Wednesday, 27 April 2011

എന്‍ഡോ സള്‍ഫാനും നോക്കുകുത്തി ജനാധിപത്യവും

സ്കൂള്‍ ജീവിതത്തില്‍ ഉടനീളം ഒരു ആയിരം തവണയെങ്കിലും ഇന്ത്യ എന്റെ രാജ്യമാണെന്ന് ഞാന്‍ പ്രതിജ്ഞ ചെയ്തിട്ടുണ്ടാവും. പാഠപുസ്തകങ്ങളിലൂടെയും നല്ലവരായ അധ്യാപകരിലൂടെയും എന്റെ രാജ്യം ലോകത്തെ ഏറ്റവും മഹത്തായ രാജ്യമാണെന്ന് ഞാന്‍ പഠിക്കുകയും ചെയ്തിട്ടുണ്ട്. ലോകത്തിനു മുന്‍പില്‍ നിവര്‍ന്നു നില്‍ക്കാന്‍ ഒരു അവസരം ലഭിക്കുകയും സ്വന്തം രാജ്യത്തെക്കുറിച്ച് എന്തെങ്കിലും പറയേണ്ടി വരികയും ചെയ്‌താല്‍ ലോകത്തെ ഏറ്റവും മഹത്തായ രാജ്യത്തിലെ പൌരനാണ് ഞാന്‍ എന്ന് പറയുകയും ചെയ്യുമായിരുന്നു. എന്റെ നാട് എനിക്ക് അത്രയ്ക്ക് ഇഷ്ടമാണ്. 

ജനാധിപത്യമാണ് ഈ രാജ്യത്തിന്റെ ഭരണ സംവിധാനമെന്നും അത് ജനങ്ങള്‍ക്ക്‌ വേണ്ടി ജനങ്ങളാല്‍ തിരഞ്ഞെടുക്കപ്പെട്ട ആളുകള്‍ ജനഹിതമനുസരിച്ച് നടത്തുന്നതാണെന്നും ഞാന്‍  മനസിലാക്കിയിരുന്നു. ഇപ്പോള്‍, പത്രങ്ങളും വാരികകളും വായിക്കാനും മനസിലാക്കാനും പ്രാപ്തമായ ഒരു കാലത്ത്, ചുറ്റും നടക്കുന്നതൊക്കെ തിരിച്ചറിയാന്‍ പ്രായമായ ഒരു കാലത്ത് ഞാനറിയുന്നു, എന്റെ ആഗ്രഹങ്ങളും പ്രതീക്ഷകളുമല്ല ഈ രാജ്യം നടപ്പിലാക്കുന്നത് എന്ന്.

എന്‍ഡോ സള്‍ഫാന്റെ ശാസ്ത്രീയ വശങ്ങള്‍ എനിക്കറിയില്ല. അതിന്റെ ലാഭക്കണക്കുകള്‍ എനിക്കറിയില്ല. അതെങ്ങനെ കീടങ്ങളെ മാത്രം കൊല്ലുന്നു എന്നും എനിക്കറിയില്ല. എനിക്കറിയാവുന്നത്, ആ വിഷം തളിച്ച പ്രദേശങ്ങളിലെ എന്റെ  സഹോദരങ്ങള്‍ ജീവിക്കുന്ന പ്രേതക്കോലങ്ങള്‍ ആയി മാറിയെന്ന്‌ മാത്രമാണ്.

എന്റെ അച്ഛനും അമ്മയും കശുവണ്ടി വ്യാപകമായി വിളയുന്ന നാട്ടില്‍ ജനിക്കുകയും അവിടെ പ്ലാന്റേഷന്‍ കോപ്രേഷന്‍ ഹെലികോപ്ടെറില്‍  വിഷം കൊണ്ടുവന്നു തളിക്കുകയും ചെയ്തിരുന്നെങ്കില്‍ ഇങ്ങനെ കുറിക്കാനും ഈ കാഴ്ചകളുടെ തീവ്ര നോവില്‍ ഉള്ളിലൊരു തേങ്ങല്‍ തങ്ങി നിര്‍ത്താനും എനിക്ക്  കഴിയുമായിരുന്നില്ല. ഇങ്ങനെ ആയിരങ്ങള്‍ എന്റെ സംസ്ഥാനത്ത് ജീവിക്കാന്‍ ഒരു സാധ്യതയും സ്വയം ഇല്ലാതിരുന്നിട്ടും മനുഷ്യത്വവും വാത്സല്യവും അറ്റുപോകാത്ത മാതാപിതാക്കളുടെ കൂടെ ജീവിക്കുന്നുണ്ട് എന്നും അവരുടെ കെടുതികള്‍ക്കുടമ എന്റെ നാട് ഭരിക്കുന്നവരാണ് എന്നും തിരിച്ചറിയുമ്പോള്‍ ഞാന്‍ ഭരണക്കാരെ വെറുത്തു പോകുന്നു.

ലോക രാജ്യങ്ങള്‍ ഗുരുതരമായ എന്‍ഡോ സള്‍ഫാന്‍ വിഷം നിരോധിക്കുന്ന കാര്യം ചര്‍ച്ചചെയ്യാന്‍ ഒത്തുകൂടിയ സദസ്സില്‍ എന്റെ രാജ്യത്തിന്റെ പ്രതിനിധി ഇത് വിഷമല്ല എന്ന് വാദിക്കുകയും നിരോധിക്കരുത് എന്ന് ആവശ്യപ്പെടുകയും ചെയ്ത വാര്‍ത്ത കണ്ണീരും വേദനയും ആത്മ നിന്ദയും കലര്‍ന്ന വികാരത്തോടെ മാത്രമേ കേള്‍ക്കാന്‍ കഴിഞ്ഞുള്ളൂ. പക്ഷെ ഈ നാടിനെക്കുറിച്ചും ജനങ്ങളെ കുറിച്ചും എന്റെ നാടിന്റെ നേതാക്കളെക്കാള്‍ കരുതലും സഹാനുഭൂതിയും സാമ്രാജ്യത്വ രാജ്യങ്ങള്‍ എന്നും ഇന്ത്യയുടെ ശത്രുക്കള്‍ എന്നും ഞാന്‍ ആക്ഷേപിച്ചിരുന്ന രാജ്യങ്ങള്‍ ഉള്‍പ്പെടെ 171 രാജ്യങ്ങള്‍ക്കുണ്ടായിരുന്നു. അവര്‍ എന്‍ഡോ സള്‍ഫാന്‍ വിഷം നിരോധിക്കണം എന്ന് ആവശ്യപ്പെടുന്നവര്‍ ആണത്രേ. ഈ വിഷയം വോട്ടിനിടാതിരിക്കാന്‍ എന്റെ നാട്ടില്‍ നിന്ന് പോയ പ്രതിനിധി വല്ലാതെ ശ്രമിക്കുകയും ചെയ്തു.

ലോക രാജ്യങ്ങളുടെ മുന്‍പില്‍ ഇന്ത്യ എന്ന മഹത്തായ രാജ്യവും ലോക ജനതയ്ക്ക് മുന്‍പില്‍ ഇന്ത്യക്കാരന്‍ എന്ന മഹാ പൌരനായ ഞാനും അപമാനിതരായി. എന്റെ നാടും വിഷത്തിനു ഇരകളായവരും അവരെ ശുശ്രൂഷിക്കുകയും പരിപാലിക്കുകയും ചെയ്യുന്നവരും അപമാനിക്കപ്പെട്ടു. നക്കാ പിച്ച കാശിനു വേണ്ടി ഈ നാടിനെ ഒറ്റുകൊടുത്ത ഈ അഭിനവ യൂദാസുമാര്‍ക്ക് എന്ത് ശിക്ഷയാണ് നല്‍കുക....

രാജ്യം ഭരിക്കുന്ന പാര്‍ടിയുടെ സംസ്ഥാന നേതാക്കള്‍ പ്രധാന മന്ത്രിയെ കണ്ടപ്പോള്‍ അദ്ദേഹം പറഞ്ഞത് പഠനം നടക്കുന്നതിന്റെ ഫലം വന്നിട്ട് കാര്യങ്ങള്‍ പരിശോധിക്കാം എന്നാണ്‌. അങ്ങനെ എങ്കില്‍ ഫലം വരും വരെ ഒരു മധ്യമ നിലപാട് അദ്ദേഹം സ്വീകരിക്കേണ്ടേ..... അതിനു പകരം വിഷത്തെ അനുകൂലിക്കുന്ന നിലപാട് എടുത്തത്‌ എന്തിനാണ്...? ഇനി അദ്ദേഹം അയച്ച പ്രതിനിധിയുടെ വാക്കുകള്‍ ലോക രാജ്യങ്ങള്‍ അംഗീകരിച്ചു  ഈ വിഷം നിരോധിക്കാതെ പോകുകയും പിന്നീട് പഠന ഫലം ഈ വിഷ പദാര്‍ത്ഥത്തിനു എതിരായി വരുകയും ചെയ്‌താല്‍ ഇതുപോലെ ഒരു സമ്മേളനം വിളിച്ചുകൂട്ടി മന്‍മോഹന്‍ സിംഗ് ഇത് നിരോധിക്കുമോ....?

മന്‍മോഹന്‍ സിങ്ങും, ശരത് പവാറും, ജയറാം രമേഷും വലിയ വലിയ നേതാക്കള്‍ തന്നെ. ഒപ്പം എന്‍ഡോ സള്‍ഫാന്‍ വിഷത്തെ ന്യായീകരിച്ചു ഈ സമയത്ത് തന്നെ പഠന റിപ്പോര്‍ട്ട് പുറത്തു വിട്ട ഗുജറാത്തിലെ കുപ്രസിദ്ധ കൂട്ടക്കൊല വീരനും. എല്ലാവര്ക്കും തിന്നാന്‍ എന്‍ഡോ സള്‍ഫാന്‍ ഒരുക്കിയ വിചിത്ര ജീവികളുടെ ശരീരങ്ങള്‍ ഇവിടെ ബാക്കിയുണ്ട്... സമ്മേളനങ്ങളും പഠനങ്ങളും പൂര്‍ത്തിയാക്കി ക്ഷീണിച്ചു വരുമ്പോള്‍ കഴിക്കാം. കൂടെ എന്‍ഡോ സള്‍ഫാന്‍ തളിച്ച് വളര്‍ത്തിയ കശുവണ്ടിയും തരാം.

ഒന്ന് മാത്രം പറയട്ടെ. ഈ കൊടിയ വിഷത്തിനു അനുകൂലമായ നിലപാടെടുത്തത് എന്റെ രാജ്യമല്ല. എന്റെ ഇന്ത്യ അല്ല. എന്റെ നേതാക്കളും അല്ല. എന്‍ഡോ യുടെ ഇന്ത്യയാണ് അത്. എന്റെ വോട്ടുകള്‍ വാങ്ങി നേതാക്കള്‍ നോക്കുകുത്തി ജനാധിപത്യം നടത്തുകയാണ്. അതുകൊണ്ടുതന്നെ ഇപ്പോഴത്തേതു ഒരു ജനാധിപത്യ രാജ്യവുമല്ല.

ജനങ്ങള്‍ തിരഞ്ഞെടുത്ത ഒരുകൂട്ടം ആളുകള്‍  ജന വിരുദ്ധമായി കാര്യങ്ങള്‍ ചെയ്യുന്ന ഒരു തരം ആധിപത്യ സംവിധാനം.

No comments:

Post a Comment