source of the image: hafsakhawaja.wordpress.com |
ഒന്നാമത്തേത്
തിരുവനന്തപുരത്തെ മള്‍ട്ടി സ്പെഷ്യാലിട്ടി ആശുപത്രിയില്‍
"തടവില്‍" കഴിയുന്ന ബാലകൃഷ്ണ പിള്ള മൊബൈല്‍ ഫോണില്‍
സംസാരിച്ചത് റിപ്പോര്‍ട്ടര്‍ ചാനല്‍ പുറത്തു കൊണ്ടുവന്നു. ചാനല്‍ തിരക്കഥ ഇപ്രകാരം. പിള്ളയുടെ സഹായിയുടെ അല്ലെങ്കില്‍ പിള്ളയെ
കിട്ടുന്ന ഫോണില്‍ ലേഖകന്‍ വിളിക്കുന്നു. ഫോണില്‍ പിള്ള സംസാരിക്കുന്നു. എന്ത്
സംസാരിച്ചാലും അത് വാര്‍ത്തയാകുന്നു. തടവുകാരന്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നത്
കുറ്റകരം ആയതിനാല്‍ വിവാദം പുകയുന്നു. പുകഞ്ഞു കത്തുന്ന വിവാദത്തിനൊടുവില്‍ ചാനല്‍ റേറ്റിംഗ് ഉയരുന്നു. അങ്ങനെ
റിപ്പോര്‍ട്ടര്‍ ചാനല്‍ വലിയൊരു സാമൂഹിക പ്രശ്നം
ഉയര്‍ത്തിക്കൊണ്ടു വരികയും കേരളത്തിലെ മഹത്തായ വാര്‍ത്ത ചാനല്‍ ആകുകയും ചെയ്യുന്നു.
തിരക്കഥ പ്രകാരം ചാനല്‍ ലേഖകന്‍ പിള്ളയുടെ സഹായിയുടെ മൊബൈല്‍ ഫോണില്‍ വിളി ച്ച്
പിള്ളക്ക് ഫോണ്‍ കൊടുത്തു. പിള്ള ഫോണില്‍ സംസാരിച്ചു. വാളകം എന്ന സ്ഥലത്തു വച്ച് അധ്യാപകനെ ക്രൂരമായി പീഡിപ്പിച്ച
സംഭവത്തില്‍ താന്‍ നിരപരാധിയാണെന്ന് പിള്ള
പറയുന്നു. തിരക്കഥയില്‍ പറയാതിരുന്ന ഒന്ന് കൂടി ബാലകൃഷ്ണ പിള്ള
പറയുന്നു. ഞാന്‍ തടവുകാരനാണ്.... ഫോണില്‍ സംസാരിക്കാന്‍ പാടില്ലാത്തതാണ്.... എന്നെ
ഉപദ്രവിക്കരുത്... ഫോണ്‍ സംഭാഷണം ചാനലില്‍
കൊടുക്കരുത്......പ്ലീസ്.......
രണ്ടാമത്തേത്, പാര്‍വതി പുത്തനാറിലേക്ക് സ്കൂള്‍ വാന്‍ മറിഞ്ഞുണ്ടായ അപകടം വിവിധ ചാനലുകള്‍
(ഏഷ്യാനെറ്റ്, മനോരമ, ഇന്ത്യാ വിഷന്‍) റിപ്പോര്‍ട്ട് ചെയ്ത രീതി.
മാധ്യമ
പ്രവര്‍ത്തനം വലിയൊരു സാമൂഹിക ധര്‍മ്മമാണ്. വിശ്വാസ്യത, സത്യസന്ധത, സൂക്ഷ്മത,
കൃത്യത തുടങ്ങിയവയൊക്കെ മാധ്യമ പ്രവര്‍ത്തനത്തിന്‍റെ ഗുണങ്ങളാണ്. സന്ദേശം കടന്നു
പോകുന്ന ഏതു പ്രതലത്തെയും മാധ്യമം എന്ന് സാങ്കേതികമായി വിശേഷിപ്പിക്കാം. സന്ദേശം
ഒട്ടും ചോര്‍ന്നു പോകാതെ എത്തേണ്ട സ്ഥലത്ത് എത്തിക്കലാണ് മാധ്യമങ്ങളുടെ ധര്‍മം. അതായത് പത്രങ്ങളുടെയോ
ചാനലുകലുടെയോ റിപ്പോര്‍ട്ടര്‍മാരുടെയോ മുന്‍വിധികളോ താല്പര്യങ്ങളോ വിശ്വാസങ്ങളോ വാര്‍ത്തകളില്‍ പ്രതിഫലിക്കാനോ സ്വാധീനിക്കാനോ
പാടില്ല എന്നര്‍ത്ഥം. നമ്മുടെ കാലത്തെ പത്ര പ്രവര്‍ത്തനം അങ്ങനെയാണോ എന്ന് ഒന്ന്
ചിന്തിച്ചു നോക്കൂ....
അറിയാനുള്ള ജനങ്ങളുടെ അവകാശത്തിന്മേലാണ് പത്രപ്രവര്‍ത്തനം എന്ന പ്രൊഫഷന്‍
നിലനില്‍ക്കുന്നത്. എവിടെയും
വാര്‍ത്താ ലേഖകര്‍ക്ക് ഒരു പ്രത്യേക അവകാശം
(privilege) കല്‍പ്പിച്ചു നല്‍കപ്പെട്ടിട്ടുണ്ട്. വിവരങ്ങള്‍ ജനങ്ങള്‍ക്ക്
വേണ്ടി ശേഖരിക്കുന്നവര്‍ എന്നനിലയിലാണ് മാധ്യമ പ്രവര്‍ത്തകര്‍ക്ക് ഈ പ്രത്യേക
അധികാരം നല്‍കുന്നത്. അത് പക്ഷെ ചാനലുകളില്‍ കോപ്രായം കാണിക്കാനും വായില്‍
തോന്നിയത് കോതക്ക് പാട്ട് എന്ന രൂപത്തില്‍ അവതരിപ്പിക്കാനും ഉള്ളതല്ല. അനാവശ്യ വാചക
കസര്‍ത്തുകളും വിവരം കെട്ട ചോദ്യങ്ങളും അബദ്ധം നിറഞ്ഞ ഉത്തരങ്ങളുമാണ് ഇന്ന് ചാനല്‍
വാര്‍ത്തകള്‍.
പാര്‍വതി പുത്തനാറിലേക്ക് വാന്‍ മറിഞ്ഞു
സ്കൂള്‍ കുട്ടികള്‍ അപകടത്തില്‍ പെട്ട ദിവസം ദൗര്‍ഭാഗ്യവശാല്‍
ടെലിവിഷന് മുന്‍പിലായിരുന്നു ഞാന്‍. മനോരമ, ഏഷ്യാനെറ്റ്, ഇന്ത്യവിഷന്‍ എന്നീ മുഴു
സമയ വാര്‍ത്താ ചാനലുകള്‍ സംഭവം തത്സമയം പ്രക്ഷേപണം ചെയ്തു. ആദ്യ ഒരു മണിക്കൂര്‍
നേരം ഒരു ദൃശ്യവും ഒരു
ചാനലിനും ഉണ്ടായിരുന്നില്ല. സ്ഥലത്തുള്ള റിപ്പോര്‍ട്ടര്‍മാര്‍ ഫോണിലൂടെ തല്‍സമയ
ദൃശ്യ വിവരണം നല്‍കുന്നുണ്ടായിരുന്നു. വ്യക്തത തൊട്ടു തീണ്ടിയിട്ടില്ലാത്ത
വാര്‍ത്തകള്‍ വന്നുകൊണ്ടിരുന്നു. സംഭവങ്ങള്‍ തത്സമയം വിവരിക്കുമ്പോള്‍ ഉണ്ടാകുന്ന
വിഭ്രാന്തിയും അപകടം നേരിട്ടു കാണുന്നതിലെ നെഞ്ചിടിപ്പും കാരണം വാര്‍ത്തകളില്‍
പതര്‍ച്ചയും വിവരണത്തില്‍ തെറ്റുകളും ഉണ്ടാകാം. അത് ജനങ്ങള്‍ സഹിക്കും. പക്ഷെ അവിടെ
നടന്ന റിപ്പോര്‍ട്ടിംഗ് രീതി ഒരിക്കലും ചെയ്യാന്‍ പാടില്ലാത്തതും ഇനി ഒരിക്കലും
സംഭവിക്കരുതാത്തതുമാണ്.
പ്രദേശത്തുള്ള ചില രക്ഷാപ്രവര്‍ത്തകര്‍ ഫോണിലൂടെ
വിവരങ്ങള്‍ നല്‍കുന്നു. തല്‍സമയ വിവരണം. അപകടം ഉണ്ടായ വിധം,
വാനില്‍ ഉണ്ടായിരുന്ന കുട്ടികളുടെ എണ്ണം, രക്ഷാ പ്രവര്‍ത്തനങ്ങള്‍, മെഡിക്കല്‍
കോളേജിലേക്കും മറ്റു ആശുപത്രികളിലേക്കും അപകടത്തില്‍ പെട്ട കുട്ടികളെ
കൊണ്ടുപോകുന്നതിനെക്കുറിച്ച് വിവരണം, തിരിച്ചും മറിച്ചുമുള്ള അവതാരകരുടെ
ചോദ്യങ്ങള്‍, അതിനൊക്കെ നാട്ടുകാരുടെയും റിപ്പോര്‍ട്ടര്‍ മാരുടെയും മറുപടി,
......അങ്ങനെ രംഗം കൊഴുക്കുമ്പോള്‍........ മനോരമ ചാനലാണ് ഞാന്‍ അപ്പോള്‍
കാണുന്നത്. വാഹനം ഓടിച്ചിരുന്ന ഡ്രൈവറെ തിരയുകയാണെന്നു ഇടയ്ക്കു റിപ്പോര്‍ട്ടര്‍
പറയുന്നുണ്ട്. അവസാനം അവര്‍ അയാളെ കണ്ടുപിടിച്ചു. നാട്ടുകാര്‍ കൈവെക്കാതിരിക്കാന്‍
പോലിസ് അയാളെ മാറ്റി നിര്‍ത്തിയിരിക്കുകയായിരുന്നു.
അപകടത്തില്‍ പെട്ട
വാഹനം ഓടിച്ചിരുന്ന ഡ്രൈവര്‍ ഫോണില്‍ വന്നു. അയാളുടെ കിതപ്പും വിറയലും ഏങ്ങി ഏങ്ങിയുള്ള കരച്ചിലും വ്യക്തമായി കേള്‍ക്കാം... സംസാരിക്കാന്‍
അയാള്‍ക്ക് കഴിയുന്നില്ല... എങ്കിലും അവതാരകന്‍ ചോദ്യങ്ങള്‍ എറിഞ്ഞുകൊണ്ടിരുന്നു.
വിപിന്‍ എന്ന ആ ഡ്രൈവര്‍ ഒന്നും വ്യക്തമായി പറയാന്‍ കഴിയാതെ വിഷമിക്കുന്നു.
കരച്ചിലിനിടയില്‍ അഞ്ചോളം കുട്ടികളെ വാനിന്‍റെ ചില്ല് പൊട്ടിച്ചു താന്‍
രക്ഷപെടുത്തിയെന്നു അയാള്‍ പറയുന്നു. വാനില്‍ 23 കുട്ടികളുണ്ടായിരുന്നു എന്നും
അയാള്‍ പറഞ്ഞു... തേങ്ങി കരച്ചിലും നെഞ്ചിടുപ്പും അയാളുടെ മറുപടികളെ
അവ്യക്തമാക്കുമ്പോഴും അവതാരകന്‍ ഒരേ ചോദ്യങ്ങള്‍ തിരിച്ചും മറിച്ചും
ചോദിച്ചുകൊണ്ടിരുന്നു. പത്തു മിനിട്ടോളം തുടര്‍ന്ന ഈ അസംബന്ധത്തിനു ശേഷം അവതാരകന്‍
പറയുന്നു..... ഡ്രൈവര്‍ക്ക് നന്നായി സംസാരിക്കാനാവുന്നില്ല എന്ന്.
അത്തരം
ഒരു സാഹചര്യത്തില്‍ അയാള്‍ക്ക് സംസാരിക്കാന്‍ കഴിയില്ല എന്ന് തിരിച്ചറിയാന്‍
മാത്രം വിവേകമുള്ളവരാണ് വാര്‍ത്ത കാണുന്ന ജനങ്ങള്‍. അയാളോട് അപ്പോള്‍ സംസാരിക്കാതെ
ആ ദുരന്തത്തില്‍ തകര്‍ന്നടിഞ്ഞു നില്‍ക്കുന്ന അവസ്ഥയില്‍ ആശ്വസിപ്പിക്കുകയാണ് വേണ്ടത് എന്ന് ഏതു കൊച്ചു കുട്ടിക്കും
അറിയാം . ഈ സാമാന്യ ബോധം ഇല്ലാതെ പോയത് അവതാരകനും റിപ്പോര്‍ട്ടര്‍ക്കുമാണ്.
അധികം താമസിയാതെ ഒരമ്മയുടെ നിലവിളി കേട്ടു. അവരുടെ കുഞ്ഞിനെ കണ്ടില്ല
എന്നാണു ആ അമ്മ നിലവിളിക്കുന്നത്. ആ അമ്മയുടെ ചെവിലേക്ക് ഫോണ്‍ വെച്ചുകൊടുത്തു ആ
വിവരംകെട്ട റിപ്പോര്‍ട്ടര്‍. ഒട്ടും ബോധമില്ലാതെ ആ അമ്മയോടും അവതാരകന്‍ ചോദ്യങ്ങള്‍
എറിഞ്ഞു. എന്‍റെ കുഞ്ഞിനെ കണ്ടില്ലാ എന്ന് നിലവിളിക്കുന്ന ആ അമ്മ അധികനേരം അവിടെ
നിന്നില്ല. നെഞ്ചുപൊട്ടി നിലവിളിച്ചു തന്‍റെ പൊന്നോമനയെ തേടുന്ന ആ അമ്മ
ചോദ്യങ്ങള്‍ക്ക് മറുപടി പറഞ്ഞില്ല.
പിന്നീടാണ് അതി ദാരുണമായ
റിപ്പോര്‍ട്ടിംഗ്. ഒരു കുട്ടിയെ രക്ഷാ പ്രവര്‍ത്തകര്‍ വെള്ളത്തില്‍ നിന്ന്
കരക്കെത്തിച്ചു. ജീവനുണ്ട്. ശ്വാസം മുട്ടലും ചുമയും കേള്‍ക്കാം. പിതൃ ശൂന്യനായ
റിപ്പോര്‍ട്ടര്‍ ആ കുഞ്ഞിന്‍റെ ശബ്ദം കേള്‍പ്പിക്കാനും ഒരു ശ്രമം നടത്തി.
ഒരു തരത്തില്‍ അല്ലെങ്കില്‍ മറ്റൊരു തരത്തില്‍ മനോരമ ചെയ്ത അവതരണ രീതി തന്നെയാണ് മറ്റു വാര്‍ത്താ ചാനലുകളും പിന്തുടര്‍ന്നത്.
പിതൃശൂന്യ പത്ര പ്രവര്‍ത്തനമാണിവിടെ നടക്കുന്നത് എന്ന്
ഒരിക്കല്‍ എസ് എഫ് ഐ യുടെ സംസ്ഥാന പ്രസിഡണ്ടായിരുന്ന എം .സ്വരാജ് പറഞ്ഞത് ശരിവെക്കുകയാണ്
നമ്മുടെ ചാനല്‍ കുട്ടന്മാര്‍. വിവരക്കേട് ഒരു തെറ്റല്ല. പക്ഷെ അത് പുരപ്പുറത്തു
കയറി വിളിച്ചു പറയുന്നത് തോന്ന്യവാസമാണ്. അതിനു തവള മടല്‍ വെട്ടി തല്ലു
കൊടുക്കുകയാണ് വേണ്ടത്. ഈ വാര്‍ത്താ ലേഖകരുടെ മക്കളോ ബന്ധുവിന്‍റെ മക്കളോ ആ
അപകടത്തില്‍ പെടുകയും ഇത്തരം ഒരു റിപ്പോര്‍ട്ട് വരുകയും ചെയ്‌താല്‍ ഇവര്‍
സഹിക്കുമോ. ആ കുഞ്ഞുങ്ങളോടും ചോദ്യം ചോദിക്കാന്‍ അവതാരകനോ ലേഖകനോ തയാറാകുമോ...?
വാര്‍ത്താ ലേഖകരുടെ വിശ്വാസ്യത തകര്‍ക്കുന്ന
മറ്റൊരു സംഭവമായിരുന്നു
ബാലകൃഷ്ണ പിള്ള യുടേത്. തടവില്‍ കഴിയവേ ഫോണില്‍ സംസാരിക്കുന്നത് തികച്ചും
തെറ്റാണ് . തടവില്‍ കഴിയുന്ന കുറ്റവാളിക്ക് വൈദ്യ സഹായം നല്‍കുമ്പോള്‍
നിയമപരമായി പാലിക്കാന്‍ ആവശ്യപ്പെടുന്ന നിബന്ധനകളുടെ ലംഘനമാണ്. പക്ഷെ ചൂണ്ട
മാധ്യമ
പ്രവര്‍ത്തനത്തിന്‍റെ (fishinghook operation )
ഭാഗമായി ചാനല്‍ രംഗത്തെ കുലപതികള്‍ എല്ലാം ചേര്‍ന്ന് ജന്മം
നല്‍കിയ
റിപ്പോര്‍ട്ടര്‍ എന്ന ചാനല്‍ തയാറാക്കിയ തിരക്കഥ ഗംഭീരമായിരുന്നു. !!
പിള്ളയുടെ സഹായിയുടെ ഫോണില്‍ വിളിച്ചു അദ്ദേഹത്തെ ക്കൊണ്ട് സംസാരിപ്പിച്ചു
റെക്കോര്‍ഡ് ചെയ്തു കേള്‍പ്പിച്ചു. ഏറ്റവും ദയനീയം, താന്‍ നടത്തുന്നത് നിയമ
വിരുദ്ധമാണെന്നും, അത് പുറത്തുവന്നാല്‍ വിമര്‍ശനം വരുമെന്നും അറിയാവുന്ന പിള്ള, ഇത്
പ്രസിദ്ധീകരിക്കരുതെന്നും തന്നെ കുരുക്കരുതെന്നും അപേക്ഷിക്കുന്നുണ്ട്. അതും
കേള്‍പ്പിച്ചു ആ കഠിന ഹൃദയര്‍.
പിള്ള തെറ്റ്
ചെയ്തിട്ടല്ലേ എന്ന്
ചോദിക്കുന്നവര്‍ ഉണ്ടാകാം.
അതെ. തടവുപുള്ളി മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നത് തെറ്റാണ്. അത് തള്ള
ഉപയോഗിച്ചാലും പിള്ള ഉപയോഗിച്ചാലും ഒരേ തെറ്റാണ്. പക്ഷെ കേരളത്തിലെ
ജയിലുകളില്‍ ഇതൊരു പുതിയ സംഭവമല്ല. രാഷ്ട്രീയ സ്വാധീനമുള്ള എല്ലാ
കുറ്റവാളികളും സാമ്പത്തിക കുറ്റങ്ങള്‍ക്ക് ജയിലില്‍ കഴിയുന്നവരും ഫോണ്‍
ഉപയോഗിക്കുന്നുണ്ട് എന്നത് ഉന്നത അധികൃതര്‍ക്കും ഒട്ടു മിക്ക മാധ്യമ
പ്രവര്‍ത്തകര്‍ക്കും അറിയാവുന്ന കാര്യമാണ്. ജയിലുകളില്‍ നടത്തുന്ന എല്ലാ
പരിശോധനകളിലും കത്തിയും വടിവാളും കഞ്ചാവും മദ്യവും പിടിച്ചെടുക്കുന്നതിനൊപ്പം മൊബൈല്‍ ഫോണുകളും പിടിച്ചെടുക്കാറുണ്ട്. ഒന്നോ രണ്ടോ തവണയല്ല, എല്ലാ റയിഡുകളിലും ഇത്തരം പിടിച്ചെടുക്കല്‍ കാണാം. അതായതു തടവ് നിബന്ധനകള്‍ ലംഘിക്കപ്പെടുന്നത് ഇവിടെ പതിവാണെന്ന് അര്‍ഥം.
അങ്ങനെ
തെറ്റുകള്‍ തുടര്‍ച്ചയായി നടക്കുന്നതിനാല്‍ പിള്ള ചെയ്ത തെറ്റ്
ന്യായീകരിക്കപ്പെടാമെന്നോ അതൊരു തെറ്റല്ല എന്നോ എനിക്ക് അഭിപ്രായം ഇല്ല.
പക്ഷെ പത്രപ്രവര്‍ത്തനത്തിലെ മാന്യത എന്ന ഗുണം ഇവിടെ ഓര്‍ക്കണമായിരുന്നു.
പത്രക്കാരോട് പറയുന്നതെല്ലാം വാര്‍ത്തയാക്കണം എന്ന് എങ്ങും
പറഞ്ഞിട്ടില്ല. മുന്‍പ് പല ഉന്നതരായ രാഷ്ട്രീയ നേതാക്കളും പതിവ് പത്ര
വാര്‍ത്ത കഴിഞ്ഞു സ്വകാര്യമായി പത്രക്കാരോട് പൊതുവില്‍ രാഷ്ട്രീയ
നീക്കങ്ങളെക്കുറിച്ചും മറ്റും ഞെട്ടിക്കുന്നതോ അത്ഭുതപ്പെടുത്തുന്നതോ ആയ
കാര്യങ്ങള്‍ പറയാറുണ്ടായിരുന്നു. ഓഫ് ദി റെക്കോര്‍ഡ് എന്ന്
പറഞ്ഞായിരിക്കും അത്തരം സ്ഫോടനാത്മകമായ കാര്യങ്ങള്‍ പറയുക. ഓടിപ്പോയി
ന്യൂസ് റൂമില്‍ കയറി എഡിറ്റു ചെയ്യാതെ അതൊക്കെ പുറത്തുവിട്ടാല്‍ ഇവിടുത്തെ
രാഷ്ട്രീയ സഖ്യങ്ങള്‍ തകര്‍ന്നു പോവുകയോ പാര്‍ട്ടികള്‍ പിളര്‍ന്നു മാറുകയോ
മന്ത്രിമാര്‍ക്കും നേതാക്കള്‍ക്കും സ്ഥാനം നഷ്ടപ്പെടുകയോ ചെയ്യുമായിരുന്നു.
പക്ഷെ ഓഫ് ദി റെക്കോര്‍ഡ് പറഞ്ഞ കാര്യങ്ങള്‍ പുറത്തു പറയരുത് എന്നത് ഈ
രംഗത്തെ മാന്യതയുടെ ഭാഗമാണ്.
ഒരു വാര്‍ത്ത
കിട്ടിയാല്‍ അത് ക്രോസ് ചെക്ക് ചെയ്യുക എന്നത് അടിസ്ഥാന പത്രപ്രവര്‍ത്തന
മര്യാദയാണ്. ആ വാര്‍ത്ത കാരണം മുറിവ് ഏല്‍ക്കാന്‍ സാധ്യത ഉള്ള
വ്യക്തിയുടെയോ സംഘടനയുടെയോ ഭാഗം അതേ വാര്‍ത്തയില്‍ നല്കണം എന്നതും
ജേര്‍ണലിസം ക്ലാസ്സുകളില്‍ പഠിപ്പിക്കുന്നതാണ്. അത് മീഡിയ എത്തിക്സ്.
മാത്രമല്ല സാമാന്യ നീതിയും അതാണ്. ഏതെങ്കിലും കോടതി ഒരു പ്രതിയെ
അയാള്‍ക്ക് പറയാനുള്ള കാര്യങ്ങള്‍ കേള്‍ക്കാതെ വിധി പ്രഖ്യാപിച്ചാല്‍
ഏതെങ്കിലും പത്ര പ്രവര്‍ത്തകന്‍ അടങ്ങിയിരിക്കുമോ..? മാധ്യമ
പ്രവര്‍ത്തകര്‍ക്ക് മാത്രം നിയമവും നീതിയും ലംഘിക്കാമോ...?
ഒരു വാര്‍ത്ത ഉറവിടത്തില്‍ നിന്ന് ( news source ) കിട്ടുന്ന സൂചനകള്‍ പിന്തുടരുന്നത് വലിയൊരു വാര്‍ത്തയിലേക്ക് ആയിരിക്കും. പക്ഷെ ഒരു ക്ലൂ പിന്തുടരാന്‍ മാത്രം ക്ഷമ ഇപ്പോഴത്തെ മാധ്യമ പ്രവര്‍ത്തകര്‍ക്ക് ഇല്ല. ശീഘ്ര സ്ഖലനം (immature ijaculation) പോലെ പിടിച്ചു നിര്‍ത്താനാവാത്ത
അവസ്ഥയിലാണ് അവര്‍. എത്രയും പെട്ടെന്ന് പുറത്തു വിടാനുള്ള വ്യഗ്രതയും
ആക്രാന്തവും വാര്‍ത്തയുടെ സ്വാദും ഗുണവും നഷ്ടപ്പെടുത്തും. മാത്രമല്ല
തുടര്‍ച്ചയോ അന്വേഷണമോ ഇല്ലാതെ കടന്നുപോകുന്ന ഇത്തരം എക്സ്ക്ലൂസീവുകള്‍ നഷ്ടപ്പെടുത്തുന്നത് മാധ്യമങ്ങളുടെ വിശ്വാസ്യതയും വിലയുമാണ്. വെറും കൂതറകളായി പത്രക്കാര്‍ മാറുന്ന കാഴ്ച വലിയൊരു വിഭാഗം ജനങ്ങളെ നിരാശപ്പെടുത്തുന്നുണ്ട്. ജനാധിപത്യത്തിന്റെ നാലാം തൂണ്‍ വെറും ഓമത്തണ്ട് (പപ്പായ) കൊണ്ടാണ് നിര്‍മ്മിച്ചിരിക്കുന്നത് എന്നറിയുന്നത് ആശാസ്യമല്ല.
പുതിയകാലത്തെ ചാനല്‍ കുട്ടന്മാര്‍ ഏതു മാതൃകയാണ് പിന്തുടരുന്നത്.... ആരാണ്
നിങ്ങളുടെ ഗുരു... ഏതു കളരിയിലാണ് നിങ്ങളെ അഭ്യാസം പഠിപ്പിച്ചത്.....
ആഭാസത്തരമേ നിന്‍റെ പേരോ ചാനല്‍ ജേര്‍ണലിസം........
വാല്‍ക്കഷണം...
തിരുവനന്തപുരം പ്രസ് ക്ലബ് Institute ഇല്‍ പത്ര പ്രവര്‍ത്തനം പഠിക്കുമ്പോള്‍ റിപ്പോര്‍ട്ടിങ്ങും എത്തിക്സും പഠിപ്പിച്ചത് പ്രമുഖ പത്രപ്രവര്‍ത്തകന്‍ ജോണ്‍ മേരി ആയിരുന്നു. മീഡിയ എത്തിക്സ് എന്ന ഭാഗം തുടങ്ങിയ ദിവസം അദ്ദേഹത്തിന്റെ Introduction. " JUST FOR YOUR EXAMINATION. NOT TO PRACTICE .....!!!!!"