Monday, 3 October 2011

ആഭാസത്തരമേ നിന്‍റെ പേരോ ചാനല്‍ ജേര്‍ണലിസം....


source of the image: hafsakhawaja.wordpress.com
കഴിഞ്ഞ ആഴ്ചയില്‍ കേരളത്തിലെ ചാനല്‍ മാധ്യമങ്ങള്‍ പ്രക്ഷേപണം ചെയ്ത രണ്ടു സംഭവങ്ങളാണ് ഈ കുറിപ്പിന് ആധാരം. 


ഒന്നാമത്തേത് തിരുവനന്തപുരത്തെ മള്‍ട്ടി സ്പെഷ്യാലിട്ടി ആശുപത്രിയില്‍ "തടവില്‍" കഴിയുന്ന ബാലകൃഷ്ണ പിള്ള മൊബൈല്‍ ഫോണില്‍ സംസാരിച്ചത് റിപ്പോര്‍ട്ടര്‍ ചാനല്‍ പുറത്തു കൊണ്ടുവന്നു. ചാനല്‍ തിരക്കഥ ഇപ്രകാരം. പിള്ളയുടെ സഹായിയുടെ അല്ലെങ്കില്‍ പിള്ളയെ കിട്ടുന്ന ഫോണില്‍ ലേഖകന്‍ വിളിക്കുന്നു. ഫോണില്‍ പിള്ള സംസാരിക്കുന്നു. എന്ത് സംസാരിച്ചാലും അത് വാര്‍ത്തയാകുന്നു. തടവുകാരന്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നത് കുറ്റകരം ആയതിനാല്‍ വിവാദം പുകയുന്നു. പുകഞ്ഞു കത്തുന്ന വിവാദത്തിനൊടുവില്‍ ചാനല്‍ റേറ്റിംഗ് ഉയരുന്നു. അങ്ങനെ റിപ്പോര്‍ട്ടര്‍ ചാനല്‍ വലിയൊരു സാമൂഹിക പ്രശ്നം ഉയര്‍ത്തിക്കൊണ്ടു വരികയും കേരളത്തിലെ മഹത്തായ വാര്‍ത്ത ചാനല്‍ ആകുകയും ചെയ്യുന്നു. 

തിരക്കഥ പ്രകാരം ചാനല്‍ ലേഖകന്‍ പിള്ളയുടെ സഹായിയുടെ മൊബൈല്‍ ഫോണില്‍ വിളി ച്ച്   പിള്ളക്ക് ഫോണ്‍ കൊടുത്തു. പിള്ള ഫോണില്‍ സംസാരിച്ചു. വാളകം എന്ന സ്ഥലത്തു  വച്ച് അധ്യാപകനെ ക്രൂരമായി പീഡിപ്പിച്ച സംഭവത്തില്‍ താന്‍ നിരപരാധിയാണെന്ന് പിള്ള  പറയുന്നു. തിരക്കഥയില്‍ പറയാതിരുന്ന ഒന്ന് കൂടി ബാലകൃഷ്ണ പിള്ള പറയുന്നു. ഞാന്‍ തടവുകാരനാണ്.... ഫോണില്‍ സംസാരിക്കാന്‍ പാടില്ലാത്തതാണ്.... എന്നെ ഉപദ്രവിക്കരുത്... ഫോണ്‍ സംഭാഷണം ചാനലില്‍ കൊടുക്കരുത്......പ്ലീസ്‌....... 

രണ്ടാമത്തേത്, പാര്‍വതി പുത്തനാറിലേക്ക് സ്കൂള്‍ വാന്‍ മറിഞ്ഞുണ്ടായ അപകടം വിവിധ ചാനലുകള്‍ (ഏഷ്യാനെറ്റ്‌, മനോരമ, ഇന്ത്യാ വിഷന്‍) റിപ്പോര്‍ട്ട് ചെയ്ത രീതി. 


മാധ്യമ പ്രവര്‍ത്തനം വലിയൊരു സാമൂഹിക ധര്‍മ്മമാണ്‌. വിശ്വാസ്യത, സത്യസന്ധത, സൂക്ഷ്മത, കൃത്യത തുടങ്ങിയവയൊക്കെ മാധ്യമ പ്രവര്‍ത്തനത്തിന്‍റെ ഗുണങ്ങളാണ്. സന്ദേശം കടന്നു പോകുന്ന ഏതു  പ്രതലത്തെയും മാധ്യമം എന്ന് സാങ്കേതികമായി വിശേഷിപ്പിക്കാം. സന്ദേശം ഒട്ടും ചോര്‍ന്നു പോകാതെ എത്തേണ്ട സ്ഥലത്ത് എത്തിക്കലാണ് മാധ്യമങ്ങളുടെ ധര്‍മം. അതായത് പത്രങ്ങളുടെയോ ചാനലുകലുടെയോ റിപ്പോര്‍ട്ടര്‍മാരുടെയോ മുന്‍വിധികളോ താല്പര്യങ്ങളോ വിശ്വാസങ്ങളോ വാര്‍ത്തകളില്‍ പ്രതിഫലിക്കാനോ സ്വാധീനിക്കാനോ പാടില്ല എന്നര്‍ത്ഥം. നമ്മുടെ കാലത്തെ പത്ര പ്രവര്‍ത്തനം അങ്ങനെയാണോ എന്ന് ഒന്ന് ചിന്തിച്ചു നോക്കൂ.... 

അറിയാനുള്ള ജനങ്ങളുടെ അവകാശത്തിന്മേലാണ് പത്രപ്രവര്‍ത്തനം എന്ന പ്രൊഫഷന്‍ നിലനില്‍ക്കുന്നത്. എവിടെയും വാര്‍ത്താ ലേഖകര്‍ക്ക് ഒരു പ്രത്യേക അവകാശം (privilege) കല്‍പ്പിച്ചു നല്‍കപ്പെട്ടിട്ടുണ്ട്. വിവരങ്ങള്‍ ജനങ്ങള്‍ക്ക്‌ വേണ്ടി ശേഖരിക്കുന്നവര്‍ എന്നനിലയിലാണ് മാധ്യമ പ്രവര്‍ത്തകര്‍ക്ക് ഈ പ്രത്യേക അധികാരം നല്‍കുന്നത്. അത് പക്ഷെ ചാനലുകളില്‍ കോപ്രായം കാണിക്കാനും വായില്‍ തോന്നിയത് കോതക്ക് പാട്ട് എന്ന രൂപത്തില്‍ അവതരിപ്പിക്കാനും ഉള്ളതല്ല. അനാവശ്യ വാചക കസര്‍ത്തുകളും വിവരം കെട്ട ചോദ്യങ്ങളും അബദ്ധം നിറഞ്ഞ ഉത്തരങ്ങളുമാണ് ഇന്ന് ചാനല്‍ വാര്‍ത്തകള്‍. 

പാര്‍വതി പുത്തനാറിലേക്ക് വാന്‍ മറിഞ്ഞു സ്കൂള്‍ കുട്ടികള്‍ അപകടത്തില്‍ പെട്ട ദിവസം ദൗര്‍ഭാഗ്യവശാല്‍ ടെലിവിഷന് മുന്‍പിലായിരുന്നു ഞാന്‍. മനോരമ, ഏഷ്യാനെറ്റ്‌, ഇന്ത്യവിഷന്‍ എന്നീ മുഴു സമയ വാര്‍ത്താ ചാനലുകള്‍ സംഭവം തത്സമയം പ്രക്ഷേപണം ചെയ്തു. ആദ്യ ഒരു മണിക്കൂര്‍ നേരം ഒരു ദൃശ്യവും ഒരു ചാനലിനും ഉണ്ടായിരുന്നില്ല. സ്ഥലത്തുള്ള റിപ്പോര്‍ട്ടര്‍മാര്‍ ഫോണിലൂടെ തല്‍സമയ ദൃശ്യ വിവരണം നല്‍കുന്നുണ്ടായിരുന്നു. വ്യക്തത തൊട്ടു തീണ്ടിയിട്ടില്ലാത്ത വാര്‍ത്തകള്‍ വന്നുകൊണ്ടിരുന്നു. സംഭവങ്ങള്‍ തത്സമയം വിവരിക്കുമ്പോള്‍ ഉണ്ടാകുന്ന വിഭ്രാന്തിയും അപകടം നേരിട്ടു കാണുന്നതിലെ നെഞ്ചിടിപ്പും കാരണം വാര്‍ത്തകളില്‍ പതര്‍ച്ചയും വിവരണത്തില്‍ തെറ്റുകളും ഉണ്ടാകാം. അത് ജനങ്ങള്‍ സഹിക്കും. പക്ഷെ അവിടെ നടന്ന റിപ്പോര്‍ട്ടിംഗ് രീതി ഒരിക്കലും ചെയ്യാന്‍ പാടില്ലാത്തതും ഇനി ഒരിക്കലും സംഭവിക്കരുതാത്തതുമാണ്. 

പ്രദേശത്തുള്ള ചില രക്ഷാപ്രവര്‍ത്തകര്‍ ഫോണിലൂടെ വിവരങ്ങള്‍ നല്‍കുന്നു. തല്‍സമയ വിവരണം. അപകടം ഉണ്ടായ വിധം, വാനില്‍ ഉണ്ടായിരുന്ന കുട്ടികളുടെ എണ്ണം, രക്ഷാ പ്രവര്‍ത്തനങ്ങള്‍, മെഡിക്കല്‍ കോളേജിലേക്കും മറ്റു ആശുപത്രികളിലേക്കും അപകടത്തില്‍ പെട്ട കുട്ടികളെ കൊണ്ടുപോകുന്നതിനെക്കുറിച്ച് വിവരണം, തിരിച്ചും മറിച്ചുമുള്ള അവതാരകരുടെ ചോദ്യങ്ങള്‍, അതിനൊക്കെ നാട്ടുകാരുടെയും റിപ്പോര്‍ട്ടര്‍ മാരുടെയും മറുപടി, ......അങ്ങനെ രംഗം കൊഴുക്കുമ്പോള്‍........ മനോരമ ചാനലാണ്‌ ഞാന്‍ അപ്പോള്‍ കാണുന്നത്. വാഹനം ഓടിച്ചിരുന്ന ഡ്രൈവറെ തിരയുകയാണെന്നു ഇടയ്ക്കു റിപ്പോര്‍ട്ടര്‍ പറയുന്നുണ്ട്. അവസാനം അവര്‍ അയാളെ കണ്ടുപിടിച്ചു. നാട്ടുകാര്‍ കൈവെക്കാതിരിക്കാന്‍ പോലിസ് അയാളെ മാറ്റി നിര്‍ത്തിയിരിക്കുകയായിരുന്നു. 

അപകടത്തില്‍ പെട്ട വാഹനം ഓടിച്ചിരുന്ന ഡ്രൈവര്‍ ഫോണില്‍ വന്നു. അയാളുടെ കിതപ്പും വിറയലും ഏങ്ങി ഏങ്ങിയുള്ള കരച്ചിലും വ്യക്തമായി കേള്‍ക്കാം... സംസാരിക്കാന്‍ അയാള്‍ക്ക്‌ കഴിയുന്നില്ല... എങ്കിലും അവതാരകന്‍ ചോദ്യങ്ങള്‍ എറിഞ്ഞുകൊണ്ടിരുന്നു. വിപിന്‍ എന്ന ആ ഡ്രൈവര്‍ ഒന്നും വ്യക്തമായി പറയാന്‍ കഴിയാതെ വിഷമിക്കുന്നു. കരച്ചിലിനിടയില്‍ അഞ്ചോളം കുട്ടികളെ വാനിന്‍റെ ചില്ല് പൊട്ടിച്ചു താന്‍ രക്ഷപെടുത്തിയെന്നു അയാള്‍ പറയുന്നു. വാനില്‍ 23 കുട്ടികളുണ്ടായിരുന്നു എന്നും അയാള്‍ പറഞ്ഞു... തേങ്ങി കരച്ചിലും നെഞ്ചിടുപ്പും അയാളുടെ മറുപടികളെ അവ്യക്തമാക്കുമ്പോഴും അവതാരകന്‍ ഒരേ ചോദ്യങ്ങള്‍ തിരിച്ചും മറിച്ചും ചോദിച്ചുകൊണ്ടിരുന്നു. പത്തു മിനിട്ടോളം തുടര്‍ന്ന ഈ അസംബന്ധത്തിനു ശേഷം അവതാരകന്‍ പറയുന്നു..... ഡ്രൈവര്‍ക്ക് നന്നായി സംസാരിക്കാനാവുന്നില്ല എന്ന്. 

അത്തരം ഒരു സാഹചര്യത്തില്‍ അയാള്‍ക്ക്‌ സംസാരിക്കാന്‍ കഴിയില്ല എന്ന് തിരിച്ചറിയാന്‍ മാത്രം വിവേകമുള്ളവരാണ് വാര്‍ത്ത കാണുന്ന ജനങ്ങള്‍. അയാളോട് അപ്പോള്‍ സംസാരിക്കാതെ ആ ദുരന്തത്തില്‍ തകര്‍ന്നടിഞ്ഞു നില്‍ക്കുന്ന അവസ്ഥയില്‍ ആശ്വസിപ്പിക്കുകയാണ് വേണ്ടത് എന്ന് ഏതു കൊച്ചു കുട്ടിക്കും അറിയാം . ഈ സാമാന്യ ബോധം ഇല്ലാതെ പോയത് അവതാരകനും റിപ്പോര്‍ട്ടര്‍ക്കുമാണ്. 

അധികം താമസിയാതെ ഒരമ്മയുടെ നിലവിളി കേട്ടു. അവരുടെ കുഞ്ഞിനെ കണ്ടില്ല എന്നാണു ആ അമ്മ നിലവിളിക്കുന്നത്. ആ അമ്മയുടെ ചെവിലേക്ക് ഫോണ്‍ വെച്ചുകൊടുത്തു ആ വിവരംകെട്ട റിപ്പോര്‍ട്ടര്‍. ഒട്ടും ബോധമില്ലാതെ ആ അമ്മയോടും അവതാരകന്‍ ചോദ്യങ്ങള്‍ എറിഞ്ഞു. എന്‍റെ കുഞ്ഞിനെ കണ്ടില്ലാ എന്ന് നിലവിളിക്കുന്ന ആ അമ്മ അധികനേരം അവിടെ നിന്നില്ല. നെഞ്ചുപൊട്ടി നിലവിളിച്ചു തന്‍റെ പൊന്നോമനയെ തേടുന്ന ആ അമ്മ ചോദ്യങ്ങള്‍ക്ക് മറുപടി പറഞ്ഞില്ല. 

പിന്നീടാണ് അതി ദാരുണമായ റിപ്പോര്‍ട്ടിംഗ്. ഒരു കുട്ടിയെ രക്ഷാ പ്രവര്‍ത്തകര്‍ വെള്ളത്തില്‍ നിന്ന് കരക്കെത്തിച്ചു. ജീവനുണ്ട്. ശ്വാസം മുട്ടലും ചുമയും കേള്‍ക്കാം. പിതൃ ശൂന്യനായ റിപ്പോര്‍ട്ടര്‍ ആ കുഞ്ഞിന്‍റെ ശബ്ദം കേള്‍പ്പിക്കാനും ഒരു ശ്രമം നടത്തി. ഒരു തരത്തില്‍ അല്ലെങ്കില്‍ മറ്റൊരു തരത്തില്‍ മനോരമ ചെയ്ത അവതരണ രീതി തന്നെയാണ് മറ്റു വാര്‍ത്താ ചാനലുകളും പിന്തുടര്‍ന്നത്‌.

പിതൃശൂന്യ പത്ര പ്രവര്‍ത്തനമാണിവിടെ നടക്കുന്നത് എന്ന് ഒരിക്കല്‍ എസ്  എഫ് ഐ യുടെ സംസ്ഥാന പ്രസിഡണ്ടായിരുന്ന  എം .സ്വരാജ് പറഞ്ഞത് ശരിവെക്കുകയാണ് നമ്മുടെ ചാനല്‍ കുട്ടന്മാര്‍. വിവരക്കേട് ഒരു തെറ്റല്ല. പക്ഷെ അത് പുരപ്പുറത്തു കയറി വിളിച്ചു പറയുന്നത് തോന്ന്യവാസമാണ്. അതിനു തവള മടല്‍ വെട്ടി തല്ലു കൊടുക്കുകയാണ് വേണ്ടത്. ഈ വാര്‍ത്താ ലേഖകരുടെ മക്കളോ ബന്ധുവിന്‍റെ മക്കളോ ആ അപകടത്തില്‍ പെടുകയും ഇത്തരം ഒരു റിപ്പോര്‍ട്ട് വരുകയും ചെയ്‌താല്‍ ഇവര്‍ സഹിക്കുമോ. ആ കുഞ്ഞുങ്ങളോടും ചോദ്യം ചോദിക്കാന്‍ അവതാരകനോ  ലേഖകനോ തയാറാകുമോ...? 

വാര്‍ത്താ ലേഖകരുടെ വിശ്വാസ്യത തകര്‍ക്കുന്ന മറ്റൊരു സംഭവമായിരുന്നു ബാലകൃഷ്ണ പിള്ള യുടേത്. തടവില്‍ കഴിയവേ ഫോണില്‍ സംസാരിക്കുന്നത് തികച്ചും തെറ്റാണ് . തടവില്‍ കഴിയുന്ന കുറ്റവാളിക്ക് വൈദ്യ സഹായം നല്‍കുമ്പോള്‍ നിയമപരമായി പാലിക്കാന്‍ ആവശ്യപ്പെടുന്ന നിബന്ധനകളുടെ ലംഘനമാണ്. പക്ഷെ ചൂണ്ട മാധ്യമ പ്രവര്‍ത്തനത്തിന്‍റെ (fishinghook operation ) ഭാഗമായി ചാനല്‍ രംഗത്തെ കുലപതികള്‍ എല്ലാം ചേര്‍ന്ന് ജന്മം നല്‍കിയ റിപ്പോര്‍ട്ടര്‍ എന്ന ചാനല്‍ തയാറാക്കിയ തിരക്കഥ ഗംഭീരമായിരുന്നു. !! പിള്ളയുടെ സഹായിയുടെ ഫോണില്‍ വിളിച്ചു അദ്ദേഹത്തെ ക്കൊണ്ട് സംസാരിപ്പിച്ചു റെക്കോര്‍ഡ്‌ ചെയ്തു കേള്‍പ്പിച്ചു. ഏറ്റവും ദയനീയം, താന്‍ നടത്തുന്നത് നിയമ വിരുദ്ധമാണെന്നും, അത് പുറത്തുവന്നാല്‍ വിമര്‍ശനം വരുമെന്നും അറിയാവുന്ന പിള്ള, ഇത് പ്രസിദ്ധീകരിക്കരുതെന്നും തന്നെ കുരുക്കരുതെന്നും അപേക്ഷിക്കുന്നുണ്ട്. അതും കേള്‍പ്പിച്ചു ആ കഠിന ഹൃദയര്‍. 

പിള്ള തെറ്റ് ചെയ്തിട്ടല്ലേ എന്ന് ചോദിക്കുന്നവര്‍ ഉണ്ടാകാം. അതെ. തടവുപുള്ളി മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നത് തെറ്റാണ്. അത് തള്ള ഉപയോഗിച്ചാലും പിള്ള ഉപയോഗിച്ചാലും ഒരേ തെറ്റാണ്. പക്ഷെ കേരളത്തിലെ ജയിലുകളില്‍ ഇതൊരു പുതിയ സംഭവമല്ല. രാഷ്ട്രീയ സ്വാധീനമുള്ള എല്ലാ കുറ്റവാളികളും സാമ്പത്തിക കുറ്റങ്ങള്‍ക്ക് ജയിലില്‍ കഴിയുന്നവരും  ഫോണ്‍ ഉപയോഗിക്കുന്നുണ്ട് എന്നത് ഉന്നത അധികൃതര്‍ക്കും ഒട്ടു മിക്ക മാധ്യമ പ്രവര്‍ത്തകര്‍ക്കും അറിയാവുന്ന കാര്യമാണ്. ജയിലുകളില്‍ നടത്തുന്ന എല്ലാ പരിശോധനകളിലും കത്തിയും വടിവാളും കഞ്ചാവും മദ്യവും പിടിച്ചെടുക്കുന്നതിനൊപ്പം മൊബൈല്‍ ഫോണുകളും പിടിച്ചെടുക്കാറുണ്ട്. ഒന്നോ രണ്ടോ തവണയല്ല, എല്ലാ റയിഡുകളിലും ഇത്തരം പിടിച്ചെടുക്കല്‍ കാണാം. അതായതു തടവ്‌ നിബന്ധനകള്‍ ലംഘിക്കപ്പെടുന്നത് ഇവിടെ പതിവാണെന്ന് അര്‍ഥം. 

അങ്ങനെ തെറ്റുകള്‍ തുടര്‍ച്ചയായി നടക്കുന്നതിനാല്‍ പിള്ള ചെയ്ത തെറ്റ് ന്യായീകരിക്കപ്പെടാമെന്നോ അതൊരു തെറ്റല്ല എന്നോ എനിക്ക് അഭിപ്രായം ഇല്ല. പക്ഷെ പത്രപ്രവര്‍ത്തനത്തിലെ മാന്യത എന്ന ഗുണം ഇവിടെ ഓര്‍ക്കണമായിരുന്നു. പത്രക്കാരോട് പറയുന്നതെല്ലാം വാര്‍ത്തയാക്കണം   എന്ന് എങ്ങും പറഞ്ഞിട്ടില്ല. മുന്‍പ് പല ഉന്നതരായ രാഷ്ട്രീയ നേതാക്കളും പതിവ് പത്ര വാര്‍ത്ത കഴിഞ്ഞു സ്വകാര്യമായി പത്രക്കാരോട് പൊതുവില്‍ രാഷ്ട്രീയ നീക്കങ്ങളെക്കുറിച്ചും മറ്റും ഞെട്ടിക്കുന്നതോ അത്ഭുതപ്പെടുത്തുന്നതോ ആയ കാര്യങ്ങള്‍ പറയാറുണ്ടായിരുന്നു. ഓഫ്‌ ദി റെക്കോര്‍ഡ്‌ എന്ന് പറഞ്ഞായിരിക്കും അത്തരം സ്ഫോടനാത്മകമായ കാര്യങ്ങള്‍ പറയുക. ഓടിപ്പോയി ന്യൂസ് റൂമില്‍ കയറി എഡിറ്റു ചെയ്യാതെ അതൊക്കെ പുറത്തുവിട്ടാല്‍ ഇവിടുത്തെ രാഷ്ട്രീയ സഖ്യങ്ങള്‍ തകര്‍ന്നു പോവുകയോ പാര്‍ട്ടികള്‍ പിളര്‍ന്നു മാറുകയോ മന്ത്രിമാര്‍ക്കും നേതാക്കള്‍ക്കും സ്ഥാനം നഷ്ടപ്പെടുകയോ ചെയ്യുമായിരുന്നു. പക്ഷെ ഓഫ് ദി റെക്കോര്‍ഡ്‌ പറഞ്ഞ കാര്യങ്ങള്‍ പുറത്തു പറയരുത് എന്നത് ഈ രംഗത്തെ മാന്യതയുടെ ഭാഗമാണ്. 

ഒരു വാര്‍ത്ത കിട്ടിയാല്‍ അത് ക്രോസ് ചെക്ക് ചെയ്യുക എന്നത് അടിസ്ഥാന പത്രപ്രവര്‍ത്തന മര്യാദയാണ്. ആ വാര്‍ത്ത കാരണം മുറിവ് ഏല്‍ക്കാന്‍ സാധ്യത ഉള്ള വ്യക്തിയുടെയോ സംഘടനയുടെയോ ഭാഗം അതേ വാര്‍ത്തയില്‍ നല്കണം എന്നതും ജേര്‍ണലിസം ക്ലാസ്സുകളില്‍ പഠിപ്പിക്കുന്നതാണ്. അത് മീഡിയ എത്തിക്സ്. മാത്രമല്ല സാമാന്യ നീതിയും അതാണ്‌. ഏതെങ്കിലും കോടതി ഒരു പ്രതിയെ അയാള്‍ക്ക്‌ പറയാനുള്ള കാര്യങ്ങള്‍ കേള്‍ക്കാതെ വിധി പ്രഖ്യാപിച്ചാല്‍ ഏതെങ്കിലും പത്ര പ്രവര്‍ത്തകന്‍ അടങ്ങിയിരിക്കുമോ..? മാധ്യമ പ്രവര്‍ത്തകര്‍ക്ക് മാത്രം നിയമവും നീതിയും ലംഘിക്കാമോ...? 

ഒരു വാര്‍ത്ത ഉറവിടത്തില്‍ നിന്ന് ( news source ) കിട്ടുന്ന സൂചനകള്‍ പിന്തുടരുന്നത് വലിയൊരു വാര്‍ത്തയിലേക്ക് ആയിരിക്കും. പക്ഷെ ഒരു ക്ലൂ പിന്തുടരാന്‍ മാത്രം ക്ഷമ ഇപ്പോഴത്തെ മാധ്യമ പ്രവര്‍ത്തകര്‍ക്ക് ഇല്ല.                      ശീഘ്ര സ്ഖലനം (immature ijaculation) പോലെ പിടിച്ചു നിര്‍ത്താനാവാത്ത അവസ്ഥയിലാണ് അവര്‍. എത്രയും പെട്ടെന്ന് പുറത്തു വിടാനുള്ള വ്യഗ്രതയും ആക്രാന്തവും വാര്‍ത്തയുടെ സ്വാദും ഗുണവും നഷ്ടപ്പെടുത്തും. മാത്രമല്ല തുടര്‍ച്ചയോ അന്വേഷണമോ ഇല്ലാതെ കടന്നുപോകുന്ന ഇത്തരം എക്സ്ക്ലൂസീവുകള്‍ നഷ്ടപ്പെടുത്തുന്നത് മാധ്യമങ്ങളുടെ വിശ്വാസ്യതയും വിലയുമാണ്. വെറും കൂതറകളായി പത്രക്കാര്‍ മാറുന്ന കാഴ്ച വലിയൊരു വിഭാഗം ജനങ്ങളെ നിരാശപ്പെടുത്തുന്നുണ്ട്‌. ജനാധിപത്യത്തിന്റെ നാലാം തൂണ്‍ വെറും ഓമത്തണ്ട് (പപ്പായ) കൊണ്ടാണ് നിര്‍മ്മിച്ചിരിക്കുന്നത് എന്നറിയുന്നത് ആശാസ്യമല്ല. 


പുതിയകാലത്തെ ചാനല്‍ കുട്ടന്മാര്‍ ഏതു മാതൃകയാണ് പിന്തുടരുന്നത്.... ആരാണ് നിങ്ങളുടെ ഗുരു... ഏതു കളരിയിലാണ് നിങ്ങളെ അഭ്യാസം പഠിപ്പിച്ചത്..... ആഭാസത്തരമേ നിന്‍റെ പേരോ ചാനല്‍ ജേര്‍ണലിസം........

വാല്‍ക്കഷണം...

തിരുവനന്തപുരം   പ്രസ്‌ ക്ലബ്‌ Institute ഇല്‍ പത്ര പ്രവര്‍ത്തനം പഠിക്കുമ്പോള്‍ റിപ്പോര്‍ട്ടിങ്ങും എത്തിക്സും പഠിപ്പിച്ചത് പ്രമുഖ പത്രപ്രവര്‍ത്തകന്‍ ജോണ്‍ മേരി ആയിരുന്നു. മീഡിയ എത്തിക്സ് എന്ന ഭാഗം തുടങ്ങിയ ദിവസം അദ്ദേഹത്തിന്റെ Introduction. " JUST FOR YOUR EXAMINATION. NOT TO PRACTICE .....!!!!!"

Sunday, 18 September 2011

നമ്മുടേതല്ലാത്ത രാജ്യവും നമ്മള്‍ ഇല്ലാത്ത ജനാധിപത്യവും




കഴിഞ്ഞ പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ പത്തനംതിട്ട മണ്ഡലത്തില്‍ നിന്ന് മത്സരിച്ചു വിജയിച്ച കോണ്‍ഗ്രസ്‌ സ്ഥാനാര്‍ഥി ആന്റോ ആന്റണിക്ക് വോട്ടു ചെയ്ത ഒരു സമ്മതിദായകനാണ് ഞാന്‍. രാജ്യത്തിന്റെ വികസനത്തിനും സുരക്ഷക്കും സുസ്ഥിര ഭരണത്തിനും സര്‍വോപരി ക്ഷേമ രാഷ്ട്രം എന്ന നമ്മുടെ രാജ്യത്തിന്റെ  മുക്കാല്‍ നൂറ്റാണ്ടു കാലം പഴക്കമുള്ള സ്വപ്നം പൂവണിയിക്കുന്നതിനും വേണ്ടിയാണ് ഞാന്‍ കോണ്‍ഗ്രസ്‌ പാര്‍ട്ടിക്ക് വോട്ടു ചെയ്തത്. സുസ്ഥിര ഭരണത്തിന് വേണ്ടിയുള്ള കോണ്‍ഗ്രസ്‌ പ്രകടന പത്രിക ഞാന്‍ വിശ്വസിക്കുകയും ചെയ്തു. സര്‍വോപരി ഞാന്‍ പ്രവര്‍ത്തിക്കുന്ന മുസ്ലിം ലീഗ് പാര്‍ട്ടി കൂടി ഉള്‍ക്കൊള്ളുന്ന യുഡിഎഫ് മുന്നണിയിലെ  സ്ഥാനാര്‍ഥികളെ  വിജയിപ്പിക്കേണ്ടത് എന്റെ ഉത്തരവാദിത്തം ആണെന്നും ഞാന്‍ കരുതി. ആണവ കരാര്‍ അമേരിക്കയുമായി ഒപ്പിട്ടത് ഇവിടുത്തെ മുസ്ലിംകളുടെ വികാരത്തിന് എതിരാണ് എന്ന നിലയില്‍ ഒരു പ്രചരണം തെരഞ്ഞെടുപ്പു കാലത്തുണ്ടായിരുന്നു. അത് ശരിയല്ല എന്ന ഒരു അടയാളപ്പെടുത്തല്‍ കൂടിയായാണ് ഞാന്‍ കോണ്‍ഗ്രസിന്‌ വോട്ടു ചെയ്തത്. അമേരിക്കയുമായി ആണവ കരാര്‍ രൂപീകരിച്ചതോ  ഇറാന്‍ എന്ന രാജ്യത്തിന് യു എന്നില്‍ പിന്തുണ നല്കാതിരുന്നതോ എന്റെ അടിസ്ഥാന പ്രശ്നങ്ങളായി ഞാന്‍ കാണുന്നില്ല. ഇതൊക്കെ ഇന്ത്യയിലെ നൂറ്റി പതിനാലു കോടി ജനങ്ങളെ എങ്ങനെ ബാധിക്കുമോ അങ്ങനെ മാത്രമേ എന്നെയും ബാധിക്കൂ. ഹിന്ദുക്കളെയും ക്രിസ്ത്യാനികളെയും ബാധിക്കുന്നത് പോലെ മാത്രമേ മുസ്ലിംകളെയും ബാധിക്കൂ.

ഇന്ത്യന്‍ ജനാധിപത്യത്തില്‍ പൊതുജനം കഴുതയാണ്‌ എന്ന തത്വം പറയുന്നതും പ്രചരിപ്പിക്കുന്നതും രാഷ്ട്രീയ നേതാക്കളാണ്. പരസ്യമായി അത് പറയില്ല. ഓരോ തീരുമാനങ്ങളിലൂടെയും ഭരണ തന്ത്രത്തിലൂടെയും തെളിയിക്കും. ജനം ഓരോ തെരെഞ്ഞെടുപ്പിലൂടെയും അത് ശരിവെക്കും. ഞാനും ഈ ജനത്തിന്റെ ഭാഗമാണെന്നു തെളിയിച്ചു.



ഈ സര്‍ക്കാര്‍ അധികാരത്തില്‍ കയറിയതിനു ശേഷം പെട്രോളിന് 12  രൂപയാണ് കൂടിയത്. കഴിഞ്ഞ വര്‍ഷം പെട്രോള്‍ വില നിര്‍ണ്ണയിക്കാനുള്ള അധികാരം എണ്ണ കമ്പനികള്‍ക്ക് എഴുതി കൊടുത്തു.അതിനു ശേഷം കാര്യങ്ങള്‍ തോന്നിയ പടിയാണ് നടക്കുന്നത്. തോന്നുമ്പോഴെല്ലാം വില കൂട്ടുന്നു. 5  രൂപ കൂട്ടുന്നു, ഒരു രൂപ കുറക്കുന്നു, 3 രൂപ കൂട്ടുന്നു 70 പൈസ കുറക്കുന്നു. നാല് മാസത്തിനിടയില്‍ രണ്ടു തവണയാണ് വില കൂട്ടിയത്. ആഗോള വിപണിയില്‍ വില കൂടിയപ്പോള്‍ ഇവിടെയും കൂട്ടി. എന്നാല്‍ അവിടെ കുറഞ്ഞപ്പോള്‍ ഇവിടെ കുറക്കാന്‍ ആരും പറഞ്ഞില്ല. വീണ്ടും വിലകൂട്ടാന്‍ ഒരു കാരണവും ഇല്ലാതിരുന്നപ്പോള്‍ ഒരവസരം വീണു കിട്ടി. അമേരിക്കന്‍ സായിപ്പ് അവരുടെ സാമ്പത്തിക നില ഭദ്രമാക്കാന്‍ ചില പൊടിക്കൈകള്‍ കാണിച്ചു. ലോക മാര്‍ക്കറ്റില്‍ (ചന്തയില്‍ തന്നെ) തുണിയുരിഞ്ഞു ലേലത്തിനു വെച്ച "ഡോളാര്‍ " ന്റെ മൂല്യം ഉയര്‍ത്താനാണ് സായിപ്പിന്റെ ശ്രമം. അതിനിടയില്‍ നമ്മുടെ പ്രധാനമന്ത്രിയും, ധനകാര്യ മന്ത്രിയും, കരുതല്‍ ബാങ്ക് (റിസര്‍വ് ബാങ്ക്) ഗവേര്‍ണരും മറ്റു സാമ്പത്തിക കാര്യ വിദഗ്ദന്‍ മാരും വിവിധ  സാമ്പത്തിക- വ്യവസായ -വികസന സെമിനാറുകളില്‍ സുരക്ഷിതമെന്ന് വിളിച്ചു കൂവിയ രൂപയുടെ മൂല്യം ഇടിഞ്ഞു. അതോടെ പെട്രോള്‍ വില വര്‍ധിപ്പിക്കണം എന്ന് കമ്പനികള്‍ ആവശ്യപ്പെട്ടു. പിന്നെ കാത്തു നില്‍ക്കാതെ അവര്‍ യോഗം കൂടി അങ്ങ് വര്‍ധിപ്പിച്ചു. ആരോടും ചോദിക്കേണ്ട, ആരും പറയണ്ട. തോന്നിയപടി ചെയ്യാനുള്ള മഹത്തായ അധികാരം കമ്പനിക്കാര്‍ക്ക് തീറെഴുതി നല്‍കിയിട്ടുണ്ടല്ലോ.


പ്രധാന മന്ത്രിയും സഹ മന്ത്രിമാരും നാഴികക്ക് നാല്‍പ്പതു വട്ടം ആണയിടുന്ന നമ്മുടെ "മഹത്തായ രാജ്യം" എന്ത് മഹത്തരമാണ്....!! അത്ഭുതം കൊണ്ട് കണ്ണ് മിഴിച്ചു പോകും. ജനങ്ങളുടെ വോട്ടുവാങ്ങി പെട്രോളിയം കമ്പനിക്കാര്‍ക്കും ടെലിഫോണ്‍ കമ്പനിക്കാര്‍ക്കും ഖനി മുതലാളിമാര്‍ക്കും വിദേശ രാജ്യത്തിലെ മഹാന്‍ മാര്‍ക്കും വേണ്ടി വോട്ടു ചെയ്ത ജനങ്ങളെ കഴുത്തു ഞെരിക്കുന്ന ഒരു സംഘം ആളുകളുടെ  മഹത്തായ നാട്. അല്ലെങ്കില്‍, സ്വന്തം കഴുത്തും വയറും ഞെരിച്ചു പൊട്ടിക്കാന്‍ ഓരോ അഞ്ചു വര്‍ഷവും ആരാച്ചാര്‍ മാരെ വോട്ടിട്ട് തെരഞ്ഞെടുക്കുന്ന നൂറ്റി പതിനാലുകോടി ജനങ്ങള്‍ ജീവിക്കുന്ന നാട്. മുഖത്ത് ചവിട്ടുമ്പോള്‍ കാലു ചുംബിക്കുന്ന മഹത്തായ പാരമ്പര്യം നാം കാത്തു സൂക്ഷിക്കുന്നതില്‍ നന്നായി  അഭിമാനിക്കണം. ചരിത്രാതീത കാലം മുതല്‍ ഈ ഉദാത്ത മാതൃക നമ്മുടെ രാജ്യത്ത് നിലവിലുണ്ടല്ലോ.....!!!


രാജ്യത്ത് വാര്‍ത്ത വിനിമയ രംഗത്ത് വിപ്ലവം സൃഷ്ടിക്കാന്‍ ഇറങ്ങി തിരിച്ച ചിലര്‍ 2G കേസില്‍ കുടുങ്ങി ഇപ്പോള്‍ തീഹാര്‍ ജയിലില്‍ വിശ്രമത്തിലാണ്. ലേലം ചെയ്യാതെ കരാറുകള്‍ ഉണ്ടാക്കിയതില്‍ വച്ച് ആ മഹാന്മാരായ വിപ്ലവ കാരന്മാര്‍ക്കും വിപ്ലവ കാരികള്‍ക്കും ലഭിച്ച കോടികളുടെ കണക്കുകള്‍ കണ്ടു കോടതിക്ക് കണ്ണ് തള്ളിപ്പോയി. കയ്യിലേയും കാലിലെയും വിരലുകളെല്ലാം ഉപയോഗിച്ച് മടുത്ത സുപ്രീം കോടതി, കോടതിയിലെ ജീവനക്കാരെയും വഴിയെ പോയവരെയുമൊക്കെ വിളിച്ചു നിര്‍ത്തി അവരുടെ വിരലുകളും ഉപയോഗിച്ച് എണ്ണിനോക്കി. എന്നിട്ടും തീരാഞ്ഞപ്പോള്‍ സര്‍ക്കാരിനോട് ചോദിച്ചു, പരലോകം വരെ നീളുന്ന ഈ അഴിമതി കാണുന്നില്ലേ എന്ന്. പ്രധാന മന്ത്രി വരെ 2G  കുരുക്കില്‍ നിന്ന് അകലെയല്ല എന്ന് എല്ലാവര്‍ക്കും നല്ല ബോധ്യമുണ്ട്. എണ്ണ കമ്പനികള്‍ക്ക് വില നിര്‍ണ്ണയ  അധികാരം തീറ് എഴുതിയത് എത്ര ലക്ഷം കോടികള്‍ വാങ്ങിയിട്ടാണെന്നു കാലം തെളിയിക്കും. ആദര്‍ശ പുംഗവന്‍ എ കെ ആന്റണി പോലും എണ്ണക്കുരുക്കില്‍   പെട്ടിട്ടുണ്ടാവണം. എണ്ണ കമ്പനികള്‍ക്ക് പിടിച്ചു നിലക്കാന്‍ കഴിയാത്തവിധം സാമ്പത്തിക പ്രതിസന്ധിയുണ്ടെന്നു പറയുന്ന ആന്റണി, ഈ രാജ്യത്തിലെ നാല്‍പ്പതു ശതമാനത്തിലേറെ ജനങ്ങള്‍ ദൈനം ദിന ജീവിതം എങ്ങനെ മുന്നോട്ടു കൊണ്ടുപോകും എന്നറിയാതെ ജീവിക്കുന്നവരാണ് എന്ന് താങ്കള്‍ക്ക് അറിയുമോ,  ജീവിക്കാന്‍ മറ്റു മാര്‍ഗമില്ലാതെ മഹാരാഷ്ട്രയിലും കര്‍ണ്ണാടകയിലും ബംഗാളിലും ഈ കൊച്ചു കേരളത്തില്‍ പോലും ആത്മഹത്യ ചെയ്യുന്ന എത്രയോ ലക്ഷം ജനങ്ങള്‍ ഉണ്ടെന്നു അറിയാമോ,  എണ്ണ കമ്പനികളുടെ നഷ്ടം തീര്‍ക്കാന്‍ ആ ഭാരം മുഴുവന്‍ കെട്ടി വയ്ക്കുന്നത് ഈ പറയുന്ന ജനം എന്ന കഴുതകളുടെ പുറത്താണെന്ന് താങ്കളും താങ്കളുടെ ഗവര്‍മെന്റും പാര്‍ട്ടിയും ഓര്‍ക്കുന്നുണ്ടോ.... ഈ ചോദ്യങ്ങളെല്ലാം ഞാന്‍ ഇവിടിരുന്നു ചോദിക്കുന്നു എന്നലാതെ താങ്കള്‍ ഉത്തരം പറയുകയോ  എണ്ണ വില കുറയ്ക്കുകയോ ചെയ്യില്ലെന്ന് എനിക്കറിയാം.. എങ്കിലും ചോദിച്ചു പോകുന്നതാണ്...

ഞങ്ങള്‍ എന്തിനായിരുന്നു വോട്ടു ചെയ്തത്...? ഇങ്ങനെ കൊല്ലാ കൊല ചെയ്യാന്‍ ഈ നാട്ടിലെ ജനങ്ങള്‍ എന്ത് ദ്രോഹമാണ് കേന്ദ്ര സര്‍ക്കാരിനോട്  ചെയ്തത്.... ?

അഴിമതിയുടെ പുതിയ പുതിയ കഥകള്‍ ഓരോ ദിവസവും പുറത്തു വരികയും അതില്‍പ്പെട്ടു കേന്ദ്ര മന്ത്രിമാര്‍ ഓരോരുത്തരായി പുറത്തു പോവുകയും ചെയ്യുന്നത് ഞങ്ങള്‍ കാണുന്നുണ്ട്. വിമാനം വാങ്ങിയതില്‍ അഴിമതി, ഗെയിംസ് നടത്തിയതില്‍ അഴിമതി, ഫ്ലാറ്റ് പണിഞ്ഞതില്‍ അഴിമതി, പ്രതിരോധ സേനയില്‍ ആയുധം വാങ്ങിയതില്‍ അഴിമതി, 2G , 3G  സ്പെക്ട്രം ലേലത്തില്‍ അഴിമതി,  ഐ എസ് ആര്‍ ഓ യില്‍ അഴിമതി, പരിശുദ്ധ  ഹജ്ജു കര്‍മ്മത്തിന്  ആളെ അയക്കുന്നതില്‍ പോലും അഴിമതി.  അത് തടയാന്‍ ഒരു സംവിധാനം വേണമെന്ന്   പറഞ്ഞാല്‍  അത് അരാഷ്ട്രീയ  വാദം....!!!!

ക്ഷേമ രാഷ്ട്രം സ്ഥാപിക്കുക എന്നതായിരുന്നു ഈ രാജ്യത്തിന്റെ ശില്‍പികള്‍ ലക്‌ഷ്യം വച്ചത്. ജനപക്ഷത് നില്‍ക്കുന്ന തീരുമാനങ്ങളും  നടപടികളും അവര്‍ക്കുണ്ടായിരുന്നു. രാഷ്ട്രീയക്കാരും വ്യവസായ മാടമ്പികളും കൊള്ളക്കാരും കള്ളപ്പണക്കാരും അഴിമതിക്കാരും ഇടനിലക്കാരും ഒക്കെ ചേര്‍ന്ന ഒരു ദൂഷിത വലയത്തിലാണ് നമ്മുടെ രാജ്യം ഇന്ന് നിലനില്‍ക്കുന്നത്. അതിന്‍റെ എല്ലാ സംവിധാനങ്ങളും ഇന്ന് അഴിമതിയിലും കൊള്ളരുതായ്മയിലും ആണ്ടുകിടക്കുന്നു. ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യം എന്ന് നാം അഭിമാനം കൊള്ളുമ്പോഴും ജനാധിപത്യവ്യവസ്ഥിതിയുടെ ഒരു മൂല്യം പോലും ഉള്‍ക്കൊല്ലുന്നവരല്ല രാജ്യം ഭരിക്കുന്നതും ഭരണ സംവിധാനങ്ങള്‍ നിയന്ത്രിക്കുന്നതും. ഉദ്യോഗസ്ഥര്‍ നേതൃത്വം കൊടുക്കുന്ന ഒരു ലോബിയാണ് എല്ലാം നിയന്ത്രിക്കുന്നത്‌ എന്നറിയാന്‍ ഏതെങ്കിലും ഒരു സര്‍ക്കാര്‍ ഓഫീസി സന്ദര്‍ശിച്ചാല്‍ മതിയല്ലോ. നമ്മുടെ പണം വാങ്ങി നമ്മുടെ സേവകരായി ജോലി ചെയ്യുന്നവര്‍ നമ്മുടെ അവകാശങ്ങളും അധികാരങ്ങളും കവര്‍ന്നെടുക്കുന്ന കാഴ്ച വില്ലജ് ഓഫീസി മുതല്‍ പാര്‍ലമെന്റ് വരെ കാണാം. വേലക്കാര്‍ യജമാനന്മാരായി വാഴുന്ന പ്രതിലോമ ജനാധിപത്യം ഇവിടെ നിലനില്‍ക്കുന്നു. രാജ്യത്തിലെ അഴിമതി ഇല്ലാതാക്കാന്‍ ആര്‍ക്കും കഴിയാത്തവിധം ഈ സംവിധാനങ്ങള്‍ ഒക്കെ അഴിമതിയില്‍ മുങ്ങി നില്‍ക്കുകയാണ്.

ജനാധിപത്യത്തില്‍ പരസ്പരം കടന്നു കയറാന്‍ കഴിയാത്ത വിധം മൂന്നു തൂണുകള്‍ - പാര്‍ലമെന്റ്, ജുഡീഷ്യറി, എക്സിക്യുട്ടിവ് രൂപീകരിച്ചിരിക്കുന്നത് ഒരിക്കലും ഒരു പൌരനു നീതി ലഭിക്കാതെ പോകരുത് എന്ന് കരുതിയും നമ്മുടെ ജനാധിപത്യ രീതികള്‍ അതിന്‍റേതായ രൂപത്തില്‍ നിലനില്‍ക്കണം എന്ന് കരുതിയുമാണ്. ഇതില്‍ ഒരു കാരണവശാലും വഴി വിട്ടു പോകാന്‍ പാടില്ലാത്ത നിയമ വ്യവസ്ഥിതി പോലും ഇന്ന് താളം തെറ്റി പോയിരിക്കുന്നു. രാജ്യത്തെ ജഡ്ജിമാരില്‍ വലിയൊരു ശതമാനം അഴിമതിക്കാരാണ് എന്ന് കാല്‍ നൂറ്റാണ്ടു മുന്‍പാണ് ജസ്റ്റിസ്‌ വി ആര്‍ കൃഷ്ണയ്യര്‍ പറഞ്ഞത്. അന്ന് അത്രയും ആയിരുന്നെങ്കില്‍ ഇന്ന് എത്രയോ ഇരട്ടിയായിരിക്കും ജുഡീ ഷ്യറി യിലെ അഴിമതി....

പിന്നെ പ്രതീക്ഷിക്കേണ്ടത് നാലാം തൂണായ മാധ്യമങ്ങളിലാണ്. പക്ഷെ പത്രം സാമൂഹിക ധര്‍മ്മം നിറവേറ്റാനുള്ള ഒരു വേദി എന്ന കാലത്തുനിന്നു വളര്‍ന്നു ഒരു വ്യവസായവും ലാഭം ലഭിക്കുന്ന മേഖലയും ആയി മാറുകയും അച്ചടിക്കുകയും പ്രസിദ്ധീകരിക്കുകയും ചെയ്യുന്ന അക്ഷരങ്ങള്‍ക്ക് യാതൊരു വിശ്വാസ്യതയും ഇല്ലാതാകുമ്പോള്‍ നമുക്കത് അടച്ചു വെക്കേണ്ടി വരുന്നു. സ്ഥാപിത താല്‍പ്പര്യത്തിന്റെ മാധ്യമ പ്രവര്‍ത്തനം. വലിയ വിശ്വാസ്യത നടിച്ച പ്രമുഖരായ പല മാധ്യമ പ്രവര്‍ത്തകരുടെയും പുറം പൂച്ചുകള്‍ അഴിഞ്ഞു വീഴുന്നത് കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി നാം കാണുന്നു.

ജനാധിപത്യത്തില്‍ ഭരണ പക്ഷവും പ്രതിപക്ഷവും ഉണ്ട്. ഒരാള്‍ മോശമായാല്‍ തിരുത്താന്‍ മറ്റൊരാള്‍. എല്ലാ നിയമ  നിര്‍മ്മാണ സഭകളിലും ഭരണ പക്ഷവും പ്രതിപക്ഷവും ഉണ്ട്. നമ്മുടെ രാജ്യത്തെ പ്രതിപക്ഷവും ഭരണ പക്ഷവും ഒരു നാണയത്തിന്റെ ഒരു വശമാണ്. മറുവശം പോലുമല്ല. ആര് അധികാരത്തില്‍ വന്നാലും സ്ഥിതിഗതികള്‍ മാറില്ലെന്ന് ചുരുക്കം. ജനാധിപത്യത്തിന്റെ മറ്റൊരു ആശ്വാസമാണ് ബഹു പാര്‍ട്ടി സംവിധാനം. ഒരു പാര്‍ട്ടിയില്‍ വിശ്വാസം നഷടപ്പെടുമ്പോള്‍ പ്രവര്‍ത്തിക്കാനും വോട്ടു ചെയ്യാനും മറ്റൊരു പാര്‍ട്ടി. ഒരു നേതാവ് പിഴക്കുമ്പോള്‍ പിഴചെയ്യാത്ത മറ്റൊരാള്‍. അങ്ങനെ ആശ്വസിക്കാനും നമുക്കിന്നു കഴിയുന്നില്ല. എല്ലാവരും ഒരേ അച്ചില്‍ വാര്‍ത്ത ശില്പങ്ങള്‍. ഒരേ പ്രവര്‍ത്തികള്‍. ഖാദര്‍ ഇട്ടവരും കാവി ഉടുത്തവരും ചെങ്കൊടി പിടിച്ചവരും മത രാഷ്ട്രീയത്തിന്റെ വിശുദ്ധി അവകാശപ്പെട്ടവരും എല്ലാം അഴിമതിയുടെ കാര്യത്തില്‍ തുല്യര്‍. ജനങ്ങളുടെ കാര്യവും അവരുടെ അവകാശവും അവരുടെ ക്ഷേമവും അധികാരത്തില്‍ എത്തുമ്പോള്‍ മറക്കുകയും പ്രതിപക്ഷത്തിരിക്കുമ്പോള്‍ സൌകര്യാര്‍ത്ഥം ഓര്‍ക്കുകയും ചെയ്യുന്നവര്‍.

നമ്മുടെ രാജ്യത്തിന്റെ ശാപവും അത് തന്നെയാണ്. മാറി പരീക്ഷിക്കാന്‍ ആരുമില്ലാത്ത അവസ്ഥ. സംശുദ്ധി അവകാശപ്പെടുന്ന ഒരു സംവിധാനവും ഇല്ലാത്ത സ്ഥിതി. അഴിമതിക്ക് എതിരായി സമരം നടത്തിയ അണ്ണാ ഹസാരെക്ക് പണം കൊടുത്തതും വിദേശ ലോബികള്‍. ആരെയാണ് നാം വിശ്വസിക്കേണ്ടത്.....? ആര്‍ക്കു പിന്നിലാണ് നാം അണിനിരക്കേണ്ടത്.. .....? വിശ്വാസം നഷ്ടപ്പെട്ടു പോകുന്നു, ഈ രാജ്യത്തോടും അതിന്‍റെ സംവിധാനങ്ങളോടും പ്രതികരണ ശേഷി നശിച്ച ജനതയോടും.

ഇപ്പോള്‍ പെട്രോള്‍ വില വര്‍ദ്ധിച്ചതിന്റെ പേരില്‍ ഓട്ടോ റിക്ഷക്കാര്‍ കൂലി ഇരട്ടിയാക്കി. അവരുടെ കൂലി കേട്ടാല്‍ തോന്നുക പെട്രോള്‍ വില തുള്ളിക്കാണ് കൂട്ടിയത് എന്ന്. പഴവും പച്ചക്കറിയുമൊക്കെ ഇപ്പോള്‍തന്നെ പൊള്ളുന്ന വിലക്കാണ്‌ വാങ്ങുന്നത്. ഉപ്പുമുതല്‍ കര്‍പ്പൂരം വരെ എല്ലാ ഉല്‍പ്പന്നങ്ങള്‍ക്കും വിലകൂടിയിട്ടുണ്ട്. അത് ഔദ്യോഗികമായി പ്രഖ്യാപിച്ച വിലക്കയറ്റം അല്ല. എന്ന കമ്പനികള്‍ക്ക് സ്വയം നിര്‍ണ്ണയ അധികാരം ഉള്ളത് പോലെ നാട്ടിലെ പച്ചക്കറി കടക്കാരനും പലചരക്ക് വ്യാപാരിയും പഴങ്ങള്‍ വില്‍ക്കുന്ന കടക്കാരും ഒക്കെ അവര്‍ വില്‍ക്കുന്ന വസ്തുക്കള്‍ക്ക് വില നിര്‍ണ്ണയിക്കാനുള്ള അവകാശം പണ്ട് മുതലേ സ്വന്തമാക്കിയിട്ടുണ്ട്.

സത്യത്തില്‍ ഏറ്റവും ആത്മ നിന്ദയോടെയാണ്  ഞാന്‍ ഇതെഴുതുന്നത്. ഒരു യു ഡി എഫു കാരന്‍ ആയിപ്പോയതില്‍ എനിക്ക് കുറ്റബോധം ഉണ്ട്.  കോണ്‍ഗ്രസ് ചിഹ്നത്തില്‍   വോട്ടു ചെയ്യേണ്ടി വന്നതില്‍ അതിയായ ആത്മ നിന്ദ ഉണ്ട്. ഈ രാജ്യത്ത് ഈ കാലയളവില്‍ ജീവിക്കേണ്ടി വന്നതില്‍ പോലും ഞാന്‍ ദുഖിക്കുന്നു. കേന്ദ്ര സര്‍ക്കാരിന്റെ തോന്ന്യവാസത്തിനു ഞാനും കൂട്ടുനിന്നതായി എനിക്ക് തോന്നുന്നു. എന്റെ മണ്ഡലത്തില്‍ നിന്നും ഞാന്‍ വോട്ടു ചെയ്ത സ്ഥാനാര്‍ഥി ഈ പൊതു വികാരം തിരിച്ചറിയാതെ പോകുന്നതിലും ഞാന്‍ ദുഖിക്കുന്നു. വോട്ടു ചെയ്തു വിജയിപ്പിച്ചവരെ തിരിച്ചു വിളിക്കാന്‍ എന്തെങ്കിലും വഴിയുണ്ടായിരുന്നെങ്കില്‍ ഞാനത് ഉപയോഗിച്ചേനെ. അങ്ങനെ ഒന്ന് ഇല്ലാത്തതു മഹത്തായ ഈ രാജ്യത്തിലെ അതി മഹത്തായ ജനാധിപത്യത്തിന്റെ ആത്യധികം മഹത്തായ നേതാക്കളുടെ ഭാഗ്യം.

പൊള്ളയായ ഈ ജനാധിപത്യത്തെയും , കള്ളന്മാരായ അതിന്റെ ഉപയോക്താക്കളായ സര്‍ക്കാരിനെയും ഞാന്‍ വെറുക്കുന്നു.  സര്‍ക്കാരിന്‍റെ മുഖത്തേക്ക് ഞാന്‍  കാറി തുപ്പുന്നു. സര്‍ക്കാരിനെയും ജനങ്ങളെ പട്ടിണിക്കിടാന്‍ കാരണക്കാര്‍ ആകുന്ന സര്‍ക്കാരിന്‍റെ എല്ലാ സംവിധാനങ്ങളെയും ഞാന്‍ ശപിക്കുന്നു... 

Sunday, 31 July 2011

മുസ്ലിംകള്‍ക്ക് മനസിലാകാത്ത ഇസ്ലാം......

കഴിഞ്ഞ ദിവസം പത്തനംതിട്ട നഗരത്തിലെ പലചരക്ക് മൊത്തക്കച്ചവടക്കാരനായ ഒരു സുഹൃത്തുമായി സംസാരിച്ചു കൊണ്ടിരിക്കുമ്പോള്‍ അദ്ദേഹത്തിന് ഒരു ഫോണ്‍ വന്നു. കടയില്‍ നിന്ന് അദ്ദേഹത്തിന്റെ അക്കൌണ്ടന്റ് ആണ് വിളിച്ചത്. കടയില്‍ വാണിജ്യ നികുതി ഉദ്യോഗസ്ഥര്‍ പരിശോധനക്ക് എത്തിയത്രെ. ആകെ ദിവസ വരുമാനം മൂവായിരം രൂപയാണെന്ന് അക്കൌണ്ടന്റ് പറഞ്ഞുവത്രേ. അതിനുള്ള രേഖകളും നല്‍കി. സുഹൃത്ത്‌ അക്കൌന്ടന്റിനെ ശകാരിച്ചു. അത്രയും കൂടുതല്‍ പറയേണ്ടിയിരുന്നില്ല. പരിശോധനക്ക് വന്ന ഉദ്യോഗസ്ഥനെക്കുറിച്ചു ചോദിച്ചറിഞ്ഞ ശേഷം ഫോണ്‍ വെച്ചു. ഉടന്‍ തന്നെ ആ വാണിജ്യ നികുതി ഉദ്യോഗസ്ഥനെ ഫോണില്‍ വിളിച്ചു.
" ഹലോ സാര്‍...."
.................
" ഞാന്‍ ............... ഹാജിയാണ് ...."
..........................................
" ഇന്ന് കടയില്‍ വന്നിരുന്നു എന്നറിഞ്ഞു ..."
...........................................
"പിന്നെ ......... ആ അക്കൌണ്ടന്റ് പറഞ്ഞത്രയും എഴുതിയോ..."
..........................................
"എന്താ ഇപ്പോള്‍ ചെയ്യുക............"
.........................................................
"അത് വേണ്ട. കുറച്ചു കൂടി കുറക്കണം...."
...........................................................
" ഞാന്‍ നേരിട്ട് വന്നു കണ്ടോളാം.."
..........................................................
"ശരി..... താങ്ക്യൂ "


സുഹൃത്തിന്റെ മുഖത്തെ ഗൌരവം കണ്ടത് കൊണ്ട് കാര്യം അന്വേഷിച്ചു. അക്കൌണ്ടന്റ് കൊടുത്ത കണക്കു വെച്ചാലും കുഴപ്പം ഒന്നുമില്ല. പക്ഷെ വാര്‍ഷിക വരുമാനം കണക്കാക്കി വരുമ്പോള്‍ ചിലപ്പോള്‍ നികുതി റിട്ടേണ്‍ കൊടുക്കേണ്ടി വരും. അതൊക്കെ വല്യ ചടങ്ങാണ്.


ഇദ്ദേഹം അറിയപ്പെടുന്ന ഇസ്ലാമിക പ്രവര്‍ത്തകന്‍ ആണ്. മുസ്ലിം എന്ന് തിരിച്ചറിയാന്‍ ആവശ്യമായ അടയാളങ്ങള്‍ എപ്പോഴും ഒപ്പമുണ്ട്. മുസ്ലിം പ്രശ്നങ്ങളില്‍ അതീവ വൈകാരികമായ പ്രതികരണങ്ങളാണ് ഇദ്ദേഹത്തിനുള്ളതും. സംഭാഷണങ്ങളില്‍ എപ്പോഴും ഇസ്ലാമിക കാര്യങ്ങള്‍ കടന്നു വരികയും പ്രവാചക ചര്യകളും ഖുറാന്‍ സൂക്തങ്ങളും ഉദ്ധരിക്കുകയും ചെയ്യാറുമുണ്ട്.


അതുകൊണ്ട് തന്നെ ഞാന്‍ ചോദിച്ചു. " ടാക്സ്‌ വെട്ടിക്കുന്നത് തെറ്റല്ലേ.."
"നമുക്കും ജീവിക്കണ്ടേ....."
"അല്ല, ഇത് നിയമ വിരുദ്ധമായ കാര്യമല്ലേ.."
" അതെ, പക്ഷെ നിയമത്തില്‍ ഇതിനൊക്കെ പഴുതുണ്ടല്ലോ....അത് ഉപയോഗിക്കുന്നതില്‍ തെറ്റില്ലല്ലോ ..."
" ടാക്സ്‌ 'ബൈതുല്‍ മാല്‍' ( പൊതുമുതല്‍) അല്ലെ, അത് വെട്ടിക്കുന്നത് ഹറാം അല്ലെ...."
"നിന്നോട് സംസാരിച്ചാല്‍ ഈ ലോകത്ത് ജീവിക്കാന്‍ കഴിയില്ല...."
" പരലോകത്ത് ഇക്കാര്യം ചോദിക്കുമ്പോള്‍ എന്ത് പറയും ..."
" അതിനു നമ്മള്‍ സക്കാത്ത് കൊടുക്കുന്നുണ്ടല്ലോ.."
" സക്കാത്ത് നിര്‍ബന്ധമായും കൊടുക്കേണ്ട ഒന്നാണ്. അതുപോലെ തന്നെയാണ് ടാക്സും."
" വിശദമായ ചര്‍ച്ച ആവശ്യമുള്ള കാര്യമാണിത്... പിന്നെ കാണാം..."


നികുതി പൊതു മുതലാണ്‌. വെള്ളതിനാനെങ്കിലും വാഹനത്തിനാനെങ്കിലും ഭൂ നികുതിയാണെങ്കിലും പൊതു സമ്പത്താണ്‌. അത് മോഷ്ടിക്കുന്നതും വെട്ടിക്കുന്നതും ഹറാം ആണ്. കള്ളുകുടിക്കുന്നത് പോലെ, വ്യഭിച്ചരിക്കുന്നത് പോലെ, പട്ടിയുടെയും പന്നിയുടെയും മാംസം ഭക്ഷിക്കുന്നത് പോലെ, നികുതി വെട്ടിപ്പും ഹറാം തന്നെ. ഒരാളുടെ അനുവാദമില്ലാതെ അയാളുടെ വസ്തുവോ മുതലോ അപഹരിക്കുന്നതാണ് മോഷണം. നമ്മുടെ രാജ്യത്തെ നൂറ്റി പതിനാലു കോടി ജനങ്ങളുടെ പൊതു മുതലില്‍ നിന്ന് മോഷ്ടിക്കുമ്പോള്‍ അത് ഹറാം അല്ലെന്നുണ്ടോ..?!!!!


അഴിമതിയും പൊതു മുതല്‍ തട്ടിയെടുക്കുന്നതും സര്‍വ്വ സാധാരണമാവുകയും അതിന്റെ കണക്കുകള്‍ സാധാരണക്കാരന്റെ തലയിലും കണക്കു കൂട്ടു യന്ത്രങ്ങളിലും ഉള്‍ക്കൊള്ളാന്‍ കഴിയാതെ വരികയും നാട് ഭരിച്ചു കൊണ്ടിരിക്കുന്ന എല്ലാ പുഞ്ചിരിക്കുട്ടന്മാരും വോട്ടു പാര്‍ട്ടികളും അഴിമതിയുടെ കുളിമുറിയില്‍ തുണിയില്ലാതെ നില്‍ക്കുകയും ചെയ്യുന്ന കാലത്ത് ഇതൊക്കെ അത്ര വലിയ കാര്യമല്ലായിരിക്കും. പക്ഷെ ഇസ്ലാമിക വിശ്വാസിക്ക് അങ്ങനെ നിസ്സാരമായി ഇതിനെ കാണാന്‍ കഴിയില്ല.


ഏറെ തെറ്റിദ്ധരിക്കപ്പെട്ട മതമാണ്‌ ഇസ്ലാം എന്ന് പൊതുവേ പറയാറുണ്ട്‌. സത്യത്തില്‍ മുസ്ലിംകള്‍ക്ക് ശരിക്കും മനസിലാകാതെ പോയ ഒരു മതമാണ്‌ ഇസ്ലാം. സാമൂഹികാധിഷ്ടിതമായ ജീവിത രീതിയാണ് അത് മുന്നോട്ടു വെക്കുന്നത്. വ്യക്തിയും വ്യക്തിയും തമ്മിലുള്ള ഇടപാടുകള്‍ക്ക് ഏറ്റവും പ്രാധാന്യം നല്‍കുന്നുണ്ട് ഇസ്ലാം. ഇടപാടുകള്‍ നീതിയുക്തവും വിശ്വാസ്യത ഉള്ളതും, സത്യസന്ധവും ആയിരിക്കണം. പെരുമാറ്റം മാന്യവും ലളിതവും ആയിരിക്കണം. ജനങ്ങളില്‍ ഭീതി നിറയ്ക്കുന്നത് ആകരുത്.


ഒരുവന്റെ നാവില്‍ നിന്നും കൈയ്യില്‍ നിന്നും ജനങ്ങള്‍ സുരക്ഷിതര്‍ അല്ലെങ്കില്‍ അവനു മതം ഇല്ലെന്നു പ്രവാചകന്റെ അധ്യാപനങ്ങളില്‍ കാണാം. വാക്ക് കൊണ്ടും പ്രവര്‍ത്തി കൊണ്ടും ജനങ്ങളെ ഉപദ്രവിക്കരുതെന്നാണ് ഇതിന്റെ സാരം. മുസ്ലിം സമൂഹത്തെ ഇതര ജന വിഭാഗങ്ങള്‍ ഭീതിയോടെ കാണുന്നുണ്ടെങ്കില്‍ അതിനു കാരണം മുസ്ലിം സമുദായത്തിന്റെ ഉള്ളിലും തേടണം.


വലിയ ഇസ്ലാമിക പ്രവര്‍ത്തനങ്ങള്‍ നടത്തുന്നു എന്ന് അവകാശപ്പെടുന്നവര്‍ പോലും പലപ്പോഴും ഇസ്ലാമിന്റെ സത ഉള്‍ക്കൊള്ളാതെയാണ് ജീവിക്കുന്നത്. കച്ചവടത്തില്‍ സൂക്ഷ്മത പാലിക്കാന്‍ ഖുര്‍ആനും പ്രവാചക ചര്യയും പഠിപ്പിക്കുന്നു. ഒരിക്കല്‍ പ്രവാചകന്‍ മദീനയില്‍ ഒരു ഈന്തപ്പഴം വില്‍ക്കുന്ന കടക്കു സമീപമെത്തി. വില്പനയ്ക്ക് കൂട്ടിയിട്ടിരുന്ന ഈന്തപ്പഴ കൂമ്പാരത്തിലേക്ക് വിരല്‍ കൊണ്ട് കുത്തി ഇളക്കിയപ്പോള്‍ പുറത്തു കണ്ടതുപോലെ ഉണങ്ങിയ പഴമായിരുന്നില്ല ഉള്ളില്‍ ഉണ്ടായിരുന്നത്. ഇത് കണ്ടിട്ട് കച്ചവടക്കാരനോട് ജനങ്ങളെ വഞ്ചിക്കാതെ സാധനങ്ങളുടെ ന്യൂനത പറഞ്ഞു മനസിലാക്കി കച്ചവടം നടത്താന്‍ ഉപദേശിച്ചു. ഇതാണ് ഇസ്ലാം പഠിപ്പിക്കുന്ന മാന്യത. തുലാസില്‍ കൃതൃമം കാണിക്കരുതെന്ന് ഖുര്‍ ആന്‍ ശക്തമായ താക്കീതാണ് നല്‍കുന്നത്. പക്ഷെ കച്ചവടം ചെയ്യുന്ന എത്ര മുസ്ലിംകള്‍ ഇസ്ലാമിന്റെ ഈ ഉപദേശങ്ങള്‍ പാലിക്കുന്നുണ്ട് എന്ന് ആത്മ പരിശോധന നടത്തും...?


ഇസ്ലാം സാമൂഹികാധിഷ്ടിതമായ ഒരു മതം എന്ന നിലയില്‍ അനേകം പാഠങ്ങള്‍ പഠിപ്പിക്കുന്നുണ്ട്. പക്ഷെ അത് ഊന്നല്‍ നല്‍കുന്നത് വ്യക്തിയില്‍ നിന്ന് സമൂഹത്തിലേക്കു വളരുന്ന നന്മയുടെ പരിണാമമാണ്. നിയമം രൂപീകരിച്ചു നടപ്പില്‍ വരുത്തി സമൂഹത്തെ നന്നാക്കുന്ന ഒരു രീതിയല്ല പ്രവാചകന്‍ പിന്തുടര്‍ന്നത്‌. വ്യക്തിപരമായി നന്നാവുക. വ്യക്തിയുടെ ഗുണങ്ങള്‍ സമൂഹത്തിലേക്കു പടര്‍ത്തുക എന്ന രീതിക്കാണ് ഇസ്ലാം പ്രാധാന്യം കല്‍പ്പിക്കുന്നത്. ഒരുവന്‍ സ്വയം മാറാന്‍ തയ്യാറാകുമ്പോള്‍ കുടുംബവും അവനു ചുറ്റുമുള്ള സമൂഹവും നന്നാകുന്നു എന്ന രീതിയിലാണ് പ്രവാചകന്റെ അധ്യാപനങ്ങള്‍.


നമസ്കാരവും നോമ്പും കഴിഞ്ഞാല്‍ ഇസ്ലാമിക രാഷ്ട്രം സ്ഥാപിക്കലാണ് മുസ്ലിമിന്റെ ബാധ്യത എന്ന തരത്തില്‍ തെറ്റായ ഉല്‍ബോധനം മുസ്ലിംകളെ കാര്യമായി സ്വാധീനിച്ചിട്ടുണ്ട് എന്ന് കരുതണം. പക്ഷെ ഒരു സാമൂഹിക ജീവിക്ക് വേണ്ട അനേകം സ്വഭാവ ഗുണങ്ങള്‍ ഇസ്ലാം പഠിപ്പിക്കുന്നത്‌ മുസ്ലിംകള്‍ മറന്നു പോകുന്നുണ്ട്. കുടുംബത്തോടും അയല്‍ക്കാരോടും കാണിക്കേണ്ട മര്യാദകള്‍ പാലിക്കപ്പെടാത്തത്‌ ഏറെ ഗൌരവം ഉള്ളതാണ്.


ഒരു മുസ്ലിമിനെ സംബന്ധിച്ചിടത്തോളം ഓരോ പ്രവര്‍ത്തിയും സമഗ്രമായി വിലയിരുത്തണം.ഓരോ ചെറിയ പ്രവര്‍ത്തികള്‍ പോലും മരണാനന്തര ജീവിതത്തില്‍ കൂടുതല്‍ സൂക്ഷ്മമായി വിലയിരുത്തപ്പെടുമെന്ന ബോധം ഉള്‍ക്കൊണ്ടു വേണം അവന്‍ പ്രവര്‍ത്തിക്കാന്‍. എല്ലാവരും ചെയ്യുന്നത് കൊണ്ടോ നിരന്തരം ചെയ്തു പഴകിയതുകൊണ്ടോ ഒരു തെറ്റ് ശരിയായി മാറില്ല എന്ന സാമാന്യ തത്വം ഉള്‍ക്കൊണ്ടാല്‍ മതി.
ഉദാഹരണമായി പൊതുമുതല്‍ നശിപ്പിക്കുന്നതും ഗതാഗതം മുടക്കുന്നതും സര്‍വ്വ സാധാരണമായ സമര രീതിയായി ഇന്ന് മാറിയിരിക്കുന്നു. പക്ഷെ ഇസ്ലാമിക വീക്ഷണത്തില്‍ അത് അവന്റെ വിശ്വാസത്തെ പോലും ബാധിക്കുന്ന സമരമാണ്. വിശ്വാസത്തിന്റെ എഴുപതു ശാഖകളില്‍ ഒന്നാണ് മാര്‍ഗ തടസ്സം നീക്കുക എന്നത്. മാര്‍ഗം മുടക്കുന്നവന്‍ അപ്പോള്‍ എങ്ങനെ ഒരു വിശ്വാസി ആകും ..? പൊതുമുതല്‍ നശിപ്പിക്കുന്നത് ഒരു ഇസ്ലാമിക നിയമ സംഹിത അനുസരിച്ച് വിചാരണ ചെയ്യപ്പെട്ടാല്‍ മോഷണത്തെക്കാള്‍ വലിയ തെറ്റല്ലേ....?


ആന്തരിക വിമര്‍ശനത്തിന്റെ സമയം അതിക്രമിച്ചിരിക്കുന്നു. വിമര്‍ശിക്കുമ്പോള്‍ അത് ഇസ്ലാമിന് നേരെയുള്ള ആക്രമണമായി വ്യാഖ്യാനിച്ചു വാളോങ്ങുന്നത്‌ അവസാനിപ്പിക്കണം. വിമര്‍ശകരെ ഇസ്ലാമിക വിരുദ്ധരായി കാണുന്നതിനു മുന്‍പ് വിമര്‍ശനങ്ങളില്‍ കഴമ്പുണ്ടോ എന്ന് പരിശോധിക്കാനെങ്കിലും കഴിയണം.
നിസ്സാര വിമര്‍ശനം പോലും ഉള്‍ക്കൊള്ളാന്‍ കഴിയാത്ത വിധം അടഞ്ഞ ഒരു സമൂഹമായി എത്ര കാലം നമുക്ക് പോകാന്‍ കഴിയും ...?.
ഈ നോമ്പുകാലം സ്വയം വിമര്‍ശനത്തിനുള്ള ഒരു സമയമായി കാണാന്‍ നമുക്ക് കഴിയുമോ....?

Tuesday, 31 May 2011

ജയിച്ചിട്ടും തോല്‍ക്കുന്ന ലീഗ്


        സംസ്ഥാനത്ത് ഇക്കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ഏറ്റവും കൂടുതല്‍ സ്ട്രൈക്ക് റേറ്റ് രേഖപ്പെടുത്തിയ പാര്‍ട്ടി മുസ്ലിം ലീഗാണ്. മത്സരിച്ച ഇരുപത്തി  നാല് സീറ്റില്‍ ഇരുപതിലും വിജയിക്കാന്‍ പാര്‍ട്ടിക്ക് കഴിഞ്ഞു. പാര്‍ട്ടിയുടെ തലതൊട്ടപ്പനായ കുഞ്ഞാപ്പാക്ക് സംസ്ഥാനത്തെ ഏറ്റവും ഉയര്‍ന്ന രണ്ടാമത്തെ ഭൂരിപക്ഷവും നല്‍കി. സുന്നികള്‍ക്കും ജമാ അത്തിനും എന്‍ ഡി എഫിനും അനഭിമതരായ കെ എം ഷാജിയും എം കെ മുനീറും നേരിയ വോട്ടുകള്‍ക്ക് വിജയിച്ചു. ജയിച്ച ഇരുപതു പേരും പെരുമയുള്ളവര്‍. കൊമ്പന്‍മാരും വമ്പന്‍മാരും.

തീവ്രത പോരെന്നു പറഞ്ഞു ലീഗ് വിട്ടവരും അഭിനവ തീവ്രക്കാരും ഒരുപോലെ പ്രശംസിച്ച വിജയം. എതിരാളികളെ എറിഞ്ഞു വീഴ്ത്തിയ രാഷ്ട്രീയ തന്ത്രം.  കടും പച്ച യുടെ പര്യായമായി "മലപ്പുറം" എന്ന് കൂടി നിഘണ്ടുവില്‍ എഴുതി ചേര്‍ക്കാന്‍ ഭാഷാ വിദഗ്ധര്‍. അഞ്ചു മന്ത്രിയും സ്പീക്കര്‍ പോസ്റ്റും ഉറപ്പെന്ന് എല്ലാവരും ഒരുമിച്ചെഴുതി. വിമര്‍ശകരും അന്തംവിട്ടിരിക്കുകയായിരുന്നു. അപ്പോഴാണ്‌ കുഞ്ഞാപ്പയുടെ പ്രഖ്യാപനം. ലീഗ് അവിഹിതമായി ഒന്നും ചോദിക്കില്ല. അധികമൊന്നും വാങ്ങുകയും ഇല്ല. നാലില്‍ കൂടുതല്‍ ചോദിക്കില്ലെന്ന് അനൗദ്യോഗിക പ്രഖ്യാപനങ്ങള്‍. കുഞ്ഞാപ്പക്കു പുറമേ ഉമ്മന്‍ ചാണ്ടിയും ചെന്നിത്തലയും ഇതൊക്കെ ഊന്നി പറഞ്ഞു. ലീഗ് മന്ത്രിമാരുടെ കാര്യം ചര്‍ച്ച വന്നപ്പോഴും കുഞ്ഞാപ്പക്കു പുറമേ ടി. എ. അഹമദ് കബീറും മഞ്ഞളാം കുഴി അലിയും അബ്ദുല്‍  റബ്ബും. ആരും കുറ്റം പറഞ്ഞില്ല.

മുന്നണി രാഷ്ട്രീയത്തിലെ മാന്യമായ ഇടപാട് എന്ന് എല്ലാവരും പറഞ്ഞു. പക്ഷെ കാര്യങ്ങള്‍ തകിടം മറിഞ്ഞത് പെട്ടെന്നായിരുന്നു. ഒരു സുപ്രഭാതത്തില്‍ ലീഗിന്റെ അഞ്ചു മന്ത്രിമാരെയും അവരുടെ വകുപ്പുകളും പാണക്കാട് തങ്ങള്‍ തിരുവനതപുരത്ത് പ്രഖ്യാപിച്ചു കളഞ്ഞു. ഒപ്പം ഒന്നായിരുന്ന തദ്ദേശ സ്വയം ഭരണ വകുപ്പ് മൂന്നായി വീതിച്ചു സിംഹ ഭാഗം പുലിക്കു കൊടുത്തു. അപ്രതീക്ഷിതമായി മുനീറും ഇബ്രാഹിം കുഞ്ഞും പട്ടികയില്‍ വന്നു.

ഗ്രൗണ്ടില്‍ മിന്നുന്ന സെഞ്ചുറി അടിച്ച ക്രിക്കറ്റ് കളിക്കാരന്‍, ജനം അയാളുടെ സെഞ്ചുറി ആഘോഷിക്കുന്ന ആരവങ്ങള്‍ക്കിടയില്‍ തുണി ഇല്ലാതെ ഓടിയാല്‍ എങ്ങനെയിരിക്കും....?


ലീഗും അതുപോലെ നാണം കെട്ടു. അറിഞ്ഞവര്‍ അറിഞ്ഞവര്‍ ചൊറിഞ്ഞു. അറിയാത്തപിള്ളമാര്‍ അറിഞ്ഞു. വിമര്‍ശനത്തില്‍ കുഞ്ഞാപ്പയോ കുഞ്ഞോ കുട്ടിയോ കുലുങ്ങിയില്ല. എന്നാല്‍ ചാണ്ടി ഒട്ടു അയഞ്ഞതുമില്ല. നാടകം അടുത്ത അങ്കം അണിയറയിലും അരങ്ങത്തുമായി തുടരുന്നു.  ചര്‍ച്ചകള്‍ പൊടിപൊടിക്കുന്നു.

ലീഗ് എന്തുകൊണ്ട് പടിക്കല്‍ കലമുടച്ചു....? എങ്ങനെ കുഞ്ഞാലിക്കുട്ടിയുടെ   ഉറ്റ ചങ്ങാതിയും തോഴനും മന്ത്രിയായി..?
അക്കഥക്കുത്തരം തേടിയാല്‍   മിന്നിത്തിളങ്ങുന്ന ആ മുഖം നമുക്കോര്‍മ്മ വരും. ചാനലുകളില്‍ ചര്‍ച്ചകളിലും മറ്റും കുഞ്ഞാലിക്കുട്ടിക്ക് ഒപ്പം ഉണ്ടായിരുന്ന മഹാനായ ലീഗ് നേതാവ് ഇ. അഹമ്മദ്‌ സാഹിബിന്റെ മുഖം. കേരളത്തില്‍ ലീഗ് നേടിയ ചരിത്ര വിജയത്തിന്റെ പ്രതിഫലമായി കേന്ദ്ര കാബിനറ്റ്‌ പദവി ഉറപ്പിക്കാനയിരുന്നു സാഹിബ് ദീര്‍ഘ നാള്‍ നാട്ടില്‍ നിന്നത്. ചര്‍ച്ചകളില്‍ വിജയകരമായി ഇതൊക്കെ അവതരിപ്പിക്കുകയും ചെയ്തു. നാട്ടിലെ നേതാക്കള്‍ ഒക്കെ ഒരു വിധം സമ്മതിച്ചു. ലീഗിന്റെ മന്ത്രിമാര്‍ ഇവിടെ നാലും കേന്ദ്രത്തില്‍ കാബിനറ്റ്‌ ഒന്നും ചേര്‍ന്ന് അഞ്ചെണ്ണം. ബാക്കി ചര്‍ച്ചകള്‍ പൂര്‍ത്തീകരിക്കാന്‍ ഡല്‍ഹിക്ക് പോയ സാഹിബ് അവിടെ ചെന്നപ്പോഴാണ് കോണ്‍ഗ്രസ് നേതാക്കളുടെ തനി നിറം കണ്ടത്. ഹജ്ജു പോലും വിറ്റു കാശാക്കിയ ഒരാളെ കാബിനറ്റില്‍ എടുക്കില്ലെന്ന്. സ്പെക്ട്രം പോലെ വലുതല്ലല്ലോ ഇതെന്ന് സാഹിബു പറഞ്ഞു നോക്കി. കളി അന്തോനിയോടോ....? രായിക്ക് രാമാനം പണ്ട് കരുണാകര്‍ജിയോടും ചാണ്ടിയോടും ചേര്‍ന്ന് മുഖ്യ മന്ത്രിക്കസേരയില്‍ നിന്ന് ഇറക്കി വിട്ടതിന്റെ കലിപ്പ് തീര്‍ക്കാനല്ല എന്ന മുഖവുരയോടെ ആ മോഹം വെട്ടി കൈയില്‍ കൊടുത്തു. അങ്ങനെ സാഹിബ് തിരികെ വണ്ടികയറി. വന്നപാടെ നേതൃത്വ ഗൂഡാലോചനക്കാരെ വിളിച്ചു വരുത്തി എടുത്ത തീരുമാനമായിരുന്നു അഞ്ചാം മന്ത്രി. ലിസ്റ്റ് വെട്ടിയും തിരുത്തിയും മന്ത്രിമാരെ വീതം വെച്ചു. തങ്ങളെ കൊണ്ട് പ്രഖ്യാപിപ്പിച്ചാല്‍ നടന്നേക്കും എന്നാണ് കരുതിയത്‌. പാണക്കാട് പ്രഖ്യാപിച്ചാല്‍ കേള്‍ക്കേണ്ടവര്‍ കേള്‍ക്കില്ല എന്ന് തോന്നിയത് കൊണ്ട് തങ്ങളെ തലസ്ഥാനത്തേക്ക് കൊണ്ടുവന്നായിരുന്നു പ്രഖ്യാപനം.

പക്ഷെ ഞാണില്‍ കളിക്കുന്ന സര്‍ക്കാരിനെ നയിക്കുന്ന കോണ്‍ഗ്രസ്‌ അയഞ്ഞില്ല. പോയാല്‍ പുല്ലു പോട്ടെ എന്നാണ് അവസാനം ഉമ്മന്‍ചാണ്ടിയും കൂട്ടരും പറഞ്ഞത്. ലീഗിന്റെ പ്രഖ്യാപനത്തെ അവര്‍ ഒട്ടും ഭയക്കുന്നില്ല എന്ന് തന്നെയാണ് മനസിലാക്കേണ്ടത്. എന്ത് വന്നാലും ലീഗ് അധികാരത്തില്‍ നിന്ന് മാറി നില്ക്കാന്‍ കുഞ്ഞാലിക്കുട്ടി സമ്മതിക്കില്ല എന്ന് ചാണ്ടിക്ക് നന്നായി അറിയാം. മന്ത്രി ആയില്ലെങ്കില്‍ അകത്തുപോകുന്ന തരത്തിലാണ് കാര്യങ്ങള്‍. ഇരുപത്തി ഒന്നാം മന്ത്രിയായി ലീഗുകാരന്‍ വന്നാല്‍ പിന്നെ പീസീ ജോര്‍ജിനെയും മന്ത്രിയാക്കണം. വഴിയെ പോകുന്ന ഏതെങ്കിലും ഒരു എമ്മെല്ലേ  കേറിവന്നാലും മന്ത്രി ആക്കെണ്ടേ...!

തിരഞ്ഞെടുപ്പ് രംഗത്ത് സജീവമായിരുന്ന ഇ. ടി. മുഹമ്മദ്‌ ബഷീര്‍ ഉള്‍പ്പെടെയുള്ള നേതാക്കളെ ഈ ചര്‍ച്ചകളിലൊന്നും കണ്ടില്ല. വീണ്ടു വിചാരമില്ലാത്ത കസേരകളി ലീഗിനെ നാണം കെടുത്തി എന്നല്ലാതെ എന്ത് പറയാന്‍. ഡല്‍ഹി ലീഗുകാരനും കുഞ്ഞാപ്പയും ഫോര്‍വാഡ് കളിച്ചു മുന്നേറുമ്പോള്‍ ലീഗ് സംഘടനാപരമായി പിന്നിലേക്ക്‌ പോകുകയാണ്. അധികാരത്തിനു വേണ്ടി അഭിമാനം വിറ്റു തുലക്കുന്നത് ജനം തിരിച്ചറിയുമെന്നും ഇനിയും തിരഞ്ഞെടുപ്പുകള്‍ വരുമെന്നും കുഞ്ഞാപ്പയും കൂട്ടുകാരും ഓര്‍ക്കുന്നെങ്കില്‍ നല്ലത്.

Thursday, 19 May 2011

നൂല്‍പ്പാലത്തിലെ സര്‍ക്കാരില്‍ നിന്ന് പ്രതീക്ഷിക്കുന്നത്


തിവ് തെറ്റിക്കാതെ കേരളം മുന്നണികളെ മാറി മാറി പരീക്ഷിക്കുന്ന പ്രവണതയുടെ ഫലമായി ഉമ്മന്‍‌ചാണ്ടി സര്‍ക്കാര്‍ അധികാരത്തിലേറി. പ്രകടന പത്രികകളില്‍ പറഞ്ഞിരുന്ന അനേകം വാഗ്ദാനങ്ങള്‍ നാളെമുതല്‍ നടപ്പിലാക്കിതുടങ്ങും എന്ന പ്രതീക്ഷകള്‍ ഒട്ടുമില്ല. തൊമ്മി ഭരിച്ചാലും ചാണ്ടി ഭരിച്ചാലും ജനം എന്നും  മൂന്നാംകിട ആണെന്ന് കേരളത്തിന്റെ ചരിത്രം നമ്മെ പഠിപ്പിക്കുന്നു. ജനകീയ പ്രക്ഷോഭങ്ങളുടെ അമരക്കാരനായിരുന്ന വി.എസ് മുഖ്യമന്ത്രി ആയിരുന്നിട്ടും അഞ്ചുവര്‍ഷം ജനം പെരുവഴിയിലായിരുന്നു  കഴിഞ്ഞത്. ഇനിയത്തെ അഞ്ചു വര്‍ഷം അങ്ങനെ തന്നെ ആയിരിക്കുമോ എന്ന ചോദ്യം മാത്രമേ ബാക്കിയുള്ളൂ.


കേന്ദ്രത്തിലും സംസ്ഥാനങ്ങളിലും അധികാരത്തില്‍ കയറുന്ന എല്ലാ പാര്‍ട്ടികളും മുന്നോട്ടു വെക്കുന്ന മധുര മന്ത്രമാണ്‌ വികസനം. രാജ്യത്തിന്റെ വികസനം എന്നാല്‍ മണ്ണില്‍ കുഴിച്ചിടുന്ന കെട്ടിടങ്ങളുടെ വലിപ്പമാണ് എന്നൊരു ധാരണ മന്ത്രിമാര്‍ക്കും പാര്‍ട്ടി നേതാക്കള്‍ക്കും ഉണ്ട്. ലംബ വികസനം നേടിയാല്‍ (vertical  development ) എല്ലാമായി എന്നാണ് ഇവരുടെ വാദം. നിര്‍ഭാഗ്യവശാല്‍ അത്തരം ഉപദേശങ്ങള്‍ നല്‍കുന്ന അധികാര ലോബികള്‍ ആണ് മിക്ക സര്‍ക്കാരുകളെയും നയിക്കുന്നത്. പക്ഷെ ബുര്‍ജ് ഖലീഫയെക്കള്‍ ഉയര്‍ന്ന കെട്ടിടം കേരളത്തില്‍ വേണമെന്നോ അമേരിക്കയില്‍ തകര്‍ക്കപ്പെട്ട ഇരട്ട കെട്ടിടങ്ങളുടെ മാതൃകയിലും വലിപ്പത്തിലും ഒന്ന് തിരുവനന്ത പുരത്ത് പണിയണം എന്നോ സാധാരണക്കാരന്‍ ആഗ്രഹിക്കുന്നില്ല.

ഉമ്മന്‍‌ചാണ്ടി സര്‍ക്കാര്‍ ഉള്‍ക്കൊള്ളേണ്ട അനേകം പാഠങ്ങള്‍ മുന്‍കാല സര്‍ക്കാരുകളും ഇപ്പോഴത്തെ കേന്ദ്ര സര്‍ക്കാരും ആഗോള തലത്തില്‍ നടക്കുന്ന ജനകീയ വിപ്ലവങ്ങളും  നല്‍കുന്നുണ്ട്.

വികസനത്തിന്‌ വേണ്ടി ഏറ്റെടുക്കുന്ന ഭൂമിയെ ചൊല്ലി ഇന്ത്യയില്‍ ഒട്ടാകെ നടക്കുന്ന ജനകീയ വിപ്ലവങ്ങള്‍ കണ്ടില്ലെന്നു നടിക്കുന്നത് മണ്ടത്തരമാണ്. ബംഗാളില്‍ മൂന്നു പതിറ്റാണ്ട് ഭരണം നടത്തിയ സര്‍ക്കാരിനെ ജനം തൂത്തെറിഞ്ഞത് വികസനത്തിന്‌ വേണ്ടി ഭൂമി ഏറ്റെടുത്തപ്പോള്‍ കര്‍ഷകരെ പെരുവഴിയിലാക്കിയതിനാണ്. സിന്ഗൂരും നന്ദിഗ്രാമും ആരും മറന്നിട്ടില്ല. മറക്കാന്‍ സമയവുമായിട്ടില്ല.

ഇന്ത്യയുടെ മധ്യ ദേശങ്ങളില്‍ നക്സലുകള്‍ ചുവടുറപ്പിച്ചത് ഇത്തരത്തില്‍ നീതി നിഷേധിക്കപ്പെട്ട ജനങ്ങളെ സംഘടിപ്പിച്ചാണ് എന്ന  കാര്യം ആരൊക്കെ മറച്ചു വെച്ചാലും നിഷേധിച്ചാലും
വസ്തുതയാണ്. അതിനെതിരെ യുദ്ധ സന്നാഹമാണ് ഇപ്പോള്‍ രാജ്യ ഭരണ കര്‍ത്താക്കള്‍ ചെയ്യുന്നത്. ധാതു ഖനനത്തിന് സ്വകാര്യ കമ്പനികള്‍ക്ക് ഭൂമി നല്‍കുമ്പോള്‍ കുടിയിറക്കപ്പെടുന്ന കര്‍ഷകനും ആദിവാസിക്കും പകരം സംവിധാനം ഒരുക്കാതെയും മണ്ണിനു മേലുള്ള അവരുടെ അവകാശം നിഷേധിച്ചും അധികാരത്തിന്‍റെ ഹുങ്ക് കാട്ടുന്ന സര്‍ക്കാരുകള്‍ നല്‍കേണ്ടിവന്ന വിലയാണ് ചുവന്ന ഭീകരത  എന്ന് അറിയപ്പെടുന്ന മാവോയിസ്റ്റു  ഭീഷണി.

മഹാരാഷ്ട്രയിലും മറ്റു സംസ്ഥാനങ്ങളിലും ഇതേപോലെയുള്ള ഭൂമി ഏറ്റെടുക്കല്‍ സംബന്ധിച്ച പ്രശ്നങ്ങള്‍ പുകയുന്നുണ്ട്. ഏറ്റവും അവസാനം ഗ്രയിറ്റെര്‍ നോയിടയില്‍ നിന്നുള്ള കര്‍ഷക പ്രക്ഷോഭത്തിന്റെ വാര്‍ത്തകള്‍ ഒട്ടും സഹിക്കാന്‍ കഴിയുന്നതല്ല. ഇവിടെ ഭാട്ടര്‍പൂര്‍ ഗ്രാമത്തില്‍ നിന്ന്  ഏറ്റെടുത്ത ഭൂമിക്കു ന്യായമായ വില ലഭിക്കണം എന്ന ആവശ്യവുമായി
കര്‍ഷകര്‍ സമരം ചെയ്യുന്നത് ഏതെങ്കിലും രാഷ്ട്രീയ പാര്‍ട്ടിയുടെ ലേബലിലും അല്ല എന്നോര്‍ക്കണം.

ഇടതു മുന്നണി ഭരിക്കുന്ന കാലയളവില്‍ കേരളത്തില്‍ ഉണ്ടായ ഭൂമി ഏറ്റെടുക്കല്‍ സംബന്ധിച്ച സമരങ്ങള്‍ ഒരു രാഷ്ട്രീയ പാര്‍ട്ടികളുടെയും സഹായമില്ലാതെയാണ് ശക്തി പ്രാപിച്ചത്. മൂലമ്പിള്ളി സമരം ഇനിയും പരിഹരിക്കപ്പെട്ടിട്ടില്ല. കിനാലൂരില്‍ ഒരു മന്ത്രി നേരിട്ടിറങ്ങിയാണ് ജനങ്ങള്‍ക്കെതിരെ പട നയിച്ചത്. ചെങ്ങറ സമരത്തെ ഞെക്കിക്കൊല്ലാന്‍ എല്ലാ ട്രേഡ് യൂണിയനുകളും സി.പി.എമ്മും കോണ്‍ഗ്രസ്സും ഉണ്ടായിരുന്നു. ജനകീയന്‍ എന്ന വിശേഷണവുമായി അധികാരത്തില്‍ കയറിയ മുഖ്യമന്ത്രി പോലും  ചെങ്ങറ സമരത്തിനെതിരെ വാളോങ്ങി.

ഇത്തരം സമരങ്ങള്‍ക്കുള്ള സാഹചര്യങ്ങള്‍ സൃഷ്ടിക്കപ്പെട്ടാല്‍ അതായിരിക്കും ഈ ഗവണ്മെന്റ് ചെയ്യുന്ന  ഏറ്റവും വലിയ തെറ്റ്. ജനകീയ പ്രക്ഷോഭത്തിന് അധികം സമയവും കൂടുതല്‍ സ്ഥലവും വേണ്ടാ എന്ന് 2011
ലെ ലോക ചരിത്രം  പഠിപ്പിക്കുന്നുണ്ട്. അധികാരത്തിന്‍റെ ഗര്‍വു ജനങ്ങളുടെ  നേരെ തിരിഞ്ഞാല്‍ അഞ്ചു വര്‍ഷം പൂര്‍ത്തിയാക്കാന്‍ കഴിയില്ലെന്ന് മാത്രമല്ല, നാണം കെട്ട് ഇറങ്ങേണ്ടിയും വരും. 

തിരശ്ചീന വികസനം (horizondal development) ആയിരിക്കണം ഈ ഗവര്‍മെന്റിന്റെ പ്രഥമ ലക്‌ഷ്യം. വികസനത്തിന്റെ ഗുണഫലം അനുഭവിക്കാന്‍ ശേഷിയുള്ള ജനസമൂഹത്തെ വാര്‍ത്തെടുക്കലാണ്  ഇതില്‍ പ്രധാനം. ലോകത്തിനു മുന്‍പില്‍ നാം കൊട്ടി ഘോഷിച്ച ആരോഗ്യ രംഗത്തെ പുരോഗതിയും ജീവിത നിലവാരവും തകര്‍ന്നടിഞ്ഞു. മഴപെയ്താല്‍ പകര്‍ച്ച വ്യാധി പിടിപെടുമെന്ന അവസ്ഥയ്ക്കും അപ്പുറം എപ്പോള്‍ വേണമെങ്കിലും മഹാമാരികള്‍ പൊട്ടിപ്പുറപ്പെടും എന്നായിരിക്കുന്നു കാര്യങ്ങള്‍.

മലയാളിക്ക് ആഹരിക്കാന്‍ എന്‍ഡോസല്‍ഫാനും അതിനേക്കാള്‍ മാരകമായ കീട നാശിനികളും നിറഞ്ഞ പച്ചക്കറികള്‍ പുറത്തുനിന്നു വന്നേ മതിയാകൂ എന്നാണ് അവസ്ഥ. ഉത്പാദന ചെലവ് ഉയര്‍ന്നിട്ടും ജീവിത നിയോഗം പോലെ നെല്‍കൃഷി ചെയ്ത നൂറു കണക്കിന് കര്‍ഷകരുടെ കണ്ണീര്‍ കുട്ടനാട്ടിലെ നെല്‍പാടങ്ങളെ നനച്ചതിനു ഈ വര്‍ഷവും സാക്ഷിയായി.

റോക്കറ്റ് പോലെ കുതിച്ചുയരുന്ന വിലക്കയറ്റം പിടിച്ചു നിര്‍ത്താന്‍ കഴിഞ്ഞാല്‍ ജനത്തിന് വലിയ ആശ്വാസം ആയിരിക്കും. വൈദ്യുതി
ചാര്‍ജ് വര്‍ദ്ധിപ്പിക്കുന്നതിനു പകരം നഷ്ടം നികത്താന്‍ വന്‍കിടക്കാര്‍ അടക്കാനുള്ള  കുടിശ്ശിക പിരിച്ചെടുത്താല്‍  മതിയാകില്ലേ. കുത്തക മുതലാളിമാര്‍ക്കും കരിഞ്ചന്തക്കാര്‍ക്കും കൊള്ളക്കാര്‍ക്കും മാഫിയകള്‍ക്കും ഒപ്പം ചേര്‍ന്ന് ജനത്തെ പിഴിയുന്ന ഒരു സംവിധാനമായി സര്‍ക്കാര്‍ മാറരുത്.

കേന്ദ്രത്തില്‍ യു. പി.എ സര്‍ക്കാര്‍ രണ്ടാമതും അധികാരത്തില്‍ കയറിയത് അഴിമതി ഇല്ലാത്ത വിധത്തില്‍ ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി നടപ്പിലാക്കിയാണ്. സുതാര്യ സംഘാടനമാണ് ഈ പദ്ധതി വിജയിപ്പിച്ചത്.
യു. പി.എ സര്‍ക്കാരിനെ വ്യക്തമായ ഭൂരിപക്ഷം നല്‍കി ഈ പദ്ധതി അധികാരത്തില്‍ കയറ്റി. പിന്നെ വന്നത്  തൊഴിലുറപ്പ് പദ്ധതിക്ക് നീക്കിയിരുത്തിയ തുകയുടെ പതിന്‍മടങ്ങ്‌ കട്ട് മുടിച്ച സംഭവങ്ങളാണ്. സ്പെക്ട്രം അഴിമതിയും കോമന്‍ വെല്‍ത്ത് ഗെയിംസ് അഴിമതിയും രാജ്യത്തെ ഞെട്ടിച്ചു. അതിനു തമിഴ് നാട്ടില്‍ ജനം കനത്ത പ്രഹരം നല്‍കിയത് മറക്കരുത്. ഭരണത്തിലിരുന്ന കക്ഷിയെ പ്രതിപക്ഷത്ത്‌ പോലും ഇരുത്തിയില്ല.

ജനം അന്ധമായി യു ഡി എഫിനെ തിരഞ്ഞെടുത്തതല്ല എന്നും ഓര്‍ക്കണം. രണ്ടു പേരെ മാത്രമേ അധികത്തില്‍ കൈ പൊക്കാന്‍ നല്‍കിയിട്ടുള്ളൂ. നൂല്‍ പാലത്തിലെ കളിക്കിടയില്‍ സര്‍ക്കാര്‍ ജന പക്ഷത്ത് നില്‍ക്കണം എന്നാണ് ജനം ആഗ്രഹിക്കുന്നത്.

ഈ കളിയുടെ ആദ്യ ഓവര്‍ ഭംഗിയായി ബാറ്റ് ചെയ്യാന്‍ ഉമ്മന്‍ചാണ്ടിക്ക് കഴിഞ്ഞു. ആദ്യ മന്ത്രി സഭ എടുത്ത തീരുമാനങ്ങള്‍  ജനകീയമായി. ഈ ഫോം അവസാന ഓവര്‍ വരെ തുടരാന്‍ കഴിയുമോ എന്ന ചോദ്യം മാത്രമാണ് ബാക്കിയാകുന്നത്.   

Wednesday, 27 April 2011

എന്‍ഡോ സള്‍ഫാനും നോക്കുകുത്തി ജനാധിപത്യവും

സ്കൂള്‍ ജീവിതത്തില്‍ ഉടനീളം ഒരു ആയിരം തവണയെങ്കിലും ഇന്ത്യ എന്റെ രാജ്യമാണെന്ന് ഞാന്‍ പ്രതിജ്ഞ ചെയ്തിട്ടുണ്ടാവും. പാഠപുസ്തകങ്ങളിലൂടെയും നല്ലവരായ അധ്യാപകരിലൂടെയും എന്റെ രാജ്യം ലോകത്തെ ഏറ്റവും മഹത്തായ രാജ്യമാണെന്ന് ഞാന്‍ പഠിക്കുകയും ചെയ്തിട്ടുണ്ട്. ലോകത്തിനു മുന്‍പില്‍ നിവര്‍ന്നു നില്‍ക്കാന്‍ ഒരു അവസരം ലഭിക്കുകയും സ്വന്തം രാജ്യത്തെക്കുറിച്ച് എന്തെങ്കിലും പറയേണ്ടി വരികയും ചെയ്‌താല്‍ ലോകത്തെ ഏറ്റവും മഹത്തായ രാജ്യത്തിലെ പൌരനാണ് ഞാന്‍ എന്ന് പറയുകയും ചെയ്യുമായിരുന്നു. എന്റെ നാട് എനിക്ക് അത്രയ്ക്ക് ഇഷ്ടമാണ്. 

ജനാധിപത്യമാണ് ഈ രാജ്യത്തിന്റെ ഭരണ സംവിധാനമെന്നും അത് ജനങ്ങള്‍ക്ക്‌ വേണ്ടി ജനങ്ങളാല്‍ തിരഞ്ഞെടുക്കപ്പെട്ട ആളുകള്‍ ജനഹിതമനുസരിച്ച് നടത്തുന്നതാണെന്നും ഞാന്‍  മനസിലാക്കിയിരുന്നു. ഇപ്പോള്‍, പത്രങ്ങളും വാരികകളും വായിക്കാനും മനസിലാക്കാനും പ്രാപ്തമായ ഒരു കാലത്ത്, ചുറ്റും നടക്കുന്നതൊക്കെ തിരിച്ചറിയാന്‍ പ്രായമായ ഒരു കാലത്ത് ഞാനറിയുന്നു, എന്റെ ആഗ്രഹങ്ങളും പ്രതീക്ഷകളുമല്ല ഈ രാജ്യം നടപ്പിലാക്കുന്നത് എന്ന്.

എന്‍ഡോ സള്‍ഫാന്റെ ശാസ്ത്രീയ വശങ്ങള്‍ എനിക്കറിയില്ല. അതിന്റെ ലാഭക്കണക്കുകള്‍ എനിക്കറിയില്ല. അതെങ്ങനെ കീടങ്ങളെ മാത്രം കൊല്ലുന്നു എന്നും എനിക്കറിയില്ല. എനിക്കറിയാവുന്നത്, ആ വിഷം തളിച്ച പ്രദേശങ്ങളിലെ എന്റെ  സഹോദരങ്ങള്‍ ജീവിക്കുന്ന പ്രേതക്കോലങ്ങള്‍ ആയി മാറിയെന്ന്‌ മാത്രമാണ്.

എന്റെ അച്ഛനും അമ്മയും കശുവണ്ടി വ്യാപകമായി വിളയുന്ന നാട്ടില്‍ ജനിക്കുകയും അവിടെ പ്ലാന്റേഷന്‍ കോപ്രേഷന്‍ ഹെലികോപ്ടെറില്‍  വിഷം കൊണ്ടുവന്നു തളിക്കുകയും ചെയ്തിരുന്നെങ്കില്‍ ഇങ്ങനെ കുറിക്കാനും ഈ കാഴ്ചകളുടെ തീവ്ര നോവില്‍ ഉള്ളിലൊരു തേങ്ങല്‍ തങ്ങി നിര്‍ത്താനും എനിക്ക്  കഴിയുമായിരുന്നില്ല. ഇങ്ങനെ ആയിരങ്ങള്‍ എന്റെ സംസ്ഥാനത്ത് ജീവിക്കാന്‍ ഒരു സാധ്യതയും സ്വയം ഇല്ലാതിരുന്നിട്ടും മനുഷ്യത്വവും വാത്സല്യവും അറ്റുപോകാത്ത മാതാപിതാക്കളുടെ കൂടെ ജീവിക്കുന്നുണ്ട് എന്നും അവരുടെ കെടുതികള്‍ക്കുടമ എന്റെ നാട് ഭരിക്കുന്നവരാണ് എന്നും തിരിച്ചറിയുമ്പോള്‍ ഞാന്‍ ഭരണക്കാരെ വെറുത്തു പോകുന്നു.

ലോക രാജ്യങ്ങള്‍ ഗുരുതരമായ എന്‍ഡോ സള്‍ഫാന്‍ വിഷം നിരോധിക്കുന്ന കാര്യം ചര്‍ച്ചചെയ്യാന്‍ ഒത്തുകൂടിയ സദസ്സില്‍ എന്റെ രാജ്യത്തിന്റെ പ്രതിനിധി ഇത് വിഷമല്ല എന്ന് വാദിക്കുകയും നിരോധിക്കരുത് എന്ന് ആവശ്യപ്പെടുകയും ചെയ്ത വാര്‍ത്ത കണ്ണീരും വേദനയും ആത്മ നിന്ദയും കലര്‍ന്ന വികാരത്തോടെ മാത്രമേ കേള്‍ക്കാന്‍ കഴിഞ്ഞുള്ളൂ. പക്ഷെ ഈ നാടിനെക്കുറിച്ചും ജനങ്ങളെ കുറിച്ചും എന്റെ നാടിന്റെ നേതാക്കളെക്കാള്‍ കരുതലും സഹാനുഭൂതിയും സാമ്രാജ്യത്വ രാജ്യങ്ങള്‍ എന്നും ഇന്ത്യയുടെ ശത്രുക്കള്‍ എന്നും ഞാന്‍ ആക്ഷേപിച്ചിരുന്ന രാജ്യങ്ങള്‍ ഉള്‍പ്പെടെ 171 രാജ്യങ്ങള്‍ക്കുണ്ടായിരുന്നു. അവര്‍ എന്‍ഡോ സള്‍ഫാന്‍ വിഷം നിരോധിക്കണം എന്ന് ആവശ്യപ്പെടുന്നവര്‍ ആണത്രേ. ഈ വിഷയം വോട്ടിനിടാതിരിക്കാന്‍ എന്റെ നാട്ടില്‍ നിന്ന് പോയ പ്രതിനിധി വല്ലാതെ ശ്രമിക്കുകയും ചെയ്തു.

ലോക രാജ്യങ്ങളുടെ മുന്‍പില്‍ ഇന്ത്യ എന്ന മഹത്തായ രാജ്യവും ലോക ജനതയ്ക്ക് മുന്‍പില്‍ ഇന്ത്യക്കാരന്‍ എന്ന മഹാ പൌരനായ ഞാനും അപമാനിതരായി. എന്റെ നാടും വിഷത്തിനു ഇരകളായവരും അവരെ ശുശ്രൂഷിക്കുകയും പരിപാലിക്കുകയും ചെയ്യുന്നവരും അപമാനിക്കപ്പെട്ടു. നക്കാ പിച്ച കാശിനു വേണ്ടി ഈ നാടിനെ ഒറ്റുകൊടുത്ത ഈ അഭിനവ യൂദാസുമാര്‍ക്ക് എന്ത് ശിക്ഷയാണ് നല്‍കുക....

രാജ്യം ഭരിക്കുന്ന പാര്‍ടിയുടെ സംസ്ഥാന നേതാക്കള്‍ പ്രധാന മന്ത്രിയെ കണ്ടപ്പോള്‍ അദ്ദേഹം പറഞ്ഞത് പഠനം നടക്കുന്നതിന്റെ ഫലം വന്നിട്ട് കാര്യങ്ങള്‍ പരിശോധിക്കാം എന്നാണ്‌. അങ്ങനെ എങ്കില്‍ ഫലം വരും വരെ ഒരു മധ്യമ നിലപാട് അദ്ദേഹം സ്വീകരിക്കേണ്ടേ..... അതിനു പകരം വിഷത്തെ അനുകൂലിക്കുന്ന നിലപാട് എടുത്തത്‌ എന്തിനാണ്...? ഇനി അദ്ദേഹം അയച്ച പ്രതിനിധിയുടെ വാക്കുകള്‍ ലോക രാജ്യങ്ങള്‍ അംഗീകരിച്ചു  ഈ വിഷം നിരോധിക്കാതെ പോകുകയും പിന്നീട് പഠന ഫലം ഈ വിഷ പദാര്‍ത്ഥത്തിനു എതിരായി വരുകയും ചെയ്‌താല്‍ ഇതുപോലെ ഒരു സമ്മേളനം വിളിച്ചുകൂട്ടി മന്‍മോഹന്‍ സിംഗ് ഇത് നിരോധിക്കുമോ....?

മന്‍മോഹന്‍ സിങ്ങും, ശരത് പവാറും, ജയറാം രമേഷും വലിയ വലിയ നേതാക്കള്‍ തന്നെ. ഒപ്പം എന്‍ഡോ സള്‍ഫാന്‍ വിഷത്തെ ന്യായീകരിച്ചു ഈ സമയത്ത് തന്നെ പഠന റിപ്പോര്‍ട്ട് പുറത്തു വിട്ട ഗുജറാത്തിലെ കുപ്രസിദ്ധ കൂട്ടക്കൊല വീരനും. എല്ലാവര്ക്കും തിന്നാന്‍ എന്‍ഡോ സള്‍ഫാന്‍ ഒരുക്കിയ വിചിത്ര ജീവികളുടെ ശരീരങ്ങള്‍ ഇവിടെ ബാക്കിയുണ്ട്... സമ്മേളനങ്ങളും പഠനങ്ങളും പൂര്‍ത്തിയാക്കി ക്ഷീണിച്ചു വരുമ്പോള്‍ കഴിക്കാം. കൂടെ എന്‍ഡോ സള്‍ഫാന്‍ തളിച്ച് വളര്‍ത്തിയ കശുവണ്ടിയും തരാം.

ഒന്ന് മാത്രം പറയട്ടെ. ഈ കൊടിയ വിഷത്തിനു അനുകൂലമായ നിലപാടെടുത്തത് എന്റെ രാജ്യമല്ല. എന്റെ ഇന്ത്യ അല്ല. എന്റെ നേതാക്കളും അല്ല. എന്‍ഡോ യുടെ ഇന്ത്യയാണ് അത്. എന്റെ വോട്ടുകള്‍ വാങ്ങി നേതാക്കള്‍ നോക്കുകുത്തി ജനാധിപത്യം നടത്തുകയാണ്. അതുകൊണ്ടുതന്നെ ഇപ്പോഴത്തേതു ഒരു ജനാധിപത്യ രാജ്യവുമല്ല.

ജനങ്ങള്‍ തിരഞ്ഞെടുത്ത ഒരുകൂട്ടം ആളുകള്‍  ജന വിരുദ്ധമായി കാര്യങ്ങള്‍ ചെയ്യുന്ന ഒരു തരം ആധിപത്യ സംവിധാനം.

Saturday, 23 April 2011

കാളാഞ്ചി മീനും ഈസ്റ്റെര്‍ കച്ചവടങ്ങളും






  കാളാഞ്ചി എന്ന മീനിനു എത്ര പേരുകള്‍ ഉണ്ട്...? പത്തനംതിട്ടയില്‍ പലരോടും ചോദിച്ചിട്ടും വ്യക്തമായ ഒരു ഉത്തരം കിട്ടിയില്ല. കോട്ടയത്ത്‌ കാളാഞ്ചി എന്നും തൊടുപുഴയില്‍ വെള്ള, ഏര എന്നീ പേരുകളിലും അറിയപ്പെടുന്ന മീനാണിതെന്നു ഭാര്യക്കറിയാം. പക്ഷെ ആ മീനിന്റെ പത്തനംതിട്ടയിലെ പേര് എനിക്ക് എത്ര ആലോചിട്ടും പിടികിട്ടിയില്ല. അവസാനം മീന്‍ കണ്ടാല്‍ തിരിച്ചറിയാം എന്ന് ഭാര്യ പറഞ്ഞതനുസരിച്ച് മാര്‍ക്കറ്റില്‍ പോയി ഒരു തിരിച്ചറിയല്‍ പരേഡ് നടത്താമെന്ന് വെച്ചു. ഞങ്ങള്‍ നഗരത്തിലെത്തുമ്പോള്‍ വന്‍ തിരക്ക്. ഉത്രാട പാച്ചില്‍ പോലൊരു ഈസ്റ്റെര്‍ പാച്ചില്‍. മീന്‍ മാര്‍ക്കറ്റില്‍ നില്ക്കാന്‍ സ്ഥലമില്ലാത്ത വിധം ആളുകള്‍ തിങ്ങി നിറഞ്ഞു നിലക്കുന്നു. വറ്റ, ചൂര, നെമ്മീന്‍, തേട്, പൂമീന്‍, തുടങ്ങി "തുണ്ടന്‍" മീനുകള്‍ വാങ്ങാന്‍ ജനങ്ങള്‍ തിങ്ങി നിറഞ്ഞു നില്‍ക്കുന്നു. മത്തി, അയല, കിളി, നെത്തോലി, തുടങ്ങിവ "ദാരിദ്ര്യ രേഖക്ക് താഴെയുള്ള" മീനുകള്‍ക്ക് ഇന്നിത്തിരി ഡിമാണ്ട് കുറവാണെങ്കിലും കച്ചവടം മോശമില്ല. ഞാനും ഭാര്യയും ഒരുവിധം തുണ്ടന്‍ മീനുകള്‍ വില്‍ക്കുന്ന സ്റ്റാളുകളില്‍ വിരല്‍ കുത്തി നിന്നു. നിരത്തിവെച്ചിരിക്കുന്ന വിവിധതരം മീനുകളില്‍ എനിക്ക് പേരറിയാത്ത ഒന്നിനെ ചൂണ്ടി ഭാര്യയോടു ഞാന്‍ ചോദിച്ചു " ഇത് വല്ലതുമാണോ കാളാഞ്ചി..." കണ്ടെട്ടു മനസിലാകുന്നില്ലെന്നു അവള്‍. സംശയത്തോടെ നോക്കുന്നത് കണ്ടാല്‍ സ്കൂളില്‍ എസ്‌ എസ്‌ എല്‍ സി ബുക്കില്‍ രേഖപ്പെടുത്താന്‍ മാഷ് കുട്ടികളുടെ കൈയിലും കാലുകളിലും മറുകുകള്‍ നോക്കുന്നതുപോലെ തോന്നും. എങ്ങാനും മാറിപ്പോയാലോ.........! 
ഇതിനിടയില്‍ നൂറു തവണയെങ്കിലും വില്പനക്കാര്‍ മോനെ, സാറേ, വക്കീലെ, ഏതു മീനാണ് വറ്റ എടുക്കട്ടെ എന്നൊക്കെ വിളിക്കുകയും ചോദിക്കുകയും ചെയ്യുന്നത് ഞാന്‍ അവഗണിച്ചു. ഭാര്യ അവിടിരിക്കുന്ന എല്ലാ മീനുകളും കാളാഞ്ചിയാണെന്ന് പറയും മുന്‍പ് ഞാന്‍ പരിചയമുള്ള മുതലാളിയോട് കാളാഞ്ചി ഏതാണെന്ന് ചോദിച്ചു. അയാള്‍ ഒന്ന് നോക്കി ചിരിച്ചിട്ട് നല്ലത് കൊണ്ടുപോ എന്നും പറഞ്ഞു പൂമീന്‍ വിഭാഗത്തില്‍ പെടുന്ന ഒന്നെടുത്തു വെട്ടാന്‍ കൊടുത്തു. 


ഈ വെട്ടുന്നത് കാളാഞ്ചിയാണോ അല്ലേ എന്നോ ഞാന്‍ ചോദിച്ചിട്ട് അയാള്‍ ഒന്നും പറയാതെ ദൂരെക്കൂടി പോകുന്ന ആളുകളെ അച്ചായ, അമ്മാമേ നല്ല മീന്‍, സുന്ദരന്‍ മീന്‍, കറിവെച്ചാല്‍ വറത്തത് പോലെ തിന്നാം എന്ന് തുടങ്ങി മുള്ളുവെച്ചതും കല്ലുവെച്ചതുമായ പലതും പറഞ്ഞുകൊണ്ടിരുന്നു. അല്‍പ സമയത്തിനകം ഒരു പ്ലാസ്റിക് കവറില്‍ പൊതിഞ്ഞു പേരറിയാത്ത ഒരു മീനിന്റെ ജഡം എനിക്ക് നേരെ നീട്ടി. പിന്നെ അയാള്‍ കാളാഞ്ചി മീന്‍ കാണിച്ചു തന്നു. ഇന്നത്തെ കാളാഞ്ചിയേക്കാള്‍ രുചിയുള്ളതാണ് ഇത് എന്ന് പറഞ്ഞാണ് കവര്‍ നീട്ടിയത്.
 "എത്രയാ" 
 "ഇരുന്നൂറ്റി നാല്പതാ ...." 
"എത്ര വേണം.." 
"കൊട്..." 
അഞ്ഞൂറിന്റെ ഒരു നോട്ടു നല്‍കിയപ്പോള്‍ മുന്നൂറു ബാക്കിതന്നു. നാല്പതു രൂപ ലാഭം കിട്ടിയതിന്റെ അഹങ്കാരം ഉള്ളിലൊളിപ്പിച്ചു പുറത്തിറങ്ങിയപ്പോള്‍ ഞങ്ങള്‍ കയറിയ സ്റ്റാളിന്റെ പങ്കു കച്ചവടക്കാരനായ മറ്റൊരു പരിചയക്കാരനെ കണ്ടു,.... 
" ഇന്നെന്തിനാ മീന്‍ വാങ്ങാന്‍ ഇറങ്ങിയത്‌ ...അട വെച്ച മീനല്ലേ" 
ഭാര്യക്ക്‌ സംശയം " അട വെച്ച മീനോ...?"
 "അതെ, ഇത് ഇന്നും ഇന്നലെയുമൊന്നും പിടിച്ചതല്ല .. ഈസ്റ്റെര്‍ കച്ചവടത്തിനായി ആഴ്ചകള്‍ക്ക് മുന്‍പ് വന്നതലേ..." ചമ്മിയ മുഖവുമായി ഞാനും ഭാര്യയും നില്‍ക്കുമ്പോള്‍ അയാള്‍ പറഞ്ഞു.. " സാരമില്ല, ഇത് കൊണ്ടുപോയി പൊരിച്ചു തിന്നു.. കറി വെച്ചാ പൊടിഞ്ഞു പോകും... ഇനി ഒരാഴ്ച കഴിഞ്ഞു മീന്‍ വാങ്ങാന്‍ ഇറങ്ങിയാല്‍ മതി... വറ്റയുടെ തല തരാം.. കപ്പയും കൂട്ടി കഴിക്കാന്‍ നല്ലതാ.."
 ബര്‍ഗൈന്‍ ചെയ്യാതെ നാല്പതുരൂപ കുറച്ചു തന്നിട്ട് ആദ്യത്തെ പരിചയക്കാരന്‍ ദയനീയമായി നോക്കിയതിന്റെ അര്‍ഥം അപ്പോള്‍ മാത്രമേ പിടി കിട്ടിയുള്ളൂ... മീന്‍ വാങ്ങി പറ്റിയ അമളി ഉള്ളിലൊതുക്കി കുറച്ചു പോത്തിറച്ചി വാങ്ങാമെന്നു കരുതി പരിചയമുള്ള കോള്‍ഡ്‌ സ്റ്റൊരജില്‍ പോയി. പരിചയക്കാരനായ മുതലാളി ആയിരുന്നില്ല കൌണ്ടറില്‍. എങ്കിലും ഒരുകിലോ പോത്തിറച്ചി വാങ്ങി. കല്ല്‌ പ്ലാസ്റ്റിക്‌ കവറില്‍ പൊതിഞ്ഞതുപോലെ ഐസ് പിടിച്ചു ഇറച്ചി ഉറഞ്ഞിരുന്നു. വീട്ടില്‍ കൊണ്ടുപോയി വെള്ളത്തില്‍ ഇട്ടപ്പോള്‍ മുതല്‍ വല്ലാത്ത ദുര്‍ഗന്ധം. ഐസ് ആയി ഇരുന്നതിന്റെ ആയിരിക്കും എന്ന് കരുതി അരിഞ്ഞെടുക്കുമ്പോള്‍ ദുര്‍ഗന്ധം വര്‍ദ്ധിച്ചു വന്നു. ഇറച്ചി ഒത്തിരിക്കാലം മോര്‍ച്ചറിയില്‍ ഇരുന്നതാണെന്ന് പിന്നീട് മനസിലായി. ഉലര്‍ത്തിയ പോത്ത് കഴിക്കാന്‍ കാത്തിരുന്നവര്‍ ദയനീയമായി എന്റെ മുഖത്ത് നോക്കി. കാളാഞ്ചി മീന്‍ കിട്ടാത്തതിന്റെ വിഷമം ഉള്ളിലൊതുക്കിയ ഭാര്യയും വീട്ടുകാരും ഉള്ളില്‍ എന്ത് കരുതി എന്നറിയില്ല. പഴകിയ ഇറച്ചി പൊതിഞ്ഞു കെട്ടി വച്ചിട്ട് ഞാന്‍ കടക്കാരന്റെ മൊബൈല്‍ നമ്പറില്‍ വിളിച്ചു.
 " എവിടെയാ" 
 "കടയിലുണ്ട്‌"
 "ഞാന്‍ അങ്ങോട്ട്‌ വരുന്നു" 
"എത്ര സമയം എടുക്കും...." 
"പത്തു മിനിറ്റ്" 
"ങാ .. ഞാന്‍ കടയില്‍ കാണും" കടയിലെത്തിയ ഉടനെ അയാളെ വിളിച്ചു വെളിയില്‍ ഇറക്കി. എന്റെ കൈ മുഖത്തേക്ക് അടുപ്പിച്ചിട്ട് ചോദിച്ചു 
" വാടയുണ്ടോ.."
 ന്ഗുഹും എന്താ ഇത്... അയാള്‍ മുഖം ചുളിച്ചു. 
 ഞാന്‍ പൊതിഞ്ഞു വച്ചിരുന്ന ഇറച്ചി നീട്ടി.. "രാവിലെ കടയില്‍ നിന്ന് വാങ്ങിയതാ.." 
"ങേ ......ആണോ.. അയ്യോ..അതെങ്ങനെ പറ്റി.... അതിഞ്ഞു താ.. ഞാന്‍ മാറിത്തരാം.." 
ഞാന്‍ പറഞ്ഞു "വേണ്ടാ..." 
"അളിയാ നല്ലത് വന്നിട്ടുണ്ട്." 
"ഇതുപോലത്തെ നല്ലതായിരിക്കും.." 
"അല്ലെന്നേ.... നല്ലത്"  
 "പിന്നെ ഇതോ..."
" അത് ഈസ്റ്റെറിനു വെള്ളമടി പാര്‍ട്ടികള്‍ക്കുള്ളതാ ...ആളറിയാതെ അളിയന് വന്നു പോയതാ...സോറി... "
"എന്തായാലും ഇന്നിനി എനിക്ക് വേണ്ട.. രണ്ടാഴ്ച കഴിഞ്ഞു പുതിയത് വരുമ്പോള്‍ ഞാന്‍ വാങ്ങിക്കോളാം പൈസ കിടക്കട്ടെ.."
  ഇറങ്ങുമ്പോള്‍ ഒന്നുറപ്പിച്ചു ഇനി ഈസ്റ്റെര്‍ ചന്തകള്‍ നമുക്കുള്ളതല്ല എന്ന്. ഓണവും ഈസ്റ്റെര്‍ ഉം പെരുന്നാളും ഒക്കെ വരുമ്പോള്‍ കച്ചവടക്കാര്‍ ഏറ്റവും വലിയ ചൂഷകരായി മാറുന്നു. ജനം എന്ത് നല്‍കിയാലും വാങ്ങുമല്ലോ. ആര്‍ക്കെന്തു സംഭവിച്ചാലെന്തു.. പണം ഉണ്ടാക്കണം എന്ന വിചാരം മുന്നേ നില്‍ക്കുന്നു...    

Monday, 14 March 2011

രാത്രി കാഴ്ചകള്‍

നിശാഗന്ധിക്ക്
നിലാവിന്റെ നിറം..
നിലാവിന്
നിശാഗന്ധിയുടെ മണം.

രാത്രിമഴക്ക്‌
രാപ്പാടിയുടെ ഈണം.
രാപ്പാടിക്ക്
ഇളം കാറ്റിന്റെ താളം

അര്‍ദ്ധ രാത്രിക്ക് ശേഷം
പെയ്ത മഴയില്‍
ചിത്രങ്ങള്‍
മങ്ങി, മാഞ്ഞു.
കാഴ്ചകള്‍
ഉടഞ്ഞു.
ഉടലോടെ
രാതിഗായകര്‍
സ്വര്‍ഗം തേടി പോയെന്നു
രാവിലെ കാക്കകള്‍
വാര്‍ത്ത വായിച്ചു.