട്ടും
വിൽക്കുമ്പോൾ,
ആദ്യമൊക്കെച്ചിരിച്ചു,
മുലക്കണ്ണിൽ കടിയേറ്റ
ഒരമ്മയുടെ വേദനയിൽ,
വാത്സല്യത്തോടെ .....

മണലുകോരിയുമായി
മുങ്ങാങ്കുഴിയിട്ടവന്റെ 
കാതിൽ, പതിയെ പറഞ്ഞു...
" കള്ളാ... മണലല്ല, മീനുകളാണ്
നിനക്കുഞാൻ കാത്തു വച്ചത്........"

മാറുനൊന്തു പിടഞ്ഞപ്പോഴും
ജലത്തിൽ, കണ്ണീരുപ്പു പടർന്നപ്പോഴും
ആരുമറിഞ്ഞില്ല, കണ്ണുകളിൽ
പ്രതികാരത്തിന്റെ
ചോരച്ചെമപ്പു നിറയുന്നത്...

പിന്നെ, മണലിന്റെ
ആർദ്രത വറ്റി,
പാറക്കൂട്ടങ്ങൾ തെളിഞ്ഞതും,
പ്രതിരോധത്തിന്റെ
ചാണക്യ തന്ത്രങ്ങളിൽ
ചതിക്കുഴിയൊരുങ്ങിയതും.
ഒഴുക്കൊരുക്കി-
ച്ചുഴിയോരുക്കി
പുഴ കാത്തിരുന്നതും.

മണലായ മണലെല്ലാം
ശേഖരിച്ച് മന്ദാകിനി,
ഒരു ദേശത്തിന്റെ
മണൽ ദാഹം തീർത്തപ്പോൾ  
പതിനാറടി ഉയരത്തിൽ
മണൽ മൂടിപ്പോയ
ഒരു കെട്ടിടം
ഓർമ്മപ്പെടുത്തുന്നത്‌
ഇത്രമാത്രം:

"സൂക്ഷിക്കണം,
മന്ദാകിനിയെപ്പൊലെ
ഓരോ നദിയും കാത്തുവെക്കുന്നുണ്ട്,
പ്രതികാരത്തിന്റെ
ചോര ക്കണ്ണുകൾ."



10 comments:

  1. സൂക്ഷിയ്ക്കണം
    സൂക്ഷിയ്ക്കണം

    പക്ഷെ സൂക്ഷിയ്ക്കേണ്ടവര്‍ കണ്ണടയ്ക്കുന്നു

    (please disable word verification)

    ReplyDelete
  2. "സൂക്ഷിക്കണം,
    മന്ദാകിനിയെപ്പൊലെ
    ഓരോ നദിയും കാത്തുവെക്കുന്നുണ്ട്,
    പ്രതികാരത്തിന്റെ
    ചോര ക്കണ്ണുകൾ."

    ReplyDelete
  3. "കള്ളാ... മണലല്ല, മീനുകളാണ്
    നിനക്കുഞാൻ കാത്തു വച്ചത്........"

    ലളിതം...മനോഹരം...പക്ഷെ കുറിക്കു കൊള്ളുന്ന വരികൾ...

    വേദനയുടെയും പ്രതികാരത്തിന്റെയും പെർഫെക്റ്റ്‌ ബ്ലെണ്ട്...

    പഴശ്ശിയുടെ യുദ്ധങ്ങൾ ലോകം കാണാൻ ഇരികുന്നതെയുള്ളു എന്നു പറഞ്ഞ പോലെ ഇനിയും ഉണ്ടാവും മന്ദാകിനിമാരുടെ കൊടും പ്രളയങ്ങൾ ! ജാഗ്രിതൈ !!

    അൻസാരിക്ക് എന്റെ ആശംസകൾ..

    ReplyDelete
    Replies
    1. ബാലു ...........ഒരുകാലത്ത് നാം കയ്യേറുന്ന നദീതീരങ്ങൽ വേറൊരു കാലത്ത് പ്രളയ യുദ്ധത്തിലൂടെ നദി തിരിച്ചു പിടിക്കുന്നു...

      Delete
  4. കാലിക പ്രസക്തിയുളള കവിത ഇഷ്ടപ്പെട്ടു...ആശംസകള്‌‍‍

    ReplyDelete
  5. സൂക്ഷിക്കണം,
    മന്ദാകിനിയെപ്പൊലെ
    ഓരോ നദിയും കാത്തുവെക്കുന്നുണ്ട്,
    പ്രതികാരത്തിന്റെ
    ചോര ക്കണ്ണുകൾ."

    കവിത ഇഷ്ടപ്പെട്ടു.. ആശംസകള്‍..

    ReplyDelete