കാളാഞ്ചി എന്ന മീനിനു എത്ര പേരുകള്‍ ഉണ്ട്...? പത്തനംതിട്ടയില്‍ പലരോടും ചോദിച്ചിട്ടും വ്യക്തമായ ഒരു ഉത്തരം കിട്ടിയില്ല. കോട്ടയത്ത് കാളാഞ്ചി എന്നും തൊടുപുഴയില്‍ വെള്ള, ഏര എന്നീ പേരുകളിലും അറിയപ്പെടുന്ന മീനാണിതെന്നു ഭാര്യക്കറിയാം. പക്ഷെ ആ മീനിന്റെ പത്തനംതിട്ടയിലെ പേര് എനിക്ക് എത്ര ആലോചിട്ടും പിടികിട്ടിയില്ല. അവസാനം മീന്‍ കണ്ടാല്‍ തിരിച്ചറിയാം എന്ന് ഭാര്യ പറഞ്ഞതനുസരിച്ച് മാര്‍ക്കറ്റില്‍ പോയി ഒരു തിരിച്ചറിയല്‍ പരേഡ് നടത്താമെന്ന് വെച്ചു. ഞങ്ങള്‍ നഗരത്തിലെത്തുമ്പോള്‍ വന്‍ തിരക്ക്. ഉത്രാട പാച്ചില്‍ പോലൊരു ഈസ്റ്റെര്‍ പാച്ചില്‍. മീന്‍ മാര്‍ക്കറ്റില്‍ നില്ക്കാന്‍ സ്ഥലമില്ലാത്ത വിധം ആളുകള്‍ തിങ്ങി നിറഞ്ഞു നിലക്കുന്നു. വറ്റ, ചൂര, നെമ്മീന്‍, തേട്, പൂമീന്‍, തുടങ്ങി "തുണ്ടന്‍" മീനുകള്‍ വാങ്ങാന്‍ ജനങ്ങള്‍ തിങ്ങി നിറഞ്ഞു നില്‍ക്കുന്നു. മത്തി, അയല, കിളി, നെത്തോലി, തുടങ്ങിവ "ദാരിദ്ര്യ രേഖക്ക് താഴെയുള്ള" മീനുകള്‍ക്ക് ഇന്നിത്തിരി ഡിമാണ്ട് കുറവാണെങ്കിലും കച്ചവടം മോശമില്ല. ഞാനും ഭാര്യയും ഒരുവിധം തുണ്ടന്‍ മീനുകള്‍ വില്‍ക്കുന്ന സ്റ്റാളുകളില്‍ വിരല്‍ കുത്തി നിന്നു. നിരത്തിവെച്ചിരിക്കുന്ന വിവിധതരം മീനുകളില്‍ എനിക്ക് പേരറിയാത്ത ഒന്നിനെ ചൂണ്ടി ഭാര്യയോടു ഞാന്‍ ചോദിച്ചു " ഇത് വല്ലതുമാണോ കാളാഞ്ചി..." കണ്ടെട്ടു മനസിലാകുന്നില്ലെന്നു അവള്‍. സംശയത്തോടെ നോക്കുന്നത് കണ്ടാല്‍ സ്കൂളില്‍ എസ് എസ് എല്‍ സി ബുക്കില്‍ രേഖപ്പെടുത്താന്‍ മാഷ് കുട്ടികളുടെ കൈയിലും കാലുകളിലും മറുകുകള്‍ നോക്കുന്നതുപോലെ തോന്നും. എങ്ങാനും മാറിപ്പോയാലോ.........!
ഇതിനിടയില്‍ നൂറു തവണയെങ്കിലും വില്പനക്കാര്‍ മോനെ, സാറേ, വക്കീലെ, ഏതു മീനാണ് വറ്റ എടുക്കട്ടെ എന്നൊക്കെ വിളിക്കുകയും ചോദിക്കുകയും ചെയ്യുന്നത് ഞാന്‍ അവഗണിച്ചു. ഭാര്യ അവിടിരിക്കുന്ന എല്ലാ മീനുകളും കാളാഞ്ചിയാണെന്ന് പറയും മുന്‍പ് ഞാന്‍ പരിചയമുള്ള മുതലാളിയോട് കാളാഞ്ചി ഏതാണെന്ന് ചോദിച്ചു. അയാള്‍ ഒന്ന് നോക്കി ചിരിച്ചിട്ട് നല്ലത് കൊണ്ടുപോ എന്നും പറഞ്ഞു പൂമീന്‍ വിഭാഗത്തില്‍ പെടുന്ന ഒന്നെടുത്തു വെട്ടാന്‍ കൊടുത്തു.
ഈ വെട്ടുന്നത് കാളാഞ്ചിയാണോ അല്ലേ എന്നോ ഞാന്‍ ചോദിച്ചിട്ട് അയാള്‍ ഒന്നും പറയാതെ ദൂരെക്കൂടി പോകുന്ന ആളുകളെ അച്ചായ, അമ്മാമേ നല്ല മീന്‍, സുന്ദരന്‍ മീന്‍, കറിവെച്ചാല്‍ വറത്തത് പോലെ തിന്നാം എന്ന് തുടങ്ങി മുള്ളുവെച്ചതും കല്ലുവെച്ചതുമായ പലതും പറഞ്ഞുകൊണ്ടിരുന്നു. അല്‍പ സമയത്തിനകം ഒരു പ്ലാസ്റിക് കവറില്‍ പൊതിഞ്ഞു പേരറിയാത്ത ഒരു മീനിന്റെ ജഡം എനിക്ക് നേരെ നീട്ടി. പിന്നെ അയാള്‍ കാളാഞ്ചി മീന്‍ കാണിച്ചു തന്നു. ഇന്നത്തെ കാളാഞ്ചിയേക്കാള്‍ രുചിയുള്ളതാണ് ഇത് എന്ന് പറഞ്ഞാണ് കവര്‍ നീട്ടിയത്.
"എത്രയാ"
"ഇരുന്നൂറ്റി നാല്പതാ ...."
"എത്ര വേണം.."
"കൊട്..."
അഞ്ഞൂറിന്റെ ഒരു നോട്ടു നല്‍കിയപ്പോള്‍ മുന്നൂറു ബാക്കിതന്നു. നാല്പതു രൂപ ലാഭം കിട്ടിയതിന്റെ അഹങ്കാരം ഉള്ളിലൊളിപ്പിച്ചു പുറത്തിറങ്ങിയപ്പോള്‍ ഞങ്ങള്‍ കയറിയ സ്റ്റാളിന്റെ പങ്കു കച്ചവടക്കാരനായ മറ്റൊരു പരിചയക്കാരനെ കണ്ടു,....
" ഇന്നെന്തിനാ മീന്‍ വാങ്ങാന്‍ ഇറങ്ങിയത് ...അട വെച്ച മീനല്ലേ"
ഭാര്യക്ക് സംശയം " അട വെച്ച മീനോ...?"
"അതെ, ഇത് ഇന്നും ഇന്നലെയുമൊന്നും പിടിച്ചതല്ല .. ഈസ്റ്റെര്‍ കച്ചവടത്തിനായി ആഴ്ചകള്‍ക്ക് മുന്‍പ് വന്നതലേ..." ചമ്മിയ മുഖവുമായി ഞാനും ഭാര്യയും നില്‍ക്കുമ്പോള്‍ അയാള്‍ പറഞ്ഞു.. " സാരമില്ല, ഇത് കൊണ്ടുപോയി പൊരിച്ചു തിന്നു.. കറി വെച്ചാ പൊടിഞ്ഞു പോകും... ഇനി ഒരാഴ്ച കഴിഞ്ഞു മീന്‍ വാങ്ങാന്‍ ഇറങ്ങിയാല്‍ മതി... വറ്റയുടെ തല തരാം.. കപ്പയും കൂട്ടി കഴിക്കാന്‍ നല്ലതാ.."
ബര്‍ഗൈന്‍ ചെയ്യാതെ നാല്പതുരൂപ കുറച്ചു തന്നിട്ട് ആദ്യത്തെ പരിചയക്കാരന്‍ ദയനീയമായി നോക്കിയതിന്റെ അര്‍ഥം അപ്പോള്‍ മാത്രമേ പിടി കിട്ടിയുള്ളൂ... മീന്‍ വാങ്ങി പറ്റിയ അമളി ഉള്ളിലൊതുക്കി കുറച്ചു പോത്തിറച്ചി വാങ്ങാമെന്നു കരുതി പരിചയമുള്ള കോള്‍ഡ് സ്റ്റൊരജില്‍ പോയി. പരിചയക്കാരനായ മുതലാളി ആയിരുന്നില്ല കൌണ്ടറില്‍. എങ്കിലും ഒരുകിലോ പോത്തിറച്ചി വാങ്ങി. കല്ല് പ്ലാസ്റ്റിക് കവറില്‍ പൊതിഞ്ഞതുപോലെ ഐസ് പിടിച്ചു ഇറച്ചി ഉറഞ്ഞിരുന്നു. വീട്ടില്‍ കൊണ്ടുപോയി വെള്ളത്തില്‍ ഇട്ടപ്പോള്‍ മുതല്‍ വല്ലാത്ത ദുര്‍ഗന്ധം. ഐസ് ആയി ഇരുന്നതിന്റെ ആയിരിക്കും എന്ന് കരുതി അരിഞ്ഞെടുക്കുമ്പോള്‍ ദുര്‍ഗന്ധം വര്‍ദ്ധിച്ചു വന്നു. ഇറച്ചി ഒത്തിരിക്കാലം മോര്‍ച്ചറിയില്‍ ഇരുന്നതാണെന്ന് പിന്നീട് മനസിലായി. ഉലര്‍ത്തിയ പോത്ത് കഴിക്കാന്‍ കാത്തിരുന്നവര്‍ ദയനീയമായി എന്റെ മുഖത്ത് നോക്കി. കാളാഞ്ചി മീന്‍ കിട്ടാത്തതിന്റെ വിഷമം ഉള്ളിലൊതുക്കിയ ഭാര്യയും വീട്ടുകാരും ഉള്ളില്‍ എന്ത് കരുതി എന്നറിയില്ല. പഴകിയ ഇറച്ചി പൊതിഞ്ഞു കെട്ടി വച്ചിട്ട് ഞാന്‍ കടക്കാരന്റെ മൊബൈല്‍ നമ്പറില്‍ വിളിച്ചു.
" എവിടെയാ"
"കടയിലുണ്ട്"
"ഞാന്‍ അങ്ങോട്ട് വരുന്നു"
"എത്ര സമയം എടുക്കും...."
"പത്തു മിനിറ്റ്"
"ങാ .. ഞാന്‍ കടയില്‍ കാണും" കടയിലെത്തിയ ഉടനെ അയാളെ വിളിച്ചു വെളിയില്‍ ഇറക്കി. എന്റെ കൈ മുഖത്തേക്ക് അടുപ്പിച്ചിട്ട് ചോദിച്ചു
" വാടയുണ്ടോ.."
ന്ഗുഹും എന്താ ഇത്... അയാള്‍ മുഖം ചുളിച്ചു.
ഞാന്‍ പൊതിഞ്ഞു വച്ചിരുന്ന ഇറച്ചി നീട്ടി.. "രാവിലെ കടയില്‍ നിന്ന് വാങ്ങിയതാ.."
"ങേ ......ആണോ.. അയ്യോ..അതെങ്ങനെ പറ്റി.... അതിഞ്ഞു താ.. ഞാന്‍ മാറിത്തരാം.."
ഞാന്‍ പറഞ്ഞു "വേണ്ടാ..."
"അളിയാ നല്ലത് വന്നിട്ടുണ്ട്."
"ഇതുപോലത്തെ നല്ലതായിരിക്കും.."
"അല്ലെന്നേ.... നല്ലത്"
"പിന്നെ ഇതോ..."
" അത് ഈസ്റ്റെറിനു വെള്ളമടി പാര്‍ട്ടികള്‍ക്കുള്ളതാ ...ആളറിയാതെ അളിയന് വന്നു പോയതാ...സോറി... "
"എന്തായാലും ഇന്നിനി എനിക്ക് വേണ്ട.. രണ്ടാഴ്ച കഴിഞ്ഞു പുതിയത് വരുമ്പോള്‍ ഞാന്‍ വാങ്ങിക്കോളാം പൈസ കിടക്കട്ടെ.."
ഇറങ്ങുമ്പോള്‍ ഒന്നുറപ്പിച്ചു ഇനി ഈസ്റ്റെര്‍ ചന്തകള്‍ നമുക്കുള്ളതല്ല എന്ന്. ഓണവും ഈസ്റ്റെര്‍ ഉം പെരുന്നാളും ഒക്കെ വരുമ്പോള്‍ കച്ചവടക്കാര്‍ ഏറ്റവും വലിയ ചൂഷകരായി മാറുന്നു. ജനം എന്ത് നല്‍കിയാലും വാങ്ങുമല്ലോ. ആര്‍ക്കെന്തു സംഭവിച്ചാലെന്തു.. പണം ഉണ്ടാക്കണം എന്ന വിചാരം മുന്നേ നില്‍ക്കുന്നു...
nice.... keep it up....
ReplyDeletefruitful.... keep the thoughts very strongly....
ReplyDelete