Friday, 20 April 2012

അടുക്കള മാലിന്യം കൊണ്ട് നിങ്ങള്‍ എന്ത് ചെയ്യുന്നു....?

അടുക്കള മാലിന്യം കൊണ്ട് നിങ്ങള്‍ എന്ത് ചെയ്യുന്നു....?

 ഓരോ ദിവസവും പച്ചക്കറികളുടെയും പഴ വര്‍ഗ്ഗങ്ങളുടെയും വില കുതിച്ചുയരുന്നു...
കറിവേപ്പില പോലും വിലകൊടുത്തു വാങ്ങേണ്ട സ്ഥിതിയിലാണ് നാമിപ്പോള്‍.
മുളക്, പപ്പായ, വെണ്ടയ്ക്ക, വഴുതനങ്ങ, ചീര, കോവക്ക, കുമ്പളം, പാവക്ക, പയര്‍, തുടങ്ങിയവയെല്ലാം നമ്മുടെ വീടിന്‍റെ ഇത്തിരിവട്ടത്തില്‍ വളര്‍ന്നിരുന്ന കാലത്ത് ബന്ധുക്കളോ മറ്റോ വിരുന്നിനു വരുമ്പോള്‍ മാത്രമായിരുന്നു ചന്തകളില്‍ നിന്ന് പച്ചക്കറി വാങ്ങിയിരുന്നത്. പച്ചക്കറി കൃഷി കൂടുതലായി ഇല്ലാതിരുന്ന വീട്ടുകാരും ചന്തകളില്‍ നിന്ന് കറി ഇനങ്ങള്‍ അധികമായി വാങ്ങിയിരുന്നില്ല. വാഴക്കൂമ്പും ചേമ്പിന്‍ താളും മുരിങ്ങ ഇലയും പയര്‍ ഇലയും, തഴുതാമയും ചക്കക്കുരുവും ഒക്കെ ഉപയോഗിച്ച് രുചികരമായ കറികള്‍ വെച്ചിരുന്നു.

ഇപ്പോള്‍, സമയക്കുറവും മറ്റു പല ഘടകങ്ങളും കാരണം നമുക്ക് പച്ചക്കറി മാര്‍ക്കറ്റിനെ ആശ്രയിക്കേണ്ടി വരുന്നു. തീവില കൊടുത്തു മാരക വിഷമാണ് നാം കഴിക്കാന്‍ വാങ്ങുന്നത് എന്ന് നാം ബോധപൂര്‍വം മറക്കുകയാണോ..?  നമ്മുടെ മേലനങ്ങാ ശീലത്തിനു വിഷം കഴിച്ചു നമ്മോടു തന്നെ പകരം വീട്ടുകയാണോ... ? മുന്‍പ് കറിവേപ്പില ആരുംവിലയ്ക്ക് വാങ്ങില്ലായിരുന്നു. എല്ലാ കിണറുകളുടെയും അടുത്ത് കുറച്ചു കറിവേപ്പിലയും മറ്റു ചെടികളും വെച്ചു പിടിപ്പിച്ചിരുന്നു. വെള്ളം കോരുമ്പോള്‍ ഒരുതൊട്ടി വെള്ളം ചെടികള്‍ക്ക് ഒഴിച്ച് കൊടുക്കും. കിണറിലേക്ക് ഒഴുക്ക് വെള്ളം വീഴുന്നത് തടയാനും വെള്ളം ശുദ്ധീകരിക്കാനും ഇത് സഹായിച്ചിരുന്നു. മോട്ടോറും പൈപ്പ് കണക്ഷനും വന്നതോടെ വെള്ളം കോരേണ്ട ആവശ്യം ഇല്ലാതാവുകയും കിണറിന്‍റെ അടുത്തുണ്ടായിരുന്ന സസ്യ ലോകം ഇല്ലാതാവുകയും ചെയ്തു.

ഏഴെട്ടു വര്‍ഷം മുന്‍പ് വരെ പത്തോ ഇരുപതോ രൂപയ്ക്കു പച്ചക്കറി വാങ്ങിയാല്‍ കുറച്ചു കറിവേപ്പിലയും മല്ലിയിലയും ഫ്രീ ആയി കിട്ടുമായിരുന്നു. ഇപ്പോള്‍ കറിവേപ്പില തൂക്കി വാങ്ങണം. കറികള്‍ക്ക് കറിവേപ്പില എത്രമാത്രം പ്രധാനപ്പെട്ടതാണെന്ന് തിരിച്ചറിഞ്ഞ മാര്‍ക്കെറ്റ് ലോബി അത് വിലയ്ക്ക് വില്‍ക്കാന്‍ തുടങ്ങി.
വിലകിട്ടുമെന്ന്‍ അറിഞ്ഞപ്പോള്‍ വിഷം തളിച്ച വാടിപ്പോകാത്ത കറിവേപ്പിലകള്‍ വിപണിയിലെത്തി. പക്ഷെ ഗുണവും മണവും അതിനു നഷ്ടപ്പെട്ടെന്നു മാത്രം. കറിവേപ്പിലയും അതിന്‍റെ മണവും അന്യം നിന്ന് പോകുമ്പോള്‍ നാം ഇപ്പോഴും ഒരു ചടങ്ങ് പോലെ പ്ലാസ്റ്റിക്‌ സമാനമായ കറിവേപ്പില കറികള്‍ക്കിടുന്നു.... മാരകമായ വിഷമാണെന്ന് തിരിച്ചറിഞ്ഞിട്ടും കറിവേപ്പിലക്ക് പകരം കറികളില്‍ ചേര്‍ക്കാന്‍ നമുക്കൊന്നുമില്ല. വിഷമില്ലാത്ത ഒരു മൂട് കറിവേപ്പ് നമ്മുടെ വീടിന്‍റെ ചുമരിനോട് ചേര്‍ന്ന് നടാനും നമുക്ക് കഴിയുന്നില്ല. സമയക്കുറവുണ്ടാകാം -എങ്കിലും ....!!!.

കറിവേപ്പില ഒരു സൂചന മാത്രമാണ്. ജീവിതത്തിലും ദൈനംദിന ജീവിതത്തിലും. നമ്മുടെ ഗുണവും മണവും ഊറ്റിയെടുത്ത ശേഷം കറിവേപ്പില പോലെ ( വി എസ് പറഞ്ഞത് പോലെ അല്ല......) നാം കുടുംബത്തില്‍ നിന്ന്, ജോലിയില്‍ നിന്ന്, രാഷ്ട്രീയത്തില്‍ നിന്ന്, സാമൂഹിക ജിവിതത്തില്‍ നിന്ന്, ഒക്കെ വലിച്ചെറിയപ്പെടുന്നു. കൊടും വിഷമാണെന്ന് അറിഞ്ഞിട്ടും പലപ്പോഴും ഒരു ചടങ്ങുപോലെയോ നിര്‍ബ്ബന്ധിത വ്യവസ്ഥപോലെയോ നമുക്ക് കുടുംബവും ജോലിയും രാഷ്ട്രീയവും ഒക്കെ തുടരേണ്ടിയും വരുന്നു. കറിവേപ്പില പോലെ വിപണിയുടെ തന്ത്ര മന്ത്രങ്ങളിലും പരസ്യ കുതന്ത്രങ്ങളിലും മയങ്ങി ചില്ലിട്ടതും ചില്ലില്‍ ഇട്ടതും പ്ലാസ്റ്റിക്കില്‍ പൊതിഞ്ഞതും ടിന്നിലടച്ചതും മറ്റു പലതും വാങ്ങുന്നു, കഴിക്കുന്നു...

ഇവിടെയാണ്‌ ആദ്യം കുറിച്ച ചോദ്യത്തിന് പ്രസക്തി വരുന്നത്. അടുക്കള മാലിന്യം കൊണ്ട് നാം എന്ത് ചെയ്യുന്നു...? ഒരു വീട്ടില്‍ നിന്ന് ശരാശരി മൂന്നു കിലോ മാലിന്യമാണ് ദിവസവും പുറംതള്ളുന്നത്. ഇതില്‍ ജൈവവും അജൈവവുമായ പദാര്‍ഥങ്ങള്‍ ഇതില്‍ അടങ്ങിയിരിക്കുന്നു. പ്ലാസ്റ്റിക് പോലെ ഒരിക്കലും നശിക്കാത്തതും മണ്ണിന്‍റെ ഘടന തന്നെ മാറ്റിക്കളയുന്ന തരം  രാസ വസ്തുക്കളും ഒരുമിച്ചാണ് നാം പുറത്തേക്കു കളയുന്നത്. മാലിന്യ കൂമ്പാരങ്ങളില്‍ നിന്ന് ഒരിക്കലും ഇത് വേര്‍തിരിക്കാന്‍ കഴിയില്ല.
ജൈവ മാലിന്യങ്ങള്‍ പ്രകൃതിക്കോ മനുഷ്യനോ ദോഷകരമായി ബാധിക്കുന്നതല്ല.
അവ മണ്ണില്‍ അലിഞ്ഞു ചേരുന്നതാണ്. എന്നാല്‍ പ്ലാസ്റ്റിക്കും മറ്റു അജൈവ പദാര്‍ഥങ്ങളും മണ്ണിന്റെ ഘടനയെ ബാധിക്കുന്നതും അപകടകരവുമാണ്.

യഥാര്‍ത്ഥത്തില്‍ ജൈവ മാലിന്യം വീടുകളില്‍ നിന്ന് ഒഴിവാക്കാന്‍ വേണ്ടിയാണ് നാം പ്ലാസ്റ്റിക്കും  പുറം തള്ളുന്നത്.  എന്നാല്‍  ജൈവ മാലിന്യം വീട്ടില്‍ തന്നെ കൈകാര്യം ചെയ്യാന്‍ സാധാരണ നേരിടുന്ന പ്രശ്നങ്ങള്‍ കാരണമാണ് അവ വഴിയരികില്‍  വലിച്ചെറിയാന്‍   നമ്മെ പ്രേരിപ്പിക്കുന്നത്. വീട്ടു വളപ്പില്‍  മാലിന്യം കളയാന്‍ സ്ഥലമില്ലാതാകുക, ദുര്‍ഗന്ധം, ഈച്ചകളും പുഴുക്കളും സൃഷ്ടിക്കുന്ന ശല്യം, തുടങ്ങിയ പ്രശ്നങ്ങള്‍  നേരിടേണ്ടി വരുമ്പോള്‍ എങ്ങനെയെങ്കിലും മാലിന്യം ഒഴിവാക്കാന്‍ വീട്ടുകാര്‍  ശ്രമിക്കുന്നു. ചില പഞ്ചായത്തുകളും നഗര സഭകളും വീടുകളില്‍ നിന്ന് ഇപ്പോള്‍ നേരിട്ട് മാലിന്യം ശേഖരിക്കാറുണ്ട്. മാസം നൂറു രൂപ വീട്ടുകാര്‍ നല്‍കണം. റോഡില്‍ പലയിടത്തായി വലിച്ചെറിഞ്ഞു കൊണ്ടിരുന്ന മാലിന്യം ഏതെങ്കിലും ഒരു സ്ഥലത്ത് കൊണ്ട് കൂട്ടിയിടുന്നതിനപ്പുറം കാര്യമായി ഒന്നും ചെയ്യാന്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് കഴിയുന്നില്ല. മാലിന്യ നിര്‍മാര്‍ജ്ജന പദ്ധതികള്‍ക്കായി ലക്ഷങ്ങളും കോടികളും ചിലവിട്ടശേഷം കാര്യമായ തുടര്‍പ്രവര്‍ത്തനങ്ങളോ അവലോകനമോ ഇല്ലാതെ പദ്ധതികള്‍ പാഴാക്കുകയാണ് മിക്ക സ്ഥലങ്ങളിലും. നന്നായി പദ്ധതികള്‍ നടപ്പിലാക്കുന്നവരുമുണ്ട്. എന്നാല്‍ ഭൂരിപക്ഷം പേരും കാര്യമായി ഒന്നും ചെയ്യാത്തവരാണ്.

ചുരുക്കത്തില്‍, നേരത്തെ പണം മുടക്കാതെ പ്രകൃതിക്ക് ദോഷം വരുത്തുന്നു. ഇപ്പോള്‍ മാസം നൂറു രൂപ നല്‍കി പ്രകൃതി നാശത്തിനു കൂട്ടുനില്‍ക്കുന്നു.

ഇപ്പോള്‍, വീണ്ടും ആദ്യത്തെ ചോദ്യം കൂടുതല്‍ ഗൗരവമുള്ള ഒന്നായി മാറുന്നു.

അടുക്കള മാലിന്യം കൊണ്ട് നാം എന്ത് ചെയ്യും.....?ആര്‍ക്കു വേണ്ടിയാണ് നാം മാലിന്യം നിര്‍മ്മാര്‍ജ്ജനം ചെയ്യേണ്ടത് എന്നത് വളരെ പ്രധാനമാണ്. സബ്സിഡി വാഗ്ദാനം ചെയ്തു സര്‍ക്കാര്‍ ചെയ്യേണ്ടതല്ല ഇത്. ഓരോരുത്തരും സ്വയം ചെയ്യേണ്ട കാര്യങ്ങള്‍      . .  പ്രകൃതി ഇതുപോലെ ഇത്രയെങ്കിലും മനോഹരമായി ( ഇപ്പോള്‍ മനോഹരമാണെന്ന് പൂര്‍ണ്ണമായ അഭിപ്രായം ഇല്ല...എങ്കിലും ) വരും നാളുകളിലും ഉണ്ടായിരിക്കണം എന്ന് നാം തിരിച്ചറിയണം. ഇന്നത്തെ തലമുറ അനുഭവിച്ച പ്രകൃതി വിഭവങ്ങള്‍ വരും തലമുറകള്‍ക്ക് കൂടി അവകാശപ്പെട്ടതാണെന്നും അതവര്‍ക്ക് നിഷേധിക്കാന്‍ നമുക്ക് അവകാശമില്ലെന്നും തിരിച്ചറിയണം. നാം ഉപയോഗിക്കുന്ന പ്രകൃതി വിഭവങ്ങളുടെ അവകാശികള്‍ നമ്മള്‍ മാത്രമല്ല, ഭൂമിയില്‍ ഇന്ന് ജീവിച്ചിരിക്കുന്ന മറ്റു മനുഷ്യരും ഇനി വരാനിരിക്കുന്ന മനുഷ്യരും ഇതര ജീവജാലങ്ങളും കൂടിയാണെന്നും ഓര്‍ക്കണം. രോഗതുരമാണ് നമ്മുടെ ജീവിത ശൈലി എന്ന് മനസ്സിലാക്കണം. പൊള്ളുന്ന വിലകൊടുത്തു വിഷം നിറഞ്ഞ ആഹാര സാധനങ്ങളാണ് നാം കഴിക്കുന്നത്‌ എന്നും അതില്‍ നിന്ന് ഒരു മാറ്റം നമുക്ക് വേണം എന്നും വരും തലമുറയ്ക്ക് വിഷമില്ലാത്ത ആഹാരം കൊടുക്കാന്‍ നാം കരുതല്‍ എടുക്കണമെന്നും ചിന്തിക്കണം. കാന്‍സര്‍ പോലുള്ള മാരക രോഗങ്ങള്‍ വര്‍ധിച്ചു വരുന്നത് നമ്മുടെ ആഹാര ശീലങ്ങള്‍ കൊണ്ട് കൂടിയാണ് എന്ന് അറിയണം. ഇത്രയും കാര്യങ്ങള്‍ ചിന്തിച്ചാല്‍ തന്നെ പുതിയൊരു ജീവിത ശീലത്തിനു നാം തയാറാകും. പുതിയൊരു മനോഭാവം നാം രൂപപ്പെടുത്തും. അങ്ങനെ ഒരു മനോഭാവം നിങ്ങള്‍ക്കുണ്ടെങ്കില്‍ ഇനി വായിക്കുക......

വളരെ രസകരമായ ഒരു ഗയിം ആണ് ഇപ്പോള്‍ നമ്മുടെ മുന്‍പില്‍. 
ദിനംപ്രതി കുമിഞ്ഞു കൂടുന്ന അടുക്കള മാലിന്യം. അത്  നിക്ഷേപിക്കാനുള്ള സ്ഥല പരിമിതി. പുറത്തു കളയാന്‍ പ്രയാസം. പൊള്ളുന്ന പച്ചക്കറിവില. ജീവന് ദോഷകരമായ രാസ വസ്തുക്കള്‍, സമയക്കുറവ്.

ഈ ആറു  പ്രശ്നങ്ങള്‍ ഒരുമിച്ചു പരിഹരിക്കപ്പെടണം. അധികം മുതല്‍ മുടക്കാതെയും സമയം കളയാതെയും വേണം. 

ഒരു പരിഹാര ചങ്ങല (solution  Chain ) യിലൂടെ നമുക്കിത് പരിഹരിക്കാം.  ദിവസവും അഞ്ചു മിനിട്ട് സമയം ചിലവഴിച്ചാല്‍ മതി. അടുക്കളയിലെ ദൈനംദിന പരിപാലന ക്രമത്തില്‍ ഒരല്‍പം ചിട്ടയും ശ്രദ്ധയും കൂടി ഇതിനു ആവശ്യമാണ്‌. എങ്കില്‍ തീരെ സ്ഥലം കളയാതെ, സമയം കളയാതെ ചുവടെ ചേര്‍ക്കുന്ന കാര്യങ്ങള്‍ സാധ്യമാകും.
1 . മാലിന്യ നിര്‍മ്മാര്‍ജ്ജനം.
2 .  മാനസിക ഉല്ലാസം
3 . വിഷ രഹിതമായ പച്ചക്കറി
4 . സാമ്പത്തിക ലാഭം
5 . രോഗ രഹിതമായ ശരീരം
6 . അഭിമാനം

അടുക്കള മാലിന്യം നാം എന്ത് ചെയ്യണം....? 

മാലിന്യം വേര്‍തിരിക്കുക എന്നതാണ് സംസ്കരണത്തിന് ഏറ്റവും ആവശ്യം വേണ്ടത്. ഉറവിടത്തില്‍ തന്നെ മാലിന്യം വേര്‍തിരിക്കാന്‍ കഴിഞ്ഞാല്‍ സംസ്ക്കരണത്തി
ന്‍റെ   എഴുപതു ശതമാനം പൂര്‍ത്തിയായി. വീട്ടില്‍ വളരെ സുഗമമായി ഇത് സാധിക്കും. അടുക്കളയില്‍ ഒരു തയ്യാറെടുപ്പാണ് ഇതിനു വേണ്ടത്.

ആദ്യം വീട്ടില്‍ ഉണ്ടാകാന്‍ ഇടയുള്ള മാലിന്യങ്ങള്‍ നമുക്ക് തരംതിരിക്കാം.

1 . പുറത്തു നിന്ന് സാധനങ്ങള്‍ പൊതിഞ്ഞുകൊണ്ട് വരുന്ന പേപ്പറുകള്‍, പേപ്പര്‍ കവറുകള്‍,

2 .മീനും ഇറച്ചിയും പാലും കൊണ്ടുവരുന്ന പ്ലാസ്റ്റിക് കവറുകള്‍, ക്യാരി ബാഗുകള്‍.
3 . അരി കഴുന്ന വെള്ളം (കാടി) പാത്രങ്ങള്‍ കഴുകുന്ന വെള്ളം.
4 . പച്ചക്കറികളുടെയും മീന്‍, ഇറച്ചി തുടങ്ങിയവയുടെയും അവശിഷ്ടങ്ങള്‍.
5 . പൊട്ടിയ ഗ്ലാസ്സുകളുടെയും പാത്രങ്ങളുടെയും കേടായ
ള്‍ബുകളുടെയും  ചില്ലുകള്‍.
6 . ഭക്ഷണാവശിഷ്ടങ്ങള്‍.

ഇതില്‍ പേപ്പര്‍ ഇനത്തില്‍ വരുന്നവ അടുക്കി വയ്ക്കുക. പത്രക്കടലാസിനു കിലോക്ക് 7 -8 രൂപ ലഭിക്കും. മറ്റു പത്രങ്ങള്‍ക്കൊപ്പം വില്‍ക്കാം. നനഞ്ഞ കടലാസുകള്‍ അടുപ്പിന്‍റെ പരിസരത്ത് വച്ചോ  മറ്റെവിടെയെങ്കിലും നിവര്‍ത്തി വച്ചോ ഉണക്കി അടുക്കി വയ്ക്കുക.

ഒരു നൂല്‍ കമ്പിയോ കുട കമ്പിയോ അടുക്കള വാതിലിനു പുറത്തു ചുമരില്‍ തൂക്കിയിടുക. വലിയ കവറുകള്‍ മടക്കി വേണം കൊളുത്തിയിടാന്‍.  മീനും  ഇറച്ചിയും  കൊണ്ടു വരുന്ന കാരി ബാഗുകള്‍ കഴുകിയ  ശേഷം ഇതില്‍ കൊളുത്തിയിടുക. കഴുകാതെ ഒരു കാരണവശാലും സൂക്ഷിക്കരുത്‌. വൃത്തിയായ പ്ലാസ്റ്റിക് മാത്രമേ പുനരുപയോഗിക്കാനും വില്‍ക്കാനും കഴിയുകയുള്ളൂ. മാത്രമല്ല കവറുകളില്‍ അഴുക്കു ഉണങ്ങിപിടിച്ചാല്‍ പിന്നെ കഴുകി വൃത്തിയാക്കാന്‍ കൂടുതല്‍ സമയവും വേണം. 

അടുക്കളയുടെ ചുവരിനോട് ചേര്‍ന്ന് ഒരു പഴയ ചാക്കോ ബക്കറ്റോ വെയ്ക്കുക. പൊട്ടിയ ഗ്ലാസുകളും കുപ്പികളും ചില്ലുകളും ഇതില്‍ ഇട്ടു വെക്കുക. കുറച്ചുനാള്‍ കഴിയുമ്പോള്‍ വില്‍ക്കാവുന്നതാണ്.

ഇപ്പോള്‍ നമ്മുടെ വീട്ടിലെ അജൈവ മാലിന്യങ്ങള്‍ തരാം തിരിക്കപ്പെട്ടു. ഇനി ജൈവ മാലിന്യങ്ങള്‍ എങ്ങനെ കൈകാര്യം ചെയ്യാം എന്ന് നോക്കാം.

 വീടിനു പുറത്തു വെക്കാന്‍ അഞ്ചു പ്ലാസ്റ്റിക്‌ ചെടി ചട്ടികള്‍ വേണം. കമ്പോസ്റ്റ് ബിന്നുകളാണ് ഇവ. 
അടുക്കളയില്‍ ഒരു വേസ്റ്റ് ബിന്‍ സൂക്ഷിക്കുക. ഒരു പ്ലാസ്റ്റിക്‌ കവര്‍ ഇതില്‍ ഇറക്കി വെച്ച് പച്ചക്കറി അരിഞ്ഞതിന്‍റെയും മീനിന്‍റെയും ഇറച്ചിയുടെയും അവശിഷ്ടങ്ങള്‍ ഇതില്‍ ഇടുക. അലിഞ്ഞു ചേരുന്ന മാലിന്യങ്ങള്‍ എന്തും ഇതില്‍   ഇടാം. വൈകിട്ട് ഈ മാലിന്യങ്ങള്‍ വെള്ളം ഊറ്റിക്കളഞ്ഞ ശേഷം ചെടിച്ചട്ടിയിലേക്ക് ഇടുക. 10 - 12 ദിവസം കൊണ്ടു ഒരുചട്ടി നിറയും. അടുത്ത ചട്ടികളില്‍ ഇത് ആവര്‍ത്തിക്കുക. ഏകദേശം 40 ദിവസം കൊണ്ടു ഈ മാലിന്യങ്ങള്‍ കമ്പോസ്റ്റ് ആയി മാറും. കമ്പോസ്റ്റ് ചട്ടികള്‍ക്ക് ചുവട്ടില്‍ തുളയുണ്ടായിരിക്കണം. ഓരോ ചട്ടിയും നിറയുമ്പോള്‍ വായു കടക്കുന്ന വിധത്തില്‍ വല കൊണ്ടു മൂടണം. വായുവിന്‍റെ സാന്നിധ്യത്തിലാണ് ഇവിടെ കമ്പോസ്റ്റിംഗ് നടക്കുന്നത്.

ഒരു പ്രശ്നം നേരിടാനുള്ളത്, വായുവിന്‍റെ യഥാര്‍ത്ഥത്തില്‍ ഓക്സിജന്‍റെ  
അഭാവമുണ്ടായാല്‍ ദുര്‍ഗന്ധം   വരും.   ഉറുമ്പും, മറ്റു ചെറിയ ജീവികളും ഈ പാത്രത്തിലേക്ക് ആകര്‍ഷിക്കപ്പെടും. ഇതിനെ പ്രതിരോധിക്കാന്‍ pelrich composorb പോലുള്ള സൂക്ഷ്മാണു സഹായികള്‍ ഉപയോഗിച്ചാല്‍ മതി. (
pelrich composorb നെക്കുറിച്ച്  കൂടുതല്‍ അറിയാന്‍ വിളിക്കുക 9446914623.)  Composorb ഉപോഗിക്കുമ്പോള്‍ ദുര്‍ഗന്ധം   ഉണ്ടാകില്ല. മാലിന്യം സംസ്കരിക്കപ്പെട്ടു ഹ്യുമസ് ഉണ്ടാകുന്നു. Composorb ഉപയോഗിച്ചുണ്ടാകുന്ന ഹ്യുമസ് ഉപയോഗിച്ച് ഒരു റൗണ്ട് കമ്പോസ്റ്റിംഗ് കൂടി നടത്താം. വീണ്ടും ഉണ്ടാകുന്ന ഹ്യുമസ് ചെടിച്ചട്ടികളിലോ പ്ലാസ്റ്റിക്, പോളിത്തീന്‍ കവറുകളിലോ നിറച്ചു വിത്തുകള്‍ അതിലേക്കു നേരിട്ട് നടാം. മണ്ണിനു പകരമായ നടീല്‍ മാധ്യമമായും ചെടികള്‍ക്ക് വളമായും ഇത് ഉപയോഗിക്കാം.

വീട്ടില്‍ കുട്ടികളിലൂടെ ഈ പ്രവര്‍ത്തനങ്ങള്‍ നടത്തിയാല്‍ കൃഷിയുടെ മേന്മകള്‍ മനസ്സിലാകുന്നതിനും പുതിയൊരു ജീവിത സംസ്കാരം തുടങ്ങാനും സഹായകമാകും. വളരെ കുറഞ്ഞ സമയവും കുറച്ചു മാത്രം സ്ഥലവും (നാല് ചെടിച്ചട്ടി വെക്കാനുള്ളത്ര മാത്രം) ഉപയോഗിച്ച് വീടും നാടും നമുക്ക് വൃത്തിയാക്കാം. ഒപ്പം
വിഷമയമില്ലാത്ത പച്ചക്കറികളും
  ആരോഗ്യമുള്ള ശീലങ്ങളും പുതിയൊരു ജീവിത സംസ്കാരവും നമുക്ക് സൃഷ്ടിക്കാം.
കൂടുതലായി അറിയേണ്ടവര്‍ എഴുതുക : ansaripta @gmail .com ,
ansaripta @live.com 

Monday, 9 April 2012

ജാതിക്കണ്ണ്‍ തുറപ്പിക്കുന്ന അഞ്ചാം മന്ത്രി..

ജാതി ചിന്തിച്ചും പറഞ്ഞും പ്രവര്‍ത്തിച്ചും മനുഷ്യത്വം മറന്നു പോയിരുന്ന ഒരു കറുത്ത കാലഘട്ടത്തിന്‍റെ കരാള ഹസ്തങ്ങളില്‍ നിന്ന് കേരളക്കര മോചിതമായത് നൂറ്റാണ്ടു നീണ്ടു നിന്ന സാമൂഹിക പരിഷ്ക്കരണ പ്രവര്‍ത്തനങ്ങളിലൂടെയാണ്. വഴിനടക്കാനും ദേവാലയങ്ങളില്‍ പോകാനും പൊതു സ്ഥലം ഉപയോഗിക്കാനും എല്ലാ ജാതിക്കും അവകാശമുണ്ടായിട്ട് അര നൂറ്റാണ്ട് കഴിഞ്ഞിട്ടേയുള്ളൂ. കേരളത്തിലെ ജാതി കോമരങ്ങള്‍ തുള്ളിയാര്‍ക്കുന്നതുകണ്ട് ഇവിടം ഭ്രാന്താലയമാണ്‌ എന്ന് പരിതപിച്ചുപോയ സ്വാമിജിയെയും അങ്ങനെയൊരു കരിപുരണ്ട കാലത്ത് നിന്നും നമ്മുടെ നാടിനെ കൈപിടിച്ചുയര്‍ത്തിയ ശ്രീനാരായണ ഗുരുവിനെയും, അയ്യങ്കാളിയെയും മറ്റനേകം നവോത്ഥാന നായകരെയും കഴിഞ്ഞ കുറച്ചു ദിവസമായി വല്ലാതെ ഓര്‍ത്തു പോകുന്നു. കേരളത്തില്‍ മുസ്ലിം സമുദായത്തില്‍ നിന്ന് ഒരു പുതിയ മന്ത്രി വന്നാല്‍ തകര്‍ന്നു പോകാന്‍ മാത്രം കെട്ടുറപ്പില്ലാത്ത ഒരു മത സൗഹാര്‍ദ്ദ അന്തരീക്ഷമാണോ ഒരു നൂറ്റാണ്ടിലേറെ കാലം സാമൂഹിക പരിഷ്കര്‍ത്താക്കള്‍ പടവെട്ടി നേടിയെടുത്തത് എന്നും സംശയിച്ചു പോകുന്നു.

ജാതി മത ശക്തികളുടെ പിന്തുണ കൊണ്ടാണ് തിരഞ്ഞെടുപ്പ് വിജയിച്ചത് എന്നോ, അധികാരത്തില്‍ എത്തിയത് എന്നോ ഇന്ത്യന്‍ നാഷണല്‍ കൊണ്ഗ്രസ്സോ കമ്മ്യൂണിസ്റ്റു പാര്‍ട്ടികളോ ഒരിക്കലും സമ്മതിച്ചു തരില്ല. മാത്രമല്ല, ജാതി സംഘടനകളുടെ വോട്ടു കൊണ്ടാണ് എതിരാളികള്‍ വിജയിച്ചത് എന്ന് ഗുരുതരമായ ഒരു ആരോപണമായി വെക്കുകയും ചെയ്യും. അമേധ്യം എറിഞ്ഞു ഒരാളെ നാറ്റിക്കുന്നതിനേക്കാള്‍ നാറ്റമുണ്ടാക്കുന്നതാണ് അത്തരമൊരു ആരോപണം. കാരണം കേരളത്തിന്‍റെ പൊതു മണ്ഡലം അങ്ങനെയാണ് നവോത്ഥാന കാലത്തിനു ശേഷം രൂപപ്പെട്ടിട്ടുള്ളത്. പരസ്യമായി ജാതി പറയുന്നതും, ചോദിക്കുന്നതും ജാതിക്കു വേണ്ടി വാദിക്കുന്നതും മോശമായതും പരിഷ്കൃത സമൂഹത്തിനു ചേരാത്തതുമാണ് എന്ന് ഉപമനസ്സില്‍ എവിടെയോ കോറിയിട്ടിട്ടുണ്ട്. ഉള്ളിന്‍റെയുള്ളില്‍ പഴകിയ ജാതി ചിന്തകള്‍ മങ്ങി കിടക്കുന്ന ആളുകള്‍ക്ക് പരസ്യമായി അത് കേരള സമൂഹത്തിനു മുന്നില്‍ പറയാന്‍ മടിയുമുണ്ട്.

അങ്ങനെ ഒരു സാഹചര്യത്തിലാണ് അഞ്ചാം മന്ത്രി ചര്‍ച്ചയാവുന്നത് . 72 MLA മാരുടെ പിന്തുണയില്‍ നിലക്കുന്ന യുഡിഎഫ് സര്‍ക്കാരില്‍ രണ്ടാം കക്ഷിയായ മുസ്ലിം ലീഗ് ഒരു മത്രി കൂടെ വേണമെന്ന് ആവശ്യപ്പെടുന്നു. അത് ചോദിക്കാന്‍ ലീഗിന് അര്‍ഹതയുണ്ടെന്നു എല്ലാ കോണ്‍ഗ്രസ് നേതാക്കളും മന്ത്രിസഭ ഉണ്ടായ ദിവസം മുതല്‍ പറയുന്നു. ലീഗ് അതൊരു ആവശ്യമായി ഉന്നയിച്ചപ്പോള്‍ സാമുദായിക സംതുലിതാവസ്ഥ തകര്‍ന്നു പോകുമെന്ന് പേടിക്കുന്നു, പ്രചരിപ്പിക്കുന്നു. തികച്ചും രാഷ്ട്രീയമാണ് ലീഗിന്‍റെ ആവശ്യം. ഇരുപതു എമ്മെല്ലേ ഉള്ള പാര്‍ട്ടിയാണത്. 38 MLA ഉള്ള കോണ്‍ഗ്രസിന്‌ 10 മന്ത്രിമാരാണ് ഉള്ളതെങ്കില്‍ 20 MLA മാര്‍ ഉള്ള ലീഗിന് ആര് മന്ത്രിമാരെ ആവശ്യപ്പെടാനും കണക്കനുസരിച്ച് ലഭിക്കാനും അര്‍ഹതയുണ്ട്. അത് സമുദായത്തിന്‍റെ കണക്കില്‍ അല്ല; യു ഡി എഫിലെ രണ്ടാമത്തെ രാഷ്ട്രീയ പാര്‍ട്ടി എന്ന ഗണത്തിലാണ്. മാത്രമല്ല, തിരഞ്ഞെടുപ്പില്‍ അമ്പേ തകര്‍ന്നു പോകുമായിരുന്ന കോണ്‍ഗ്രസിനെ താങ്ങി നിര്‍ത്തിയ പാര്‍ട്ടി എന്ന നിലയിലും കൂടിയാണ്. 82 സീറ്റില്‍ മത്സരിച്ച കോണ്‍ഗ്രസ്‌ 38 എണ്ണത്തില്‍ മാത്രമേ ജയിച്ചുള്ളൂ. 85 സീറ്റില്‍ മത്സരിച്ച സിപിഎമ്മാകട്ടെ 45 സീറ്റില്‍ വിജയിച്ചു. കൊല്ലം, ഇടുക്കി, കോഴിക്കോട്, കാസര്‍ഗോഡ്‌ ജില്ലകളില്‍ കോണ്‍ഗ്രസിന്‌ എമ്മെല്ലേ മാര്‍ ഇല്ല എന്നതും ഓര്‍ക്കണം. മന്ത്രിക്കാര്യത്തില്‍ വഷളത്തരം മാത്രം വിളമ്പി കോണ്‍ഗ്രസിനെ ഉപദേശിക്കുന്ന സുകുമാരന്‍ നായരുടെ സംഘടനയുടെ ആസ്ഥാനം നിലകൊള്ളുന്ന കോട്ടയം ജില്ലയിലും തൊട്ടടുത്ത ആലപ്പുഴ ജില്ലയിലും കോണ്‍ഗ്രസിന്‌ രണ്ടു വീതമാണ് സീറ്റുകള്‍.

മന്ത്രി തര്‍ക്കം മുറുകി വന്ന ഘട്ടത്തില്‍ കോണ്‍ഗ്രസിലെ ചില ഉന്നത കുലജാതരാണ് ജാതി സമവാക്യത്തിന്‍റെ താളം തെറ്റാന്‍ പോകുന്നു എന്നാ കണ്ടുപിടുത്തം നടത്തിയത്. അങ്ങനെ പേടിയുള്ള നേതാക്കള്‍ ചെയ്യേണ്ടത് തിരഞ്ഞെടുപ്പില്‍ സ്വന്തം ജാതിക്കാരെ കൊണ്ട് കോണ്‍ഗ്രസിന്‌ വോട്ടു ചെയ്യിപ്പിച്ചു കൂടുതല്‍ സീറ്റുകള്‍ നേടണമായിരുന്നു. അതിനു കഴിയില്ല എന്നകാര്യം ജാതി പറയുന്ന കോണ്‍ഗ്രസ്‌ നേതാക്കള്‍ക്ക് നന്നായി അറിയാം. പെരുന്നയില്‍ നിന്നോ പാലായില്‍ നിന്നോ ചേര്‍ത്തലയില്‍ നിന്നോ മര്‍ക്കസില്‍ നിന്നോ തിട്ടൂരമിറക്കിയാലൊന്നും ജനം വോട്ടു ചെയ്യില്ല. പാണക്കാട്ടു നിന്ന് പറഞ്ഞാല്‍ വോട്ടു ചെയ്യുന്നത്, തങ്ങള്‍ ആത്മീയ നേതാവായത് കൊണ്ടല്ല, മുസ്ലിം ലീഗിന്‍റെ പ്രസിഡന്റ്‌ ആയതു കൊണ്ടാണ്. അല്ലെങ്കില്‍ മലപ്പുറത്ത്‌ എത്രയോ തങ്ങന്മാര്‍ ഉണ്ട്.... കാന്തപുരം സുന്നി ഗ്രൂപ്പിലും കുറെ അധികം തങ്ങന്മാര്‍ ഉണ്ട്. അവര്‍ പറയുന്നതെല്ലാം മുസ്ലിംകള്‍ കേള്‍ക്കുക കൂടി ഇല്ലല്ലോ. ചുരുക്കത്തില്‍ ജാതി നോക്കിയല്ല കേരളത്തിന്‍റെ രാഷ്ട്രീയം തിരിയുന്നത്. എങ്കിലും ജാതി പറയുന്ന വെള്ളാപ്പള്ളിയുടെയും സുകുമാരന്‍ നായരുടെയും വായ്‌ നാറ്റം നാം നിരന്തരം അനുഭവിക്കേണ്ടി വരുന്നു. യു ഡീ എഫിലെ ഘടക കക്ഷികള്‍ തമ്മില്‍ ചര്‍ച്ച ചെയ്തു തീര്‍ക്കേണ്ട പ്രശ്നത്തില്‍ ഈ രണ്ടു വിടുവായന്മാര്‍ക്ക് എന്താണ് കാര്യം എന്ന് അന്വേഷിച്ചാല്‍ സത്യം വെളിവാകും. അവര്‍ അവരുടെ ജാതിക്കു എന്തെങ്കിലും മെച്ചമുണ്ടാകുമെന്നു കരുതിയോ സ്വന്തമായി എന്തെങ്കിലും നേട്ടമുണ്ടാകുമെന്നു കരുതിയോ അല്ല ഇത്തരം പ്രസ്താവനകള്‍ ഇറക്കുന്നത്‌. മറിച്ചു കോണ്‍ഗ്രസിലെ ചില മൂപ്പീല്‍സുകള്‍ നിരന്തരം ആവശ്യപ്പെട്ടതിന്‍റെ ഫലമായാണ് ഈ വര്‍ഗീയത ചവര്‍ക്കുന്ന വാക്കുകള്‍ പുറത്തു വന്നത്. കേരളത്തിന്‍റെ സാമൂഹിക പരിസരം എത്രമാത്രം മലിനമാകുന്നെന്നോ എന്തുമാത്രം വര്‍ഗീയ ചിന്തകള്‍ ഈ അക്കൗണ്ടില്‍ കുടം തുറന്നു വിടപ്പെട്ട ഭൂതം പോലെ നമുക്കിടയില്‍ വ്യാപിക്കുന്നെന്നോ പ്രസ്താവന ഇറക്കുന്നവരോ അതിനു പ്രേരിപ്പിക്കുന്നവരോ തിരിച്ചറിയുന്നില്ല.

അഞ്ചാം മന്ത്രി ചര്‍ച്ചകള്‍ കേരളത്തിന്‍റെ സാമൂഹിക വികസനത്തെ അരനൂറ്റാണ്ട് പുറകോട്ടു വലിച്ചിട്ടുണ്ട്. രാഷ്ട്രീയമായ ഒരുകാര്യത്തെ സാമുദായികമായും വര്‍ഗീയമായും വ്യാഖ്യാനിച്ച നേതാക്കളും ജാതി നേതാക്കളും "കൊടി കെട്ടിയ" മാധ്യമ സുഹൃത്തുക്കളും നിര്‍ബ്ബന്ധമായും ചില കണക്കുകള്‍ ഒത്തു നോക്കണം. മുസ്ലിം സമുദായത്തിലെ ഒരു സംഘടനയും ഒരു മന്ത്രി കൂടി വേണമെന്ന് ഇതുവരെ ആവശ്യപ്പെട്ടിട്ടില്ല. സമുദായത്തിന്‍റെ കാര്യം നോക്കാന്‍ ലീഗിനെ കുത്തക പാട്ടത്തിനു കൊടുത്തത് കൊണ്ടല്ല അവരാരും ഇതൊന്നും ആവശ്യപ്പെടാതിരുന്നത്. മറിച്ചു ലീഗിനെ സമുദായത്തിന്‍റെ പാര്‍ട്ടി എന്നനിലയില്‍ അല്ല മുസ്ലിം സംഘടനകള്‍ വ്യാഖ്യാനിക്കുന്നത്. കോണ്‍ഗ്രസ്‌, കമ്മ്യൂണിസ്റ്റ്‌, ബിജെപി തുടങ്ങി കാക്കതൊള്ളായിരം പാര്‍ട്ടികള്‍ക്കിടയിലെ ഒരു പാര്‍ട്ടി മാത്രമായാണ് കാണുന്നത്.

മേല്പറഞ്ഞതെല്ലാം മാറ്റിവച്ച് സമുദായ കണക്കുകള്‍ പരിശോധിച്ചാലോ...സോഷ്യല്‍ നെറ്റ്‌വര്‍ക്ക് സൈറ്റുകളില്‍ കാണുന്ന ചില കണക്കുകള്‍ വാദത്തിനു വേണ്ടി ഇവിടെ കുറിക്കട്ടെ. യു ഡി എഫിലെ ആകെ MLA മാര്‍ 72 . ഹിന്ദു -26 മന്ത്രിമാര്‍ -9 സ്പീക്കര്‍ 1, മുസ്ലിം MLA മാര്‍ 27 , മന്ത്രിമാര്‍ 5 , ക്രിസ്ത്യന്‍ MLA മാര്‍ 19 , മന്ത്രിമാര്‍ 5 +1 ( അനൂപ്‌) ഡെപ്യൂട്ടി സ്പീക്കര്‍ 1 , ചീഫ് വിപ്പ് 1. മന്ത്രി സഭ നിലനിര്‍ത്തുന്നതില്‍ ഏറ്റവും കൂടുതല്‍ പിന്തുണ നല്‍കുന്ന സമുദായത്തിന് ഒരു പദവി കൂടി ലഭിച്ചാല്‍ എന്താ ..... ആകാശം ഇടിഞ്ഞു വീഴുമോ.... ഒരു കാര്യം, ഈ കണക്കുകള്‍ ഇതേവരെ ഒരു ലീഗ് നേതാക്കളോ മുസ്ലിം സംഘടനകളോ ഉന്നയിച്ചിട്ടില്ല എന്നോര്‍ക്കണം.

വര്‍ഗീയത മനസ്സില്‍ സൂക്ഷിക്കുകയും ഖദര്‍ ധരിക്കുകയും ചെയ്യുന്ന കോണ്‍ഗ്രസിലെ ചില ജാതി കോമരങ്ങള്‍ മാത്രമല്ല, കേരളത്തിന്‍റെ
നവോത്ഥാനത്തിനും
സാമൂഹിക പരിഷ്കരണത്തിനും ഏറെ വിയര്‍പ്പൊഴുക്കി എന്ന് അവകാശപ്പെടുന്ന കമ്മ്യൂണിസ്റ്റ്‌ പാര്‍ട്ടിയുടെ സമുന്നതരായ നേതാക്കള്‍ - വിഎസും കോടിയേരിയും വര്‍ഗീയ ധ്രുവീകരണത്തിന് വഴിവെക്കുന്ന വിധത്തിലാണ് പ്രതികരിച്ചത്. അഞ്ചാം മന്ത്രി വന്നാല്‍ സാമുദായിക സൗഹാര്‍ദ്ദം തകരുമെന്ന് ഒരു വിലയിരുത്തലും നടത്താതെ വിളിച്ചു പറഞ്ഞുകളഞ്ഞു. ഇങ്ങനെ പറയും മുന്‍പ് വി എസ് സ്വന്തം മന്ത്രിസഭയിലെ സമുദായ സംതുലിതാവസ്ഥ എങ്ങനെയായിരുന്നു എന്ന് ഒന്നു പരിശോധിക്കേണ്ടതായിരുന്നു. ആ കണക്കുകള്‍ എത്ര മോശമായിരുന്നു എന്ന് അപ്പോള്‍ മനസിലാകും. അന്ന് ഭരണ കക്ഷിയിലെ രണ്ടാമത്തെ പാര്‍ട്ടിയുടെ എല്ലാ മന്ത്രിമാരും ഒരേ ജാതിക്കാരായിരുന്നു. വി എസ ഉള്‍പ്പെടെ ആ ജാതിക്കു ഏഴു മന്ത്രിമാരായിരുന്നു. ഒരു സംഘടനയോ, രാഷ്ട്രീയ പാര്‍ട്ടിയോ, ഏതെങ്കിലും സമുദായമോ അത് തെറ്റാണെന്നോ ജാതി സമവാക്യം തെറ്റിയെന്നോ ആരോപിച്ചില്ല. ഇപ്പോള്‍ യു ഡി എഫ് മന്ത്രിസഭക്ക് മാത്രം എന്തെ ഇങ്ങനെ ഒരു വിവാദം...മന്ത്രിയെ തീരുമാനിക്കുന്നതില്‍ ജാതിയല്ല, പാര്‍ട്ടിയാണ് കാര്യം എന്നോ, കഴിവാണ് നോക്കേണ്ടത് എന്നോ, പറഞ്ഞിരുന്നതെങ്കില്‍ കമ്മ്യുണിസ്റ്റ് പാര്‍ട്ടി ഉയര്‍ത്തിപ്പിടിച്ച മൂല്യങ്ങള്‍ അവശേഷിക്കുന്നു എന്ന് പറയാമായിരുന്നു. കഷ്ടം , ദീപസ്തംഭം............ ( തുടരും)