അഴിമതി ആരോപണങ്ങളാല്‍ മുഖം കറുത്തുപോയ ജ്യുഡിഷ്യറിക്ക് ആവശ്യം കറുത്ത ഗൌണ്‍ ധരിച്ച കളങ്ക രഹിതരെയാണെന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് എസ എച് കപാഡിയ. ന്യൂ ഡല്‍ഹിയില്‍ M .C സെറ്റെല്‍വാദ് സ്മാരക പ്രഭാഷണം നടത്തവേയാണ് നമ്മുടെ നീതിന്യായ വ്യവസ്ഥക്ക് നേരെ അദ്ദേഹം ഒരു കണ്ണാടി പിടിച്ചു അതിന്റെ ചീഞ്ഞ ഭാഗങ്ങള്‍ പൊളിച്ചു കാട്ടിയത്. അഴിമതിക്കാരായ ജഡ്ജിമാരെ രാഷ്ട്രീയക്കാര്‍ സംരക്ഷിക്കരുത്, ന്യായാധിപന്മാര്‍ ജീവിക്കുന്ന മാതൃകകള്‍ ആകണം, ജ്യുഡിഷ്യറിയുടെ വിശ്വാസ്യതയും സ്വാതന്ത്ര്യവും ഉയര്‍ത്തിപ്പിടിക്കുന്ന കളങ്ക രഹിതരെയാണ് രാജ്യത്തിന് ഇന്ന് ആവശ്യം എന്നൊക്കെ അദ്ദേഹം പറയുമ്പോള്‍, ചില അവിഹിത ബന്ധങ്ങളുടെ അപകടകരമായ മാന്ത്രിക ചതുരങ്ങള്‍ ചൂണ്ടിക്കാണിക്കുകയാണ്.
ജനാധിപത്യത്തിന്റെ മൂന്നു തൂണുകളില്‍ ഒന്നാണ് നീതിന്യായ വ്യവസ്ഥ. രാഷ്ട്രീയക്കാരാല്‍നിയന്ത്രിക്കപ്പെടുന്ന പാര്‍ലമെന്റും എക്സി ക്യുടീവും സ്വാതന്ത്ര്യത്തിന്റെ ആദ്യ പാദത്തില്‍ തന്നെ അഴിമതി ആരോപണങ്ങള്‍ക്കും സ്വജനപക്ഷ പ്രീണനങ്ങള്‍ക്കും അധികാര ധൂര്‍ത്തിനും ദുര്‍ വ്യയത്തിനും വിധേയമായി കഴിഞ്ഞിരുന്നു എന്നത് ഒരു ഇന്ത്യന്‍ ജനാധിപത്യ ദുഖമാണ്. പിന്നെ ജനങ്ങള്‍ക്ക് പ്രതീക്ഷ ഉണ്ടായിരുന്ന ഒന്ന് ജ്യുഡിഷ്യറി ആയിരുന്നു. പക്ഷെ അതിനും അഴിമതിയുടെ ചിതല്‍ ബാധിക്കാന്‍ അധിക സമയം വേണ്ടിവന്നില്ല.
നീതിന്യായ വ്യവസ്ഥക്ക് പുഴുക്കുത്ത് എല്ക്കുന്നത് സമൂഹത്തിന്റെ നീതി ബോധത്തെ തകര്‍ക്കുമെന്ന് അറിയാത്തവരല്ല കോടതികളുടെ കൊട്ടുവടി പിടിക്കുന്നത്. പക്ഷെ ജഡ്ജിമാരുടെ നിയമനം മുതല്‍ വിധേയത്വവും കടപ്പാടും പ്രീണനവും പ്രലോഭനങ്ങളും മോഹ ശരങ്ങളാകുന്നു . ജ്യുഡിഷ്യറിയുടെ ചുമതലക്കാരും രാഷ്ട്രീയക്കാരും പരസ്പര സഹായ സംഘങ്ങള്‍ രൂപീകരിച്ചപ്പോള്‍ മരണക്കിടക്ക കയറിയത് ഇന്ത്യന്‍ നീതി വ്യവസ്ഥയുടെ വിശ്വാസ്യതയാണ്.
നീതി, നീതിപൂര്‍വ്വം നിര്‍വഹിക്കപ്പെടണം എന്നു മാത്രമല്ല, അത് അങ്ങനെയാണെന്ന് സാധാരണ ജനത്തിന് ബോധ്യപ്പെടുകകൂടി വേണം. അതാണ് അതിപുരാതന കാലം മുതല്‍ക്കു ഈ വ്യവസ്ഥിതി ഉള്‍ക്കൊള്ളുന്ന തത്വങ്ങളില്‍ ഒന്ന്. നിര്‍ഭാഗ്യവശാല്‍ അങ്ങനെയല്ല കാര്യങ്ങള്‍. സമ്പത്തും അധികാരവും സ്വാധീനവും കയ്യിലുള്ളവര്‍ക്ക് മാത്രം പ്രാപ്യമാകുന്ന തരത്തില്‍ നീതിന്യായം മാറിക്കഴിഞ്ഞു. നീതി അന്യായമാകുന്ന ഒരുകാലമായി തീര്‍ന്നിരിക്കുന്നു. കോടതികളിലെ ഭാരിച്ച ചെലവുകള്‍ സാധാരണക്കാരന് നീതി ലഭിക്കുന്നതിനു തടസ്സമാകുന്നുണ്ട്. ( സൌജന്യ നിയമ സഹായത്തിന്റെ പോരായ്മകള്‍ അത് അനുഭവിക്കാന്‍ വിധിക്കപ്പെട്ട ഹത ഭാഗ്യരോട് ചോദിക്കുക ..) ഇതിനൊക്കെ പുറമേ ജഡ്ജി- വക്കീല്‍- രാഷ്ട്രീയക്കാര്‍ എന്നിവര്‍ തമ്മിലുള്ള അവിഹിത കൂട്ടുകെട്ടുകള്‍. പോലിസ് പറയുന്നത് അപ്പടി വിശ്വസിക്കുന്ന മറ്റൊരു കൂട്ടം ജഡ്ജിമാര്‍.
ഇത്തരത്തില്‍ ചീഞ്ഞു നാറുന്ന എന്തൊക്കെയോ കോടതിക്കസേരയുടെ താഴെ ഉണ്ടെന്നു ആരെങ്കിലും പറഞ്ഞാല്‍ അവനെ അകത്തിടാന്‍ വകുപ്പും നമ്മുടെ രാജ്യത്തുണ്ട്. കോടതി അലക്ഷ്യം എന്ന കത്രികക്കു കഴുത്ത് വെക്കാന്‍ അധികമാരും ഇഷ്ടപ്പെടാത്തതുകൊണ്ട് തന്നെയാണ് ആരോപണങ്ങള്‍ ഉന്നയിക്കാന്‍ മടിക്കുന്നത്.
രാജ്യത്തിന്റെ വിവിധ കോടതികളില്‍ കെട്ടിക്കിടക്കുന്ന കേസുകളുടെ എണ്ണം എടുത്താല്‍ നാം പഠിച്ച പെരുക്ക കണക്കുകള്‍ പരാജയപ്പെടും. അനന്തമായി നീളുന്ന സിവില്‍ കേസുകളും നാള്‍ക്കുനാള്‍ നീട്ടി വയ്ക്കുന്ന ക്രിമിനല്‍ കേസുകളും തിന്നു തീര്‍ക്കുന്നത് ഈ രാജ്യത്തെ അനേക ലക്ഷം മനുഷ്യ ആയുസ്സാണ്. ഇതൊന്നും അറിയാത്തവരല്ല നമ്മുടെ ജഡ്ജിമാര്‍. വിചാരണക്കും വിധിക്കും മുന്‍പും ശേഷവും ജഡ്ജിമാരുമായി സംഭാഷണവും ചര്‍ച്ചയും നടത്തുന്ന സീനിയര്‍മാരും ഇടനിലക്കാരായി വര്‍ത്തിക്കുന്ന ജീവനക്കാരും നമ്മുടെ കോടതികളിലെ നിത്യ കാഴ്ചകളാണ്. ഇവിടെയാണ് പരമോന്നത ന്യായാധിപന്റെ വാക്കുകള്‍ വെള്ളി വെളിച്ചമാകുന്നത്.
ജഡ്ജിമാര്‍ സ്വയം അച്ചടക്കം പാലിക്കണം, അഭിഭാഷകര്‍, നേതാക്കള്‍, മന്ത്രിമാര്‍, എന്നിവരില്‍ നിന്ന് അകലം പാലിക്കണം, ഒരു തരത്തിലും ആരുടേയും രക്ഷാ കര്‍തൃത്വം അവര്‍ സ്വീകരിക്കരുത്, വിരമിച്ച ശേഷം ചില ജോലികള്‍, ചില സൌജന്യങ്ങള്‍, ചില പരിഗണനകള്‍, എന്നിവക്കൊന്നും നിന്ന് കൊടുക്കരുത്, തുടങ്ങി അഴ്മാതിയില്‍ നിന്ന് മാറിനില്‍ക്കാന്‍ വ്യക്തമായ ഒരു ഗൈഡ് ലൈന്‍ ചീഫ് നല്‍കുന്നുണ്ട്.
അഴിമതിക്കെതിരെ രാജ്യത്ത് പൊതു ജന വികാരം ഉയര്‍ന്നു നില്‍ക്കുകയും രാഷ്ട്രീയക്കാരുടെ അഴിമതി തടയാന്‍ ലോക്പാല്‍ ബില്‍ അണ്ണാ ഹസാരെ പണിത അടുക്കളയില്‍ വേവുകയും ചെയ്യുന്ന ഈ സമയത്ത് ജ്യുഡിഷ്യറിയെക്കുറിച്ച് ആത്മ വിമര്‍ശനപരമായി സംസാരിച്ച ചീഫ് ജസ്റ്റിസ് പ്രതീക്ഷ ഉണര്‍ത്തുന്നു.
No comments:
Post a Comment